CrimeNEWS

വീടുകയറി നിരന്തരം വിവാഹാഭ്യര്‍ത്ഥന, വിസമ്മതിച്ചപ്പോള്‍ ഭീഷണി; നെടുമങ്ങാട് ശൈശവ വിവാഹത്തില്‍ പിതാവിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: നെടുമങ്ങാട് പീഡനത്തിന് ഇരയായ പതിനാറുകാരിയെ പ്രതിയെക്കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴി പുറത്ത്. നാലു മാസത്തെ തടവുശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ശേഷം നിരന്തരം വിവാഹാഭ്യാര്‍ത്ഥന നടത്തിയെന്നാണ് പിതാവ് പറയുന്നത്.

വിസമ്മതിച്ചപ്പോള്‍ വാക്കേറ്റവും വഴക്കും സ്ഥിരമായി. സഹികെട്ടും ഭീഷണിയില്‍ ഭയന്നുമാണ് മകളുടെ വിവാഹം നടത്തിയതെന്നും ഇദ്ദേഹം പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടി സ്‌കൂളില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ തിരക്കിയപ്പോഴാണ് സമീപവാസികളില്‍ നിന്നും വിവാഹക്കാര്യം അറിയുന്നത്.

നെടുമങ്ങാട് പനവൂരില്‍ നടന്ന സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. നാലു മാസം മുന്‍പ് പെണ്‍കുട്ടിക്ക് മൊബൈല്‍ഫോണ്‍ നല്‍കി സ്വാധീനിച്ച് മലപ്പുറത്തെത്തിച്ചു പീഡിപ്പിച്ചെന്ന കേസില്‍ പനവൂര്‍ സ്വദേശി അല്‍ അമീര്‍(23) ആണ് മുഖ്യപ്രതി. അതിജീവിതയും ഇയാളും തമ്മിലുള്ള വിവാഹം നടത്തിക്കൊടുത്ത മതപുരോഹിതന്‍ അന്‍സര്‍, പെണ്‍കുട്ടിയുടെ പിതാവ് എന്നിവരെയും നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തു.

പ്ളസ്വണ്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുമായി മലപ്പുറത്തേക്ക് നാലുമാസം മുന്‍പ് അല്‍ അമീര്‍ നാടുവിട്ടപ്പോള്‍ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് അറസ്റ്റ് ഭയന്ന് ഇയാള്‍ പെണ്‍കുട്ടിയെ തിരിച്ചു വീട്ടിലാക്കി. എന്നാല്‍, പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ മുന്‍പരാതിയില്‍ പോലീസ് ഇയാളെ നെടുമങ്ങാട്ടെ വീട്ടില്‍നിന്ന് അറസ്റ്റുചെയ്തു. പിന്നീട് കേസ് നടക്കുന്നതിനിടെ ഈ മാസം 18-ന് പ്രതിയെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു.

നാട്ടുകാരാണ് ഈ വിവരം പോലീസില്‍ അറിയിച്ചത്. കല്യാണം കഴിച്ചാല്‍ തന്റെ പേരിലുള്ള കേസ് അവസാനിക്കുമെന്ന് പ്രതി കരുതിയതായി പോലീസ് പറയുന്നു. തിങ്കളാഴ്ച വൈകിട്ടാണ് അല്‍ അമീര്‍ അറസ്റ്റിലായത്. അല്‍ അമീര്‍ രണ്ട് പീഡന കേസിലും അടിപിടി കേസിലും പ്രതിയാണ്. അമ്മ മരിച്ചുപോയ പെണ്‍കുട്ടിയ പോലീസ് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിട്ടുണ്ട്.

Back to top button
error: