പാലാ: ജോഷി ചിത്രം ആന്റണിയുടെ ചിത്രീകരണത്തിനെതിരെ മുഖ്യമന്ത്രിക്ക് പാലാ നഗരസഭയുടെ പരാതി. ജോഷി സംവിധാനം ചെയ്യുന്ന ആന്റണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തടയണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. പൊതുജനങ്ങള്‍ക്കും വാഹനഗതാഗതത്തിനും തടസം സൃഷ്ടിക്കുന്നതായി പരാതി. സബ് ജയിലില്‍ അനധികൃതമായി ചിത്രീകരണം നടത്തിയെന്നും നഗരസഭ പരാതിയില്‍ ഉന്നയിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള സിനിമയുടെ ചിത്രീകരണത്തിന് നഗരസഭ അനുമതി നിഷേധിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആര്‍.ഡി.ഓയോട് വിശദീകരണം തേടിയിരിക്കുകയാണ്. പാലായില്‍ വെള്ളിയാഴ്ച വൈകിട്ട് നടത്തിയ ഷൂട്ടിംഗിനെതിരെയാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്.
സബ്ജയില്‍ റോഡ് ഷൂട്ടിംഗിന് അനുവദിക്കണമെന്ന അനുവദിക്കണമെന്ന കത്ത് കഴിഞ്ഞദിവസം നഗരസഭയില്‍ ലഭിച്ചിരുന്നു. സ്‌പെഷ്യല്‍ കൗണ്‍സില്‍ കൂടിയാണ് ഇതിന് അനുമി നല്‍കിയത്. പൊതുജനങ്ങള്‍ക്കും വാഹനയാത്രയ്ക്കും തടസ്സം സൃഷ്ടിക്കാതെ ഷൂട്ടിംഗിന് അനുമതിയും നല്‍കി. എന്നാൽ നഗരസഭ പറഞ്ഞ വ്യവസ്ഥകൾ സിനിമ സംഘം ലംഘിച്ചെന്ന് നഗരസഭ അധ്യക്ഷ വ്യക്തമാക്കി. പാലാ സബ് ജയിലിന്റെ ബോർഡ് മാറ്റിയും ചിത്രീകരണം നടന്നെന് പരാതിയിൽ പറയുന്നു. കാരവാനുകളും ജനറേറ്റര്‍ വാഹനങ്ങളും അടക്കം ഇടുങ്ങിയ റോഡിലെത്തിച്ച് ഗതാഗതം ബ്ലോക്ക് ചെയ്താണ് ഷൂട്ടിംഗ് തുടങ്ങിയത്. ബൈപ്പാസില്‍ നിന്നും കട്ടക്കയം റോഡില്‍ നിന്നും എത്തിയ വാഹനങ്ങള്‍ കുടുങ്ങിയതോടെ വലിയ ഗതാഗതക്കുരുക്കിനും ഇത് കാരണമായി. ജയിലിന് തൊട്ടുചേര്‍ന്നുള്ള സിവില്‍ സ്‌റ്റേഷന്റെ പ്രവര്‍ത്തനത്തെയും ഷൂട്ടിംഗ് ബാധിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ആര്‍ഡി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസ് സമയം കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരും കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടി.
പൊറിഞ്ചു മറിയം ജോസ് എന്ന വിജയ ചിത്രത്തിനു ശേഷം ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍റണി. ലേലം കുരിശടി എന്നറിയപ്പെടുന്ന വെള്ളിക്കുളം കുരിശടി, വാഗമൺ എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകൾ. പൊറിഞ്ചു മറിയം ജോസിലെ മറ്റു ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച നൈല ഉഷയും ചെമ്പന്‍ വിനോദ് ജോസും ഈ ചിത്രത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുരേഷ് ഗോപി നായകനായ പാപ്പന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഇത്. വിജയരാഘവന്‍, കല്യാണി പ്രിയദര്‍ശന്‍, ആശ ശരത്ത് എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉണ്ട്. ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.