ലാഹോര്‍: ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് തലവനും ഭീകരവാദിയുമായ പരംജിത് സിങ് പഞ്ച്വാര് ( മാലിക് സര്‍ദാര്‍ സിങ്) ശനിയാഴ്ച രാവിലെ പാകിസ്ഥാനില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ലഹോറിലെ ജോഹര്‍ ടൗണിലെ സണ്‍ഫ്ളവര്‍ സിറ്റിക്ക് സമീപത്തെ വീട്ടിലേക്ക് അംഗരക്ഷകരുടെ കൂടെ നടക്കുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. രാവിലെ ആറിന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പരംജിത് സിങ്ങിനെ ആക്രമിച്ചത്. സംഭവത്തില്‍ അംഗരക്ഷകര്‍ക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡ്രോണ്‍ ഉപയോഗിച്ച് പാകിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് ലഹരികടത്തും ആയുധകടത്തും നടത്തിയിരുന്ന വ്യക്തിയാണ് കൊല്ലപ്പെട്ട പരംജിത് സിങ്. 1986 ലാണ് സഹകരണ ബാങ്ക് ജീവനക്കാരനായ പരംജിത് സിങ് ബന്ധുവായ ലഭ് സിങ്ങിന്റെ പ്രേരണയാല്‍ ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സില്‍ അംഗത്വമെടുക്കുന്നത്.
1990 ല്‍ ഇന്ത്യന്‍ സുരക്ഷാ സേന ലഭ് സിങ്ങിനെ വധിച്ചതോടെ പരംജിത് സിങ് ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സിന്റെ നേതൃത്വം ഏറ്റെടുത്തു. ‘മോസ്റ്റ് വാണ്ടഡ് ഭീകരരുടെ’ പട്ടികയിലുള്ള പരംജിത് സിങ്ങിനെ പാകിസ്ഥാന് സംരക്ഷിക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. അതിര്‍ത്തി വഴിയുള്ള ആയുധക്കടത്തും ലഹരിക്കടത്തും ഉപയോഗിച്ചാണ് ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സിന് ആവശ്യമായ ധനസമാഹരണം പരംജിത് സിങ് നടത്തിയിരുന്നത്. പരംജിത് സിങ് പാകിസ്ഥാനില്‍ ഇല്ലെന്നാണ് പാക് സര്‍ക്കാര്‍ തുടര്‍ച്ചയായി പറഞ്ഞിരുന്നത്. ലഹോറിലാണ് പരംജിത് സിങ് താമസിച്ചിരുന്നതെങ്കിലും ഭാര്യയും മക്കളും ജര്‍മ്മനിയിലേക്ക് താമസം മാറ്റിയിരുന്നു.