IndiaNEWS

പ്രശസ്തിക്ക് വേണ്ടി വ്യാജ വീഡിയോ; ഝാര്‍ഖണ്ഡ് സ്വദേശിയെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: പ്രശസ്തിക്ക് വേണ്ടി വ്യാജ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശിയെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടില്‍ അതിഥിതൊഴിലാളികള്‍ക്കുനേരെ ആക്രമണം നടക്കുന്നതായിട്ടായിരുന്നു വ്യാജപ്രചാരണം. പ്രശസ്തിക്കുവേണ്ടിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.

അതിഥിതൊഴിലാളികള്‍ക്കുനേരെ ആക്രമണം നടക്കുന്നതായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഏഴുപേര്‍ക്കെതിരേയാണ് തമിഴ്നാട് പോലീസ് കേസെടുത്തിട്ടുള്ളത്. ബിഹാര്‍ സ്വദേശിയായ രൂപേഷ്‌കുമാര്‍ (23) നേരത്തേ അറസ്റ്റിലായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശിയായ മനോജ് യാദവിനെ (43) താംബരം പോലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തു. 25 വര്‍ഷമായി ചെന്നൈയ്ക്കടുത്ത് മാരൈമലൈ നഗറില്‍ ജോലിചെയ്യുന്നയാളാണ് മനോജ് യാദവ്.

ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കുനേരെ വ്യാപകമായി ആക്രമണങ്ങള്‍ നടക്കുന്നുവെന്നു വിലപിക്കുന്ന മനോജ് യാദവിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് താംബരം പോലീസ് അറിയിച്ചു. നിര്‍മാണജോലി നടക്കുന്ന സ്ഥലത്തുവെച്ച് മനോജ് യാദവും കൂട്ടുകാരും ചേര്‍ന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് സൈബര്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മനീഷ് കശ്യപ് എന്ന ട്വിറ്റര്‍ ഐഡിയിലായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകന്‍, പബ്ലിക് ഫിഗര്‍ എന്നാണ് ഇയാള്‍ ട്വിറ്ററില്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. മുഖത്തും തലയിലും ബാന്‍ഡേജുകളുമായി രണ്ടുപേര്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ തുടക്കത്തില്‍ ഇതില്‍ ഒരാള്‍ ചിരിക്കുന്നതും കാണാം. മാധ്യമപ്രവര്‍ത്തകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നയാള്‍ ഇവരില്‍ ഒരാളുടെ തലയില്‍ തുണി ശരിയാക്കിയിടുന്നതും വീഡിയോയില്‍ കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തുടങ്ങിയവരെ മെന്‍ഷന്‍ ചെയ്തുകൊണ്ടായിരുന്നു ഇയാളുടെ ട്വീറ്റ്. ഇതിന് പിന്നാലെ തമിഴ്‌നാട് പോലീസ് സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുകയായിരുന്നു.

”എല്ലാ കാലത്തും എല്ലാവരേയും നിങ്ങള്‍ക്ക് പറ്റിക്കാന്‍ സാധിക്കില്ല. ഈ വീഡിയോ കാണുക. ഇത് യഥാര്‍ഥത്തില്‍ തമിഴ്‌നാട്ടില്‍ നടന്ന സംഭവമല്ല. ഇത് മനപ്പൂര്‍വ്വം എഴുതിത്തയ്യാറാക്കിയ തിരക്കഥാ പൂര്‍വ്വം ചിത്രീകരിച്ചതാണ്. യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് ട്വീറ്റ് ചെയ്യൂ. ശക്തമായ നടപടി ഉണ്ടാകും” തമിഴ്‌നാട് പോലീസ് പറഞ്ഞു.

ഇതോടൊപ്പം തന്നെ, ഇത്രകാലം തമിഴ്നാട്ടില്‍ ജോലിചെയ്തിട്ടും തനിക്ക് ദുരനുഭവമൊന്നുമുണ്ടായിട്ടില്ലെന്നും പ്രശസ്തികൊതിച്ചാണ് വ്യാജവീഡിയോ പ്രചരിപ്പിച്ചതെന്നും മനോജ് യാദവ് പറയുന്നതിന്റെ വീഡിയോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

വീഡിയോ പുറത്തു വന്നതിന് പിന്നാലെ ഇതുസംബന്ധിച്ച വസ്തുതാന്വേഷണത്തിനായി ബിഹാറില്‍നിന്നും ഝാര്‍ഖണ്ഡില്‍നിന്നുമുള്ള സംഘങ്ങള്‍ തമിഴ്നാട്ടിലെത്തിയിരുന്നു. ആക്രമണം സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ടതായി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ റാഞ്ചിയില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വ്യക്തമാക്കിക്കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് സമര്‍പ്പിച്ചിട്ടുണ്ട്. ഡി.എം.കെ. എം.പി. ടി.ആര്‍. ബാലു ബിഹാറിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. അനിഷ്ടസംഭവങ്ങള്‍ തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ടി.ആര്‍. ബാലു നിതീഷിന് ഉറപ്പുനല്‍കി.

 

 

Back to top button
error: