KeralaNEWS

കോട്ടയംകാരി ഗഹന നവ്യ ജയിംസിന് സിവിൽ അഖിലേന്ത്യ  സർവീസ് പരീക്ഷയിൽ ആറാം റാങ്ക്

കോട്ടയം :  അപ്രതീക്ഷിത വിജയമാണ് ലഭിച്ചതെന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ കോട്ടയം പാലാ സ്വദേശിനി ഗഹന നവ്യ ജയിംസ്. പരീക്ഷയ്ക്കായി പരിശീലന കേന്ദ്രങ്ങളെ ആശ്രയിച്ചില്ലെന്നും തനിച്ചായിരുന്നു തയാറെടുപ്പെന്നും ഗഹന മാധ്യമങ്ങളോട് പറഞ്ഞു. വലിയ വിജയത്തില്‍ സന്തോഷമുണ്ടെന്നും കുടുംബം ഉറച്ച പിന്തുണയാണ് നല്‍കിയതെന്നും ഗഹന കൂട്ടിച്ചേര്‍ത്തു.
എം ജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ് 25 വയസ്സുകാരിയായ ഗഹന. പാലാ ചാവറ പബ്ലിക് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പാലാ സെന്റ് മേരീസ് സ്കൂളിൽ പ്ലസ് റ്റൂ പൂർത്തിയാക്കിയ ഗഹന, പാലാ അൽഫോൻസാ കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബി എ ഹിസ്റ്ററി പാസായി. തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽ നിന്ന് എം എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി. യു ജി സി നാഷണൽ റിസർച്ച് ഫെലോഷിപ്പ് സ്വന്തമാക്കി.
പാലാ സെന്റ് തോമസ് കോളജ് റിട്ടയേർഡ് ഹിന്ദി പ്രൊഫസർ  സി കെ ജയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്‍റെയും മകളും,  ഇപ്പോഴത്തെ ജപ്പാൻ അംബാസഡറും മുൻ കുവൈറ്റ്‌ അംബാസഡറുമായിരുന്ന സിബി ജോർജിന്‍റെ അനന്തരവളുമാണ് ഗഹന നവ്യ ജയിംസ്.
റാങ്ക് പട്ടികയില്‍ ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. പാലാ സ്വദേശിനി ഗഹനാ നവ്യ ജെയിംസ് ആറാം റാങ്ക് നേടിയപ്പോൾ മറ്റൊരു മലയാളിയായ ആര്യ വി എം 36-ാം റാങ്കും കരസ്ഥമാക്കി.അനൂപ് ദാസ് 38-ാം റാങ്കും ഗൗതം രാജ് 63-ാം റാങ്കും നേടി.ആദ്യ നൂറിൽ ഇടംപിടിച്ച മലയാളികളാണ് ഇവർ.

Back to top button
error: