CrimeNEWS

അധ്വാനിച്ച് ജീവിക്കുന്ന കള്ളന്‍! വാതില്‍ തുറന്ന് കിടന്നാലും ‘സ്‌പൈഡര്‍മാന്’ താല്‍പര്യമില്ല

തിരുവനന്തപുരം: ഇരുന്നൂറോളം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ‘സ്പൈഡര്‍മാന്‍ ബാഹുലേയന്‍’ പോലീസിന്റെ പിടിയില്‍. വെള്ളായണിയില്‍നിന്നാണ് വഞ്ചിയൂര്‍ പോലീസ് ഇയാളെ പിടികൂടിയത്. അടുത്തിടെ തിരുവനന്തപുരം നഗരത്തിലെ വിവിധയിടങ്ങളില്‍ നടന്ന അനവധി മോഷണങ്ങളില്‍ ബാഹുലേയന്‍ പ്രതിയാണെന്നും സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്നും പോലീസ് പറഞ്ഞു.

രണ്ടുമാസമായി നഗരത്തിലെ വിവിധയിടങ്ങളില്‍ മോഷണങ്ങള്‍ പതിവായതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ബാഹുലേയനാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. ഇയാള്‍ വെള്ളായണി ഭാഗത്താണുള്ളതെന്നും അന്വേഷണത്തില്‍ വ്യക്തമായി. വെള്ളായണിയിലേക്ക് രാത്രി ബൈക്കിലെത്തുന്ന ബാഹുലേയന്‍, ബൈക്ക് ഇവിടെ നിര്‍ത്തിയിട്ടശേഷമാണ് നഗരത്തില്‍ മോഷണത്തിനിറങ്ങാറുള്ളത്. പിന്നീട് മോഷണം കഴിഞ്ഞശേഷം തിരികെ ഇവിടെയെത്തി ബൈക്കുമായി മടങ്ങും. ഇക്കാര്യം മനസിലാക്കിയ പോലീസ് സംഘം ബൈക്ക് വെച്ചിരുന്ന സ്ഥലത്ത് കാത്തിരുന്നാണ് പ്രതിയെ പിടികൂടിയത്.

കേരളത്തിലെ 14 ജില്ലകളിലും കറങ്ങിനടന്ന് മോഷണം നടത്തുന്നയാളാണ് സ്പൈഡര്‍മാന്‍ ബാഹുലേയന്‍. സ്പൈഡര്‍മാന്റെ വേഷം ധരിച്ച് മോഷണത്തിനിറങ്ങുന്നതും സ്പൈഡര്‍മാന്റെ മെയ് വഴക്കത്തോടെ മോഷണം നടത്തുന്നതിനാലുമാണ് ബാഹുലേയനെ ‘സ്പൈഡര്‍മാന്‍’ എന്ന് വിളിക്കുന്നത്. വീടുകളുടെ ചുമരിലൂടെ വലിഞ്ഞുകയറി, വെന്റിലേഷന്റെയോ ജനലിന്റെയോ കമ്പികള്‍ അറത്തുമാറ്റി ഇതിനുള്ളിലൂടെ അകത്തേക്ക് നുഴഞ്ഞുകയറുന്നതായാണ് ബാഹുലേയന്റെ മോഷണരീതി. ഏത് ചെറിയ വിടവിനുള്ളിലൂടെയും ഇയാള്‍ അനായാസം അകത്തുകടക്കും. വീട്ടിലേക്ക് കടക്കാന്‍ ലളിതമായ മറ്റുമാര്‍ഗങ്ങളുണ്ടെങ്കിലും ബാഹുലേയന്‍ ആ വഴി തെരഞ്ഞെടുക്കാറില്ല. ഇനി വീടിന്റെ വാതില്‍ തുറന്നുകിടന്നാല്‍ പോലും ചുമരിലൂടെ വലിഞ്ഞുകയറി ജനല്‍കമ്പികള്‍ക്കുള്ളിലൂടെ അകത്തുകടക്കുന്നതാണ് സ്പൈഡര്‍മാന്റെ രീതിയെന്നും പോലീസ് പറയുന്നു.

തുടര്‍ച്ചയായ മോഷണങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടിലേക്ക് മുങ്ങുന്നതാണ് ബാഹുലേയന്റെ പതിവ്. മോഷണമുതലുകള്‍ തമിഴ്നാട്ടില്‍ വിറ്റഴിച്ചശേഷം സുഖവാസവും കഴിഞ്ഞാണ് വീണ്ടും കേരളത്തിലേക്ക് മടങ്ങുക. ഇരുന്നൂറോളം മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ അടുത്തിടെയാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.

Back to top button
error: