CrimeNEWS

യുവാവിനെ വാഹനം ഇടിച്ചുവീഴ്ത്തി നിര്‍ത്താതെ പോയി; കടവന്ത്ര എസ്എച്ച്ഒയെ കാസര്‍ഗോട്ടേക്ക് സ്ഥലംമാറ്റി

കൊച്ചി: വാഹനാപകട വിവാദത്തില്‍ കടവന്ത്ര എസ്എച്ച്ഒയെ കാസര്‍ഗോട്ടേക്ക് സ്ഥലം മാറ്റി. എസ്എച്ച്ഒ: ജി.പി മനുരാജിനെ കാസര്‍കോട്ടെ ചന്തേര സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. ഇതു സംബന്ധിച്ചു ഡിജിപി അനില്‍കാന്ത് ഉത്തരവിറക്കി. മനുരാജ് ഓടിച്ച വാഹനം സ്‌കൂട്ടറിലിടിച്ച ശേഷം നിര്‍ത്താതെ പോയത് വിവാദമായിരുന്നു. സംഭവത്തില്‍ കേസെടുത്തതിനു പിന്നാലെയാണ് സ്ഥലം മാറ്റം ഉണ്ടായത്.

ഹാര്‍ബര്‍ പാലത്തിന്റെ പടിഞ്ഞാറേ ഭാഗത്തു കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒന്‍പതരയ്ക്കാണ് സംഭവം. എസ്എച്ച്ഒ ഓടിച്ച കാറിടിച്ചു ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പാണ്ടിക്കുടി ഇല്ലിപ്പറമ്പില്‍ വിമല്‍ ജോളി (29) ക്കാണ് പരിക്കേറ്റത്. കാറുടമയായ വനിതാ ഡോക്ടറായ സുഹൃത്തും ഈ സമയം വാഹനത്തില്‍ ഉണ്ടായിരുന്നു. അപകടത്തിനു പിന്നാലെ എസ്എച്ച്ഒ കാര്‍ നിര്‍ത്താതെ സ്ഥലംവിടുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ യുവാക്കള്‍ വാഹനത്തെ പിന്തുടര്‍ന്ന് തടഞ്ഞെങ്കിലും പോലീസ് എത്തി പോകാന്‍ അനുവദിച്ചു.

പരിക്കേറ്റ വിമല്‍ പിറ്റേന്നു തോപ്പുംപടി സ്റ്റേഷനിലെത്തി പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതു വിവാദത്തിനു വഴിവെച്ചതോടെ ഒടുവില്‍ കേസെടുത്തു. എന്നാല്‍, പ്രതിയായ എസ്എച്ച്ഒയുടെ പേരു പരാമര്‍ശിക്കാതെയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. അപകടം ഉണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍ എന്നു മാത്രമാണ് എഫ്‌ഐആറില്‍ പരാമര്‍ശിച്ചിരുന്നത്. പരിക്കേറ്റ യുവാവിന്റെ മൊഴിയില്‍ പ്രതിയുടെ പേര് പറയാത്തതിനാലാണ് എഫ്‌ഐആറില്‍ പരാമര്‍ശിക്കാത്തതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാല്‍, ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ എസ്എച്ച്ഒയ്‌ക്കെതിരേ പോലീസ് കേസെടുത്തു.

വിവാദമായ അപകടം അന്വേഷിക്കാന്‍ മട്ടാഞ്ചേരി എസിപി: കെ.ആര്‍ മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയും നിയോഗിച്ചു. പ്രത്യേക സംഘം പരിക്കേറ്റ വിമലില്‍ നിന്നും എസ്എച്ച്ഒ: മനുരാജില്‍ നിന്നും കാറുടമയില്‍നിന്നും ദൃക്‌സാക്ഷികളില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തും. കേസെടുക്കാന്‍ തോപ്പുംപടി പോലീസ് വിമുഖത കാട്ടിയെന്ന ആരോപണവും അന്വേഷിക്കും.

 

 

Back to top button
error: