തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്ഐ ആള്‍മാറാട്ടം മാനേജ്മെന്റ് അന്വേഷിക്കും. മൂന്നംഗ സമിതിയാകും അന്വേഷിക്കുക. മാനേജര്‍ അടക്കം മൂന്നുപേരാണ് സമിതിയാണ് അന്വേഷിക്കുക. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കോളജ് പ്രിന്‍സിപ്പലിനെതിരായ സസ്പെന്‍ഷനില്‍ തീരുമാനം ഉണ്ടാകുക.
ഇന്നലെ ചേര്‍ന്ന കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രഫ. ഷൈജുവിനെ പദവിയില്‍ നിന്നും മാറ്റാന്‍ തീരുമാനമെടുത്തിരുന്നു. കൂടുതല്‍ തുടര്‍നടപടികള്‍ ഷൈജുവിനെതിരേ സ്വീകരിക്കാനും സര്‍വകലാശാല സിന്‍ഡിക്കേറ്റും വൈസ് ചാന്‍സലറും കോളജ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ വേണമെന്നാണ് സര്‍വകലാശാല നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. ആള്‍മാറാട്ടത്തില്‍ കടുത്ത നടപടി ഉണ്ടായില്ലെങ്കില്‍ കോളജിനെതിരേ നടപടിയിലേക്ക് കടക്കുമെന്നും സര്‍വകലാശാല സൂചിപ്പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ആള്‍മാറാട്ട വിഷയത്തില്‍ മാനേജര്‍ അടക്കമുള്ള സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായി സിഎസ്ഐ സഭ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
ഒരാഴ്ചയ്ക്കകം സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. തെറ്റു ചെയ്ത ഒരാളെയും സംരക്ഷിക്കില്ലെന്നും സിഎസ്ഐ സഭാ മാനേജ്മെന്റ് സൂചിപ്പിക്കുന്നത്. ആള്‍മാറാട്ട സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് സര്‍വകലാശാലയും അറിയിച്ചിട്ടുണ്ട്.
കോളജില്‍ നിന്നും യുയുസിയായി വിജയിച്ച വിദ്യാര്‍ത്ഥിനിയെ മാറ്റി, എസ്എഫ്ഐ ഏരിയാ സെക്രട്ടറി വിശാഖിനെ തിരുകി കയറ്റിയതാണ് വിവാദമായത്. സംഭവത്തില്‍ കെഎസ് യു ഡിജിപിക്ക് പരാതി നല്‍കിയിട്ട് അഞ്ചുദിവസം കഴിഞ്ഞെങ്കിലും ഇതുവരെ പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.