മലയാള സിനിമയുടെ ഇതിഹാസമായി മാറിയ എം.ടി വാസുദേവൻ നായരുടെ ആദ്യ തിരക്കഥ ‘മുറപ്പെണ്ണ്’ റിലീസ് ചെയ്‌തിട്ട് ഇന്ന് 57 വർഷം
സിനിമ ഓർമ്മ
മലയാളത്തിൽ തിരക്കഥാ സാഹിത്യത്തിൻ്റെ ബൈബിൾ എന്ന് വിശേഷിപ്പിക്കാവുന്ന ‘മുറപ്പെണ്ണ്’ റിലീസ് ചെയ്‌തിട്ട് ഇന്ന് 57 വർഷം. എം.ടി വാസുദേവൻ നായരുടെ ‘സ്നേഹത്തിന്റെ മുഖങ്ങൾ’ എന്ന കഥ സിനിമയാക്കാമെന്ന് പറഞ്ഞ് വന്ന നിർമ്മാതാവ് ശോഭനാ പരമേശ്വരൻ നായർ മലയാളത്തിന് സമ്മാനിച്ചത് പുതിയൊരു താരത്തെയാണ്- എഴുത്തുകാരൻ എന്ന താരത്തെ. എംടിയുടെ ആദ്യ തിരക്കഥയായ മുറപ്പെണ്ണ് മലയാള സിനിമയെ വള്ളുവനാടൻ ഭാഷ പഠിപ്പിക്കുകയും ഭാരതപ്പുഴയെ പ്രിയ ലൊക്കേഷനാക്കി മാറ്റുകയും ചെയ്‌തു. എ വിൻസെന്റായിരുന്നു സംവിധായകൻ.
ബന്ധങ്ങളുടെയും കടപ്പാടുകളുടെയും ഇടയിൽ ജീവിതമെന്ന സമസ്യ പൂർത്തീകരിക്കാൻ ശ്രമിക്കുന്ന ഒരുപിടി ജീവിതങ്ങളുടെ കഥ റിയലിസ്റ്റിക്കായി പറഞ്ഞ ‘മുറപ്പെണ്ണ്’ അഭൂതപൂർവമായ വിജയമായിരുന്നു. ആദ്യമായിട്ടാണ് മലയാളി സ്വന്തം കഥ സ്‌ക്രീനിൽ കണ്ടതും അനുഭവിച്ചതും. കൂട്ടുകുടുംബം, ഭാഗം വയ്ക്കൽ, വിദ്യാഭ്യാസമെന്ന ഭാഗ്യം, കുടുംബത്തിന് വേണ്ടിയുള്ള ത്യാഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ പുഴയിൽ ഓളമെന്ന പോലെ ലയിച്ച കഥയായിരുന്നു ‘മുറപ്പെണ്ണി’ലേത്. സ്നേഹിച്ച പെണ്ണിനെ പഠിപ്പും പത്രാസുമുള്ള അനിയന് വിട്ടു കൊടുക്കേണ്ടി വന്ന ബാലന്റെയും (നസീർ) അയാളെ സ്നേഹിച്ച ഭാഗിയുടെയും (ശാരദ) അവസ്ഥ മലയാളികൾ നെഞ്ചേറ്റ് വാങ്ങി.
പി. ഭാസ്‌ക്കരൻ-ബി.എ ചിദംബരനാഥ് ടീമിന്റെ ഗാനങ്ങൾ മലയാളികളെ ഇന്നും ‘കടവത്തെ തോണി’യിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകാൻ മാത്രം ഗൃഹാതുരമാർന്നതാണ്. ‘കരയുന്നോ പുഴ ചിരിക്കുന്നോ’ ആണ് എടുത്തു പറയേണ്ട പാട്ട്.
നസീറിനെ മിമിക്രിക്കാർ അനുകരിക്കുമ്പോൾ ഉപയോഗിക്കാറുള്ള ‘മണ്ടിപ്പെണ്ണേ’ എന്ന പ്രയോഗം മുറപ്പെണ്ണിലെ ബാലൻ സഹോദരി കൊച്ചമ്മണിയെ വിളിച്ചതാണ്. അവളെ അവളുടെ മുറച്ചെറുക്കൻ കൈയൊഴിഞ്ഞതാണല്ലോ. കൊച്ചമ്മണിയുടെ ജീവിതം ഒരു മുഴം കയറിൽ അവസാനിച്ചു. ‘മണ്ടിപ്പെണ്ണ് ‘ പ്രയോഗം പക്ഷെ അനശ്വരമായി.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ