KeralaNEWS

കേരളത്തെ അടയാളപ്പെടുത്തിയ കോവളത്തെ ബീച്ചുകൾ

ന്താരാഷ്ട്ര ടൂറിസം മാപ്പിൽ കേരളത്തിന്റെ ആദ്യ അടയാളമാണ് കോവളം ബീച്ച്.പിന്നീടാണ് കുമരകവും മൂന്നാറുമൊക്കെ കടന്നുവരുന്നത്.കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് സുരക്ഷിതമായി ഇറങ്ങുവാൻ സാധിക്കുന്ന തരത്തിൽ ആഴം കുറഞ്ഞ കടലാണ് കോവളത്തുള്ളത്.അതുതന്നെയാണ് ഇവിടുത്തെ പ്രത്യേകതയും.
ഒന്നല്ല, ഒരുപാട് ബീച്ചുകളാണ് കോവളത്തും ചുറ്റുമായുള്ളത്.അവ ഏതൊക്കെയാണെന്നും എന്തൊക്കെയാണ് പ്രത്യേകതകളെന്നും നോക്കാം.

കോവളം ബീച്ച്

രാവുറങ്ങാത്ത,ആഘോഷങ്ങളവസാനിക്കാത്ത ഇടമാണ് കോവളം ബീച്ചും പരിസരവും.സഞ്ചാരികൾ എന്തൊക്കെ ആഗ്രഹിക്കുന്നുവോ അതെല്ലാം ഇവിടെയുണ്ട്.ചിലവ് കുറഞ്ഞ താമസസൗകര്യങ്ങൾ , ഏറ്റവും മികച്ച കടൽക്കാഴ്ച നല്കുന്ന കോട്ടേജുകളും റിസോർട്ടുകളും, ആയുർവേദ, മസാജ് സെന്ററുകൾ ഉൾപ്പെടെ എല്ലാം ഇവിടെയുണ്ട്. ബ്രീട്ടീഷുകാരാണ് ഒരു സാധരണ മത്സ്യബന്ധന ഗ്രാമമമായിരുന്ന കോവളത്തിനെ ഇന്നു കാണുന്ന അന്താരാഷ്ട്ര നിലവാരമുള്ള ബീച്ചാക്കി മാറ്റിയത്. നവംബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം.

ത്രീ ക്രസന്‍റ് ബീച്ച്

കോവളത്തെ കാഴ്ചകളിൽ ഏറ്റവും കൂടുതൽ ആകർഷണീമായിട്ടുള്ളതാണ് ഇവിടുത്തെ മൂന്നു ബീച്ചുകൾ ചേരുന്ന ത്രീ ക്രസന്‍റ് ബീച്ചുകൾ.ഹവാ ബീച്ച്,ലൈറ്റ്ഹൗസ് ബീച്ച്, സമുദ്ര ബീച്ച് എന്നീ മൂന്നു ബീച്ചുകളെയാണ് ക്രസന്‍റ് ബീച്ചെന്നു പറയുന്നതെങ്കിലും ഇവ മൂന്നൂം ചേരുന്നതാണ് ശരിക്കും കോവളം ബീച്ച്. ഇത് കൂടാതെ കോവളം ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന അശോക ബീച്ചും ഇവിടെയുണ്ട്. പേരുപോലെതന്നെ ചന്ദ്രക്കലയുടെ ആകൃതിയിൽ കിടക്കുന്ന ബീച്ചുകൾ പാറക്കെട്ടുകളാൽ വിഭജിക്കപ്പെട്ടുകിടക്കുന്നു.

ഹണിമൂൺ ആഘോഷിക്കുന്നവർ ഏറ്റവും കൂടുതൽ  തിരഞ്ഞെടുക്കാറുള്ള ബീച്ചാണ് സമുദ്ര.മറ്റു ബീച്ചുകളെ അപേക്ഷിച്ച് ബഹളങ്ങൾ കുറവാണെന്നതാണ് സമുദ്ര ബീച്ചിന്റെ പ്രത്യേകത.

കോവളത്തെ ഏറ്റവും ജനപ്രിയ ബീച്ചാണ് ലൈറ്റ് ഹൗസ് ബീച്ച്. തിരുവനന്തപുരത്തിന്റെ കടൽത്തീരം ശരിയായി ആസ്വദിക്കുവാനും വിശാലമായ കടൽക്കാഴ്ചകൾ കാണുവാനും പറ്റിയ ഒരിടമാണിത്. ഇവിടെ ലൈറ്റ് ഹൗസിനു മുകളിൽ കയറി നിന്നുകൊണ്ടുള്ള കടൽക്കാഴ്ച മറ്റൊരു  യാത്രാനുഭവമാണ്.

ഇന്ത്യൻ കടൽത്തീരങ്ങളിലെ ബ്യൂട്ടി ഹബ്ബാണ് കോവളത്തെ ഹവ്വാ ബീച്ച്. മുമ്പ് നിരവധി യൂറോപ്യന്‍ വനിതകള്‍ ഇവിടെ ടോപ് ലെസായി കുളിച്ചിരുന്നു. അങ്ങനെയാണ് ഹവ്വാ ബീച്ചിന് ഈ പേര് വന്നതെന്ന് ഒരു കഥയുണ്ട്.കൂടുതലും വിദേശികളാണ് ഈ ബീച്ചിലുണ്ടാകുക.

വിഴിഞ്ഞം ഹാർബർ

കോവളം യാത്രയിൽ ഉൾപ്പെടുത്തുവാൻ പറ്റിയ മറ്റൊരു സ്ഥലമാണ് രണ്ടു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം. പരമ്പരാഗത മത്സ്യ ബന്ധന ഗ്രാമമായ ഇവിടം ഇന്ന് തിരുവനന്തപുരത്തെ തിരക്കേറിയ മത്സ്യബന്ധന തുറമുഖം കൂടിയാണ്. വിഴിഞ്ഞം ഫിഷിങ് ഹാർബര്‌ എന്നാണിത് അറിയപ്പെടുന്നത്. ചരിത്രപരമായി ഒരുപാട് പ്രാധാന്യമുള്ള ഈ ബീച്ച് അത്തരം കാഴ്ചകളും കാണാനുണ്ട്. വിഴിഞ്ഞം ഗുഹാ ക്ഷേത്രം, സെന്റ് മേരിസ് കത്തോലിക്കാ പള്ളി, മുസ്ലിം പള്ളി,മറൈന്‍ അക്വേറിയം എന്നിവ ഇവിടെ കാണാം.

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്നതും പേരുകേട്ടതുമായ ലൈറ്റ് ഹൗസുകളിലൊന്നാണ് വിഴി‍ഞ്ഞം ലൈറ്റ് ഹൗസ്.കോവളത്തെ കാഴ്ചാ വിസ്മയങ്ങളിലൊന്നായ ഇവിടം കോവളത്തെത്തുന്നവർ വിട്ടുപോകാതെ വന്നെത്തുന്ന സ്ഥലം കൂടിയാണ്.കോവളം ബീച്ചിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു എന്നതും ഇവിടേക്ക് കൂടുതൽ സന്ദർശകരെ എത്തിക്കുന്നു.കോവളം ലൈറ്റ് ഹൗസിന് മുകളിൽ കയറിയാൽ ബീച്ച്, എടക്കല്ലു പാറക്കൂട്ടങ്ങൾ, ഈവ്സ് ബീച്ച് അഥവാ ഹവാ ബീച്ച് തുടങ്ങിയവ കാണാം.

രാവിലെ 10.00 മുതല്‍ 12.45 വരെയും ഉച്ചകഴിഞ്ഞ് 2.00 മുതല്‍ 5.45 വരെയുമാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഇവിടെ അവധിയായിരിക്കും.

ചൊവ്വര ഗ്രാമം

വിഴിഞ്ഞത്തിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു മത്സ്യബന്ധന ഗ്രാമമാണ് ചൊവ്വര.നീണ്ടുകിടക്കുന്ന കടൽത്തീരമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. തീർത്തും ആളുകളില്ലാത്തതും തിരക്ക് അനുഭവപ്പെടാത്തതുമായ ഈ ഗ്രാമത്തില്‍ നിങ്ങൾക്ക് മറ്റൊരിടത്തും ലഭിക്കാത്ത ശാന്തത അനുഭവിക്കാം. കോവളം-പൂവാര്‍ തീരദേശ പാതയുടെ തെക്കേ അറ്റത്താണ് ചൊവ്വര.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: