ആലപ്പുഴ: കായംകുളം കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ആറാട്ടുപുഴ കിഴക്കേക്കര ചൂളത്തെരുവിന് തെക്കു കുരിശ്ശടിക്കു പടിഞ്ഞാറായാണു സംഭവം. മഹാദേവികാട് പാരൂര്‍പ്പറമ്പില്‍ പരേതനായ പ്രദീപിന്റെ മകന് ദേവപ്രദീപ്(14), ചിങ്ങോലി ലക്ഷ്മീനാരായണത്തില്‍ അശ്വനി മോഹന്റെ മകന് വിഷ്ണുനാരായണന്‍(15), ചിങ്ങോലി അമ്പാടി നിവാസില്‍ ഗൗതം കൃഷ്ണ(14) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ കുട്ടികള്‍ ഇവിടെ നില്ക്കുന്നതു നാട്ടുകാര്‍ കണ്ടിരുന്നു. വീട്ടിലെത്താഞ്ഞതിനാല്‍ സന്ധ്യയോടെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. തുടര്‍ച്ചയായി ഫോണ്ശബ്ദംകേട്ട് സമീപവാസി എത്തിയപ്പോഴാണ് ഇവരുടെ വസ്ത്രം കാണുന്നത്.
തുടര്‍ന്ന്, കായംകുളത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരുംചേര്‍ന്നു നടത്തിയ തിരച്ചിലില്‍ രാത്രി ഒന്‍പതേമുക്കാലോടെ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മൂന്നാമത്തെയാളിനായി രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നു. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തൃക്കുന്നപ്പുഴ സി.എച്ച്.സി. സ്റ്റാഫ് നഴ്സ് രേഖയാണു ദേവപ്രദീപിന്റെ അമ്മ. സഹോദരന്: ആദി പ്രദീപ്. ബിജിയാണ് വിഷ്ണുനാരായണന്റെ അമ്മ. സഹോദരി: ലക്ഷ്മി.