KeralaNEWS

വീണ്ടും കാറ്റ്;മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലായി പത്തോളം വീടുകള്‍ തകര്‍ന്നു

ആലപ്പുഴ: ഒരാഴ്ച മുൻപ് കാറ്റ് നാശം വിതച്ച മാവേലിക്കര,കാർത്തികപ്പള്ളി മേഖലകളിൽ വീണ്ടും കാറ്റിന്റെ പ്രഹരം.കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലായി പത്തോളം വീടുകളാണ് തകര്‍ന്നത്.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ശക്തമായ മഴയും കാറ്റുമുണ്ടായത്. നിരവധി മരങ്ങള്‍ ശക്തമായ കാറ്റില്‍ കടപുഴകി. കാര്‍ത്തികപ്പള്ളി താലൂക്കിലെ കുമാരപുരം വില്ലേജില്‍ പുളിമൂട്ടില്‍ ജഗദീശൻ, 18ല്‍പറമ്ബില്‍ ഗീത എന്നിവരുടെ വീട് മരം വീണ് പൂര്‍ണമായും തകര്‍ന്നു. മാവേലിക്കര, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലായി പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കാര്‍ത്തികപ്പള്ളി താലൂക്കിലാണ് കൂടുതല്‍ നാശമുണ്ടായത്.

 

കാര്‍ത്തികപ്പള്ളി അഞ്ചും മാവേലിക്കരയില്‍ മൂന്നും കുട്ടനാട്ടില്‍ രണ്ടും വീടുകള്‍ക്ക് നാശം സംഭവിച്ചു. ശക്തമായ കാറ്റില്‍ വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. നെല്‍ ഉള്‍പ്പടെയുള്ള കൃഷികള്‍ക്ക് നാശമുണ്ടായി. പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി.

ലൈനിലേക്ക് മരം ഒടിഞ്ഞു വീണ് വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചതോടെ കാര്‍ത്തികപ്പള്ളി, അമ്ബലപ്പുഴ താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണവും മുടങ്ങി. തണല്‍മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്സ് എത്തി മുറിച്ചു നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. റവന്യു, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ നാശനഷ്ടം തിട്ടപ്പെടുത്തിവരികയാണ്.
അതേസമയം കാറ്റിൽ മരം വീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.ചിങ്ങോലി വില്ലേജില്‍ സുന്ദര ഭവനത്തില്‍ ഗഗൻ (16), പുഷ്പാലയത്തില്‍ രാഹുല്‍ കൃഷ്ണ (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗഗന്റെ പരിക്ക് ഗുരുതരമായതിനാല്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇരുവരും സൈക്കിളില്‍ സഞ്ചരിക്കവെ മരം വീണാണ് പരിക്കേറ്റത്. ഗഗൻ പ്ളസ് വണ്ണുംരാഹുല്‍ കൃഷ്ണ പത്താംക്ളുസും വിദ്യാര്‍ത്ഥികളാണ്.

Back to top button
error: