KeralaNEWS

വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്ക്; കഴുത്തില്‍ കോളര്‍ ഐഡിയെന്ന് സൂചന

വയനാട്: വാകേരി ഗാന്ധിനഗറില്‍ കരടിയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്ക്. വാകേരി ഗാന്ധിനഗര്‍ കുമ്പിക്കല്‍ അബ്രഹാം (67)നാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ അബ്രഹാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആള്‍ താമസമില്ലാത്ത പഴയ വീടിനകത്ത് വെച്ചായിരുന്നു കരടിയുടെ ആക്രമണം. കരടിയുടെ കഴുത്തില്‍ കോളര്‍ ഐഡി (തിരിച്ചറിയാനുള്ള ടാഗ്) ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കരടിയെ മറ്റു സ്ഥലങ്ങളില്‍ നിന്നും പിടികൂടി ഇവിടേക്ക് കൊണ്ട് വിട്ടതാണോയെന്നാണ് നാട്ടുകാരുടെ സംശയം. പ്രദേശത്ത് മാസങ്ങളായി കരടിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഗാന്ധിനഗറിനൊപ്പം തന്നെ സമീപ പ്രദേശങ്ങളായ പൂതാടി ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നേരത്തെ തന്നെ കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വാകേരി, പാലക്കുറ്റി, ചേമ്പുംകൊല്ലി എന്നിവിടങ്ങളില്‍ നിരവധി പേര്‍ കരടിയെ നേരില്‍ കണ്ടിരുന്നു.

Signature-ad

അടിക്കടി കരടിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയിലായിരുന്നു. ചില വീടുകളുടെ വാതില്‍ക്കലും മറ്റും രാത്രി സമയത്ത് കരടിയെ കണ്ടവരുമുണ്ടായിരുന്നു. അടിയന്തര നടപടി ആവശ്യപ്പെട്ട് വനം വകുപ്പിന് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ തുടര്‍നടപടികളൊന്നുമുണ്ടായില്ല. ദിവസങ്ങള്‍ക്ക് മുമ്പ് സമീപപ്രദേശമായ ചീയമ്പം 73 ല്‍ കരടിയെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.

Back to top button
error: