KeralaNEWS

അടികൊണ്ട പോലീസുകാർ അത്യാഹിത വിഭാഗത്തിന്റെ വാതിൽ പൂട്ടി; ഡോക്ടർ മരിക്കാനുള്ള കാരണം അതാണ്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്രൈവർ

കൊട്ടാരക്കര:അടികൊണ്ട പോലീസുകാർ അത്യാഹിത വിഭാഗത്തിന്റെ വാതിൽ പൂട്ടിയതാണ് ഡോക്ടർ കൊല്ലപ്പെടാൻ കാരണമെന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ രാജേഷ്.
മുറിവിൽ മരുന്നുവയ്ക്കവെ ചാടിയെഴുന്നേറ്റ സന്ദീപ് ആദ്യം ചവിട്ടിവീഴ്ത്തിയത് ബന്ധുകൂടിയായായ രാജശേഖരൻ പിള്ളയെ ആയിരുന്നു. ഇതുകണ്ട് ഓടിയെത്തിയ നാട്ടുകാരനും സി.പി.എം. ഓടനാവട്ടം എൽ.സി. അംഗവുമായ ബിനുവിന്റെ കഴുത്തിനും വയറിനും കുത്തി.ബഹളംകേട്ട് ഓടിയെത്തിയ പൂയപ്പള്ളി സ്റ്റേഷനിലെ ഹോം ഗാർഡ് അലക്സ്‌കുട്ടിയുടെ തലയിൽ ചവിട്ടിവീഴ്ത്തി.ഇതു കണ്ടുകൊണ്ടാണ്  അകത്തേക്ക് ഓടിച്ചെന്നതെന്നും അടുത്തെത്തിയപ്പോഴാണ് കത്രിക ഉപയോഗിച്ചാണ് കുത്തുന്നതെന്ന് മനസ്സിലായതെന്നും രാജേഷ് പറഞ്ഞു.
 കുത്തുകൊണ്ടവരെല്ലാം പുറത്തേക്കോടി. തടയാൻ ശ്രമിച്ച തന്റെ കൈയിലും അക്രമി കുത്തിയതോടെ പിന്നോട്ടു മാറി. അതേസമയം ഓടിയെത്തിയ ഗ്രേഡ് എസ്.ഐ. ബേബി മോഹനനു നേരേ പ്രതി തിരിഞ്ഞു. കസേരയെടുത്ത് എസ്.ഐ.യെ അടിച്ചെങ്കിലും ഒഴിഞ്ഞുമാറി. നിലത്തുവീണ എസ്.ഐ.യെ പലതവണ കുത്തിയെങ്കിലും ഉരുണ്ടുമാറി രക്ഷപ്പെട്ടു.ശബ്ദംകേട്ട് ഓടിയെത്തിയ എയ്‌ഡ് പോസ്റ്റ് എ.എസ്.ഐ. മണിലാലിനു നേരേയായി അതിക്രമം. ഒ.പി. കൗണ്ടറിനോടു ചേർത്തുനിർത്തി എസ്.ഐ.യുടെ തലയിൽ കുത്തി. ഇതോടെ പ്രാണരക്ഷാർഥം പുറത്തേക്കോടിയ പോലീസുകാർ പുറത്തുനിന്ന് അത്യാഹിതവിഭാഗത്തിലേക്കുള്ള വാതിൽ പൂട്ടുകയായിരുന്നുവെന്നും രാജേഷ് പറഞ്ഞു.
വാതിൽ അടഞ്ഞതോടെ  അത്യാഹിതവിഭാഗത്തിനുള്ളിൽ അക്രമിക്കു മുമ്പിൽ അകപ്പെട്ട നഴ്‌സിങ് ജീവനക്കാരായ രമ്യ, അനില, നഴ്‌സ് ജോൺസി, നഴ്‌സിങ് അസിസ്റ്റന്റ് ജയന്തി, ഗ്രേഡ് ടു അസിസ്റ്റന്റ് മിനിമോൾ എന്നിവരെ രാജേഷ് മുറികളിലൊന്നിൽ കയറ്റി സുരക്ഷിതരാക്കി.ബഹളംകേട്ടു പുറത്തേക്കിറങ്ങിയ ഹൗസ് സർജൻ വന്ദനയോട് അരുതെന്നു വിളിച്ചുപറഞ്ഞെങ്കിലും ശ്രദ്ധിച്ചില്ല. ഡോക്ടർക്കുനേരേ പാഞ്ഞടുത്ത സന്ദീപ് തലങ്ങും വിലങ്ങും കുത്തുകയായിരുന്നു.സുഷുമ്‌നാനാഡിവരെ തുളച്ച ഈ കുത്താണ് ഡോക്ടറുടെ മരണത്തിനു കാരണമായതെന്നും രാജേഷ് പറഞ്ഞു.

Back to top button
error: