IndiaNEWS

ഗുജറാത്തില്‍ നാട്ടിലിറങ്ങിയ രണ്ടു സിംഹങ്ങള്‍ കിണറ്റില്‍ വീണു ചത്തു

അഹമ്മദാബാദ്: ഗുജറാത്തില്‍ നാട്ടിലിറങ്ങിയ രണ്ട് സിംഹങ്ങള്‍ കിണറ്റില്‍ വീണു ചത്തു. അമ്രേലി ജില്ലയിലെ കോട്ടട ഗ്രാമത്തിലെ കര്‍ഷകന്റെ കിണറ്റില്‍ വീണാണ് സിഹങ്ങള്‍ ചത്തത്. അഞ്ച് വയസുളള ആണ്‍ സിംഹവും ഒമ്പത് വയസുളള പെണ്‍ സിംഹവുമാണ് കിണറ്റില്‍ അകപ്പെട്ടത്. സംഭവം അറിഞ്ഞയുടന്‍ കര്‍ഷകന്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

എന്നാല്‍, ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴേക്കും രണ്ട് സിംഹങ്ങളും മുങ്ങി മരിച്ചിരുന്നു. അവയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Signature-ad

ഗിര്‍ ഈസ്റ്റ് ഡിവിഷനിലെ അമ്രേലി, ഗിര്‍ സോമനാഥ് ജില്ലകളിലെ 11,748 കിണറുകള്‍ ആള്‍മറ ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വന്യമൃഗങ്ങളുള്‍പ്പെടെ കിണറുകളില്‍ വീഴാതിരിക്കാനാണ് ഇത്തരത്തില്‍ സംരക്ഷണം ഒരുക്കുന്നത്. അമ്രലിയില്‍ 8,962 കിണറുകളും ഗിര്‍ സോമനാഥില്‍ 2,782 കിണറുകളും ആള്‍മറ ഉപയോഗിച്ച് സംരക്ഷണമൊരുക്കിയിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് വരെയുളള കണക്ക് പ്രകാരം രണ്ട് വര്‍ഷത്തിനിടെ ആകെ 283 സിംഹങ്ങളാണ് ചത്തതെന്ന് അന്നത്തെ വനം മന്ത്രി കിരിത്സിന്‍ഹ് റാണ സംസ്ഥാന നിയമസഭയില്‍ പറഞ്ഞിരുന്നു. അതില്‍ 21 സിംഹങ്ങള്‍ കിണറ്റില്‍ വീണും വാഹനങ്ങള്‍ തട്ടിയുമാണ് ചത്തത്്.

Back to top button
error: