Movie

ഇന്ത്യൻ പനോരമയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ‘വീണപൂവ്’ തീയേറ്ററുകളിലെത്തിയിട്ട് 40 വർഷം

സിനിമ ഓർമ്മ

അമ്പിളി സംവിധാനം ചെയ്‌ത ആദ്യചിത്രം ‘വീണപൂവ്’ പ്രദർശനത്തിനെത്തിയിട്ട് 40 വർഷം. 1983 ജനുവരി 21നായിരുന്നു ശങ്കർ മോഹൻ (എം.ടിയുടെ ‘മഞ്ഞി’ൽ അഭിനയിച്ച നടൻ), ഉമാ ഭരണി, നെടുമുടി വേണു എന്നിവർ മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച ‘വീണപൂവ്’ റിലീസായത്. പ്രശസ്‌ത സാഹിത്യ കൃതികളുടെ പേര് സിനിമയ്ക്കിടുന്നത് വിവാദമാവുന്ന ഇക്കാലത്ത് കുമാരനാശാന്റെ ഖണ്ഡകാവ്യത്തിന്റെ പേര് ചിത്രത്തിനിട്ടതിൽ ആരും മുറവിളി കൂട്ടാത്ത കാലത്തായിരുന്നു ചിത്രത്തിന്റെ റിലീസ്. സംവിധായകനാവും മുൻപ് പോസ്റ്റർ ഡിസൈനറും സ്റ്റിൽ ഫോട്ടോഗ്രാഫറുമായിരുന്നു അമ്പിളി. എലിപ്പത്തായം, ഒരിടത്ത് എന്നീ ചിത്രങ്ങൾക്കൊപ്പം ഇന്ത്യൻ പനോരമയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം കൂടിയായിരുന്നു ‘വീണപൂവ്’.
ആശാന്റെ വീണപൂവിലെപ്പോലെ ജീവിതത്തിന്റെ നൈമിഷതകൾ ഒരു സ്ത്രീയുടെ ജീവിതത്തിലൂടെ നോക്കിക്കാണുകയാണ് സിനിമ. ദരിദ്രകുടുംബത്തിൽ നിന്നും നമ്പൂതിരി ഇല്ലത്തേയ്ക്ക്, ബുദ്ധിമാന്ദ്യമുള്ള ഒരുവന്റെ ഭാര്യയായി ചെല്ലുന്ന സുമംഗല എന്ന സാധു യുവതിയിലൂടെയാണ് സിനിമ വികസിക്കുന്നത്. ഭർത്താവിന്റെ അച്ഛൻ അവളെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നതോടെ ഇല്ലത്തിന്റെ പടിയിറങ്ങുന്നു അവൾ.
ശ്രീകുമാരൻ തമ്പി എഴുതി വിദ്യാധരൻ ഈണം പകർന്ന ‘നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നൽകി’ എന്ന ഗാനമായിരുന്നു വീണപൂവ് എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്. മുല്ലനേഴി എഴുതിയ ‘സ്വപ്‌നം കൊണ്ട് തുലാഭാരം നേർന്നപ്പോൾ’ (പാടിയത് ജെൻസി) മറ്റൊരു ഹിറ്റ്.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: