കണ്ണൂര്‍: പയ്യന്നൂരിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ മൂന്നുലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കാസര്‍കോട് പിലിക്കോട് മാങ്കടവത്ത് കൊവ്വലിലെ എ. വിനോദ് (41), കയ്യൂര്‍ സ്വദേശിയും തളിപ്പറമ്പിലെ കോര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മാങ്ങോട്ടിടത്ത് അഖില്‍ (35) എന്നിവരെയാണ് പയ്യന്നൂര്‍ പോലീസ് പിടികൂടിയത്.
അഖിലിനെ തളിപ്പറമ്പില്‍നിന്നും വിനോദിനെ കഴിഞ്ഞദിവസം വൈകിട്ട് പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡില്‍നിന്നുമാണ് പിടികൂടിയത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. കവര്‍ച്ച ആസൂത്രണംചെയ്ത മുഖ്യ സൂത്രധാരന്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞമാസം 14-ന് രാത്രിയില്‍ കാറമേലിലെ അല്‍ അമീന്‍ ട്രേഡേഴ്‌സിന്റെ പിന്‍വശത്തെ ചുമര്‍ തുരന്ന് കല്ല് ഇളക്കിമാറ്റി വാതില്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഒന്നര ക്വിന്റല്‍ കുരുമുളക്, നാല് ക്വിന്റല്‍ അടക്ക, ചാക്കുകളില്‍ നിറച്ചുവെച്ചിരുന്ന കൊപ്ര ശേഖരം, അഞ്ച് ബോക്സ് വെളിച്ചെണ്ണ തുടങ്ങി മൂന്നുലക്ഷം രൂപയോളം വരുന്ന സാധനങ്ങളായിരുന്നു നഷ്ടപ്പെട്ടത്.
കവര്‍ച്ചാ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകാനായി ഗാന്ധി പാര്‍ക്കിന് സമീപത്തുള്ള ആക്രിക്കടയില്‍നിന്ന് ഓട്ടോറിക്ഷയും മോഷ്ടിച്ചിരുന്നു. ആക്രിക്കടയുടമയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസിന് സംഭവദിവസം പുലര്‍ച്ചെ രണ്ടരയോടെ ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ഓട്ടോ തള്ളിക്കൊണ്ടുപോകുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കരിവെള്ളൂര്‍ ആണൂരിലെ ആക്രിക്കടക്ക് സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ടനിലയില്‍ ഓട്ടോറിക്ഷ പോലീസ് പിന്നീട് കണ്ടെത്തി.