ശുദ്ധവായു വില്പനയ്ക്ക്; മണിക്കൂറിന് 2500 രൂപ!
പലപ്പോഴും തമാശയായി നാം പറയാറുണ്ട് ഇനി ശുദ്ധവായുവും കാശുകൊടുത്ത് വാങ്ങിക്കേണ്ടി വരുമെന്ന്. അങ്ങനെയൊരു സംഭവം ഈ അടുത്തകാലത്തൊന്നും ഉണ്ടാകില്ല എന്നുള്ള ഉറപ്പോടെയാണ് അങ്ങനെ പറയാറുള്ളതെങ്കിലും ഇപ്പോഴിതാ അതും സത്യമായിരിക്കുകയാണ്. തായ്‌ലന്റിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് ഇപ്പോൾ ശുദ്ധവായു വിൽക്കുന്നത്. വ്യവസായശാലകളുടെയും വാഹനങ്ങളുടെയും മറ്റും എണ്ണം വർദ്ധിച്ചതോടെ അതിരൂക്ഷമായ വായു മലിനീകരണ പ്രശ്നമാണ് തായ്‌ലൻഡിലെ നഗരങ്ങളിൽ ഉള്ളവർ അഭിമുഖീകരിക്കുന്നത്.
അതുകൊണ്ടുതന്നെ ചെറിയ ഇടവേളകളിൽ ശുദ്ധവായു ശ്വസിക്കാനായി ഗ്രാമങ്ങളിലേക്ക് പോകേണ്ട അവസ്ഥയിലാണ് തായ്‌ലൻഡിലെ നഗരവാസികൾ. ഇത്തരം സന്ദർശനങ്ങൾ പതിവായതോടെയാണ് ഇതിനുപിന്നിലെ വിപണന സാധ്യത മനസ്സിലാക്കിയ ഒരു കർഷകൻ തൻറെ കൃഷിത്തോട്ടത്തിൽ എത്തി ശുദ്ധവായു ശ്വസിക്കുന്നതിന് പണം ഈടാക്കാൻ ആരംഭിച്ചിരിക്കുന്നത്. ഒരു മണിക്കൂറിന് ആയിരം ബാറ്റ് അതായത് 2500 രൂപയാണ് ഇദ്ദേഹം ശുദ്ധവായു ശ്വസിക്കാൻ വരുന്നവരിൽ നിന്നും ഈടാക്കുന്നത്.
ശുദ്ധവായു, വനങ്ങൾ, പർവത അരുവികൾ എന്നിവയ്ക്ക് പേരുകേട്ട ഫു ലെയ്ൻ ഖാ നാഷണൽ പാർക്കിന്റെ സമീപത്തായി സ്വന്തമായി ഫാം ഹൗസ് നടത്തിവരുന്ന ദുസിത് കച്ചായി എന്ന 52 -കാരനാണ് തന്റെ ഫാമിലെ ശുദ്ധവായു വില്പനയ്ക്ക് വച്ചിരിക്കുന്നത്. എന്നാൽ, ഫാമിൽ എത്തുന്നവർക്ക് സൗജന്യ ഭക്ഷണവും ക്യാമ്പ് ചെയ്യാനുള്ള സൗകര്യവും അദ്ദേഹം നൽകും. കൂടാതെ പ്രായമായവർക്കും കുട്ടികൾക്കും ഇവിടെ ശുദ്ധവായു സൗജന്യമാണ്.
ഓസോൺ ശോഷണം, കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, മലിനമായ വായു തുടങ്ങിയ നിരവധി പാരിസ്ഥിതിക ഭീഷണികളാണ് ഇപ്പോൾ മനുഷ്യൻ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അതിൽ നിന്നും രക്ഷപ്പെടാനായി നിരവധി ആളുകളാണ് പാരിസ്ഥിതികമായി അധികം മലിനമാക്കപ്പെടാത്ത ഗ്രാമീണ കേന്ദ്രങ്ങൾ തേടിയെത്തുന്നത് എന്നുമാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്.
അതുകൊണ്ടുതന്നെ പരിസ്ഥിതി മലിനീകരണം എത്രമാത്രം ഗുരുതരമായ ഭീഷണിയാണ് നമുക്ക് ഉയർത്തുന്നത് എന്ന് ആളുകളെ ബോധ്യമാക്കാൻ കൂടിയാണ് താൻ പണം ഈടാക്കുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാൻ തയ്യാറാകാത്തവർ തന്റെ ഫാമിലേക്ക് വരരുതെന്നും ഇദ്ദേഹം പറയുന്നു. തായ്‌ലൻഡിലെ വായുവിന്റെ ഗുണനിലവാരം ആശങ്കാജനകമാണന്നാണ് രാജ്യത്തെ പരിസ്ഥിതിക വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.