തിരുവനന്തപുരം: വര്‍ക്കലയില്‍ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ട്രെയിനര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കെതിരെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഫ്ളൈ അഡ്വഞ്ചേഴ്‌സ് സ്‌പോര്‍ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിന്റെ ഉടമകള്‍ ഒളിവിലെന്ന് പോലീസ് അറിയിച്ചു.
വര്‍ക്കല പാപനാശത്താണ് പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയത്. എന്നാല്‍, പാപനാശത്ത് പാരാഗ്ലൈഡിങ് നടത്താന്‍ അനുവാദമില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം, കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റ കോയമ്പത്തൂര്‍ സ്വദേശിയായ പവിത്രയില്‍ നിന്ന് പാരാഗ്ലൈഡ് ജീവനക്കാര്‍ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറില്‍ ഒപ്പിട്ടു വാങ്ങിച്ചിരുന്നു. ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന എത്തിയാണ് ഒപ്പിട്ടു വാങ്ങിയത്.
ഇന്‍സ്ട്രക്ടറും കോയമ്പത്തൂര്‍ സ്വദേശിനിയുമാണ് ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയത്. രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, ഫയര്‍ ഫോഴ്സും പോലീസും ചേര്‍ന്ന് ഇവരെ താഴെയിറക്കി. 100 മീറ്റര്‍ ഉയരമുള്ളതായിരുന്നു ഹൈ മാസ്റ്റ് ലൈറ്റ്.