ഖാര്‍ത്തൂം: സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ മലയാളി കൊല്ലപ്പെട്ടു. വിമുക്ത ഭടനായ കണ്ണൂര്‍ ആലക്കോട് ആലവേലില്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന് (48) ആണ് മരിച്ചത്. വിമുക്തഭടനായ ആല്‍ബര്‍ട്ട് ആറു മാസമായി അവിടെ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയെന്ന് ബന്ധുക്കള്‍ പറയുന്നു.
ഇന്നലെ രാത്രിയാണ് സംഭവം. ആല്‍ബര്‍ട്ട് താമസിച്ചിരുന്ന ഫ്ളാറ്റിലെ ജനല്‍ വഴിയാണ് വെടിയേറ്റത്. രണ്ടാഴ്ച മുന്‍പ് ഭാര്യ സൈബല്ലയും ഇളയ മകള്‍ മരീറ്റയും അവധിക്കാലം ചെലവിടാനായി ഇവിടെ എത്തിയിരുന്നു. ഇവര്‍ സുരക്ഷിതരാണ്. മൂവരും നാട്ടിലേക്കു മടങ്ങാന്‍ ഇരിക്കെയാണു സംഭവം. അഗസ്റ്റിനാണ് ആല്‍ബര്‍ട്ടിന്റെ പിതാവ്. മാതാവ് മേഴ്സി. മകന് ഓസ്റ്റിന്‍ കാനഡയിലാണ്.
കഴിഞ്ഞ ദിവസം സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 25 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 183 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യവും അര്‍ദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോര്‍ഴ്സുമാണ് ശനിയാഴ്ച ഏറ്റുമുട്ടിയത്. ഖാര്‍ത്തൂം വിമാനത്താവളത്തില്‍ വെച്ച് സൗദി അറേബ്യന്‍ എയര്‍ലൈന്‍സായ സൗദിയ വിമാനത്തിന് വെടിയേറ്റിറ്റു. യാത്രക്കാരുമായി റിയാദിലേക്ക് പുറപ്പെടാനിരിക്കെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാബിന് ക്രൂവടക്കമുള്ളവരെ സുഡാനിലെ സൗദി എംബസിയിലേക്ക് സുരക്ഷിതമായി മാറ്റിയെന്ന് സൗദിയ പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് സുഡാനിലേക്കുള്ള വിമാന സര്‍വീസുകള്‍ പല രാജ്യങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്.