NEWSSports

‘മോദി’ സ്റ്റേഡിയത്തില്‍ ഇന്ത്യയ്ക്ക് നിര്‍ണായക ടെസ്റ്റ്; ആശംസ നേര്‍ന്ന് പ്രധാനമന്ത്രി സ്റ്റേഡിയത്തില്‍

അഹമ്മദാബാദ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ സ്ഥാനമുറപ്പിക്കാനുള്ള നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയ്ക്ക് ആശംസ നേരാന്‍ നേരിട്ട് പ്രധാനമന്ത്രിയെത്തി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനൊപ്പമാണ് അദ്ദേഹം ‘നരേന്ദ്ര മോദി’ സ്റ്റേഡിയത്തിലെത്തിയത്. സ്റ്റേഡിയത്തിലെത്തിയ ഇരുവരെയും ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറിയും ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കുള്ള ടെസ്റ്റ് ക്യാപ് ഇന്ത്യന്‍ പ്രധാനമന്ത്രിയും, ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനുള്ള ടെസ്റ്റ് ക്യാപ് ഓസീസ് പ്രധാനമന്ത്രിയും സമ്മാനിച്ചു. തുടര്‍ന്ന് ഇരുവരും സ്റ്റേഡിയം വലംവച്ച് കാണികളെ അഭിവാദ്യം ചെയ്തു.

സ്റ്റേഡിയത്തിലെ പ്രത്യേക പവലിയനില്‍ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന പഴയകാല ആവേശപ്പോരാട്ടങ്ങളുടെ ഓര്‍മചിത്രങ്ങള്‍ ഇരുവരും സന്ദര്‍ശിച്ചു. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന കമന്റേറ്റര്‍ രവി ശാസ്ത്രി ഓരോ ചിത്രങ്ങളുടെയും പ്രത്യേകതകള്‍ ഇരുവര്‍ക്കും വിവരിച്ചുനല്‍കി. തുടര്‍ന്ന് ക്യാപ്റ്റന്‍മാര്‍ക്കൊപ്പം വീണ്ടും ഗ്രൗണ്ടിലേക്ക്. അവിടെ ദേശീയഗാനത്തിനായി അണിനിരന്ന ഇരു ടീമുകളിലെയും താരങ്ങളെയും ക്യാപ്റ്റന്‍മാര്‍ പ്രധാനമന്ത്രിമാര്‍ക്ക് പരിചയപ്പെടുത്തി. തുടര്‍ന്ന് താരങ്ങള്‍ക്കൊപ്പം ദേശീയ ഗാനത്തിനും ഒപ്പം നിന്ന ശേഷമാണ് ഇരുവരും ഗ്രൗണ്ട് വിട്ടത്.

ഇന്ത്യഓസ്‌ട്രേലിയ നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്. 1,32,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലധികം കാണികള്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരുദിവസം ഏറ്റവും കൂടുതല്‍ കാണികളെത്തിയത് 2013-14ലെ ആഷസ് പരമ്പരയിലാണ്. പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരം കാണാന്‍ 91,112 പേരാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയത്.

Back to top button
error: