ന്യൂഡല്‍ഹി: ഫോറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിനെതിരേ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗിനെതിരേ അമേരിക്കയിലെ തന്നെ വാക്ടെല്‍, ലിറ്റണ്‍, റോസന്‍ ആന്‍ഡ് കാറ്റ്‌സ് എന്ന നിയമ സ്ഥാപനവുമായി ഇക്കാര്യത്തില്‍ അദാനി ഗ്രൂപ്പ് ധാരണയിലെത്തി. നിയമ നടപടികള്‍ സംബന്ധിച്ച് വാക്ടെല്ലിലെ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ട്വിറ്റര്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്‌കിന് വേണ്ടി രംഗത്തെത്തിയ കമ്പനിയാണ് വാക്ടെല്‍, ലിറ്റണ്‍, റോസന്‍ ആന്‍ഡ് കാറ്റ്‌സ്. സങ്കീര്‍ണമായ വലിയ ഇടപാടുകളുമായി ബന്ധപ്പെട്ട കോര്‍പ്പറേറ്റ് നിയമങ്ങളില്‍ വൈദഗ്ധ്യമുള്ള ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.
അദാനി ഗ്രൂപ്പില്‍ ക്രമക്കേടുകള്‍ ആരോപിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികളില്‍ വലിയ നഷ്ടം നേരിട്ടിരുന്നു. സംഭവം രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.