‘സംസാരിക്കാനുണ്ട്, റൂമിലേക്ക് വരൂ. എന്നു പറഞ്ഞ് ഒരാൾ വിളിക്കുന്നു, മറ്റൊരാൾ തന്ത്രപൂർവ്വം അമ്മയെ ഒഴിവാക്കി എന്റെ റൂമിലേക്ക് കയറി വരുന്നു’: സിനിമയിൽ നിന്ന് മാറി നിൽക്കാൻ ഇടയായ കാരണങ്ങൾ വെളിപ്പെടുത്തി നടി മഹിമ
നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് മഹിമ. ഒരിടവേളയ്ക്കു ശേഷം ഇപ്പോൾ അഭിനയ രംഗത്തേക്ക് തിരികെ വന്ന താരം സിനിമാ മേഖലയിൽ തനിക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് ഒരഭിമുവത്തിൽ തുറന്ന് പറയുകയുണ്ടായി.
സിനിമാരംഗത്തെ ഹീനമായ പല കീഴ് വഴക്കങ്ങൾക്കുമെതിരെ തുറന്നടിക്കുകയാണ് നടി.
‘താൻ പല കാര്യങ്ങളും തുറന്നു പറയുന്ന കൂട്ടത്തിലാണ്. ചെറുപ്പം മുതലേ അതാണ് ശീലം. ആ ശീലം ആക്സ്പെറ്റ് ചെയ്യാൻ പറ്റുന്ന വർക്കുകൾ മാത്രമേ ചെയ്തിട്ടൊള്ളൂ.’
മഹിമ പറയുന്നു.
എന്തുകൊണ്ടാണ് സിനിമകളിൽ നിന്ന് മാറി നിന്നതെന്ന ചോദ്യത്തിന് മഹിമ നൽകിയ മറുപടി ‘ഞാൻ മാറി നിന്നതല്ല, എന്നെ മാറ്റി നിർത്തിയതാണ്’ എന്നായിരുന്നു. പക്ഷേ അതിൽ അൽപ്പം പോലും മനസ്താപം ഇല്ലെന്നും മഹിമ പറയുന്നു:
‘നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന ആഗ്രഹമുണ്ട്, എന്നാൽ അതിനായി തന്റെ വ്യക്തിത്വം പണയം വെക്കാൻ തയ്യാറല്ല’
‘നേരിട്ട് കോൾ വരും. എനിക്ക് നേരിട്ട് സംസാരിക്കാനുണ്ട്, റൂമിലേക്ക് വരൂ എന്നൊക്കെ പറഞ്ഞു വിളിക്കും. എന്നാൽ താൻ അതിനൊന്നും ഇല്ലെന്ന് വ്യക്തമായി തന്നെ പറയും’ മഹിമ പറയുന്നു. പക്ഷേ ഇത് മൂലം പിന്നീട് തനിക്ക്, പറഞ്ഞ കഥാപാത്രം ആയിരിക്കില്ല തരുന്നതെന്നും മഹിമ ഓർക്കുന്നു. ലൊക്കേഷിനിലെത്തി, മേക്കപ്പിടുമ്പോഴായിരിക്കും അറിയുക. ഷോട്ട് റെഡിയായി, മറ്റ് ആർട്ടിസ്റ്റുകൾ കാത്തിരിക്കേണ്ടി വരുന്ന ആ നിർണായക സന്ദർഭത്തിൽ കഥാപാത്രം ഏറ്റെടുക്കേണ്ടതായി വരുമെന്നും മഹിമ വ്യക്തമാക്കി.
ഇത്തരത്തിൽ പൂർണ തൃപ്തിയില്ലാതെ ചെയ്ത കഥാപാത്രങ്ങളുടെ നീണ്ടൊരു ലിസ്റ്റ് തന്നെയുണ്ടെന്നും മഹിമ പറയുന്നു. ഇൻഡസ്ട്രിയിൽ നിൽക്കുന്ന പലർക്കും അറിയാം ഈ ഇൻഡസ്ട്രി എന്താണ് എന്നുള്ളത്. ‘ചില കോആർട്ടിസ്റ്റുകളുടെ ഭാവം അവർ വിചാരിച്ചാൽ എനിക്ക് ചാൻസ് ഇല്ലാതാക്കാൻ പറ്റും എന്നാണ്. ചിലർ. എന്നോടത് പറഞ്ഞിട്ടുമുണ്ട്’.
‘ഒരു സമയത്ത് സിനിമയിൽ നായകനായി അഭിനയിക്കുകയും കോമഡി കഥാപാത്രങ്ങളിലൂടെ ആളുകളെ രസിപ്പിക്കുകയും ചെയ്ത ഒരു നടൻ ഉണ്ട്. അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്തിട്ടുമുണ്ട്. പിന്നീട് ഒരിക്കൽ ഷോയുടെ ഭാഗമായി അയാളുമായി പ്രവർത്തിക്കേണ്ടി വന്നു. അദ്ദേഹം എന്റെ റൂമിലേക്ക് കയറി വന്നു. എന്റെ കൂടെ അമ്മ ഉണ്ടായിരുന്നു. അമ്മയെ ഡയറക്ടർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടാണ് അയാൾ റൂമിലേക്ക് കയറി വന്നത്. വളരെ മാന്യമായി ഞാൻ അയാളോട് സംസാരിച്ചു. അവസാനം റൂമിൽ നിന്നും ഇറക്കി വിടേണ്ടി വന്നു.’
മഹിമ വെളിപ്പെടുത്തുന്നു.
‘നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ ഉള്ള വ്യക്തിയല്ല ഞാൻ എന്നും പറഞ്ഞു. ഈ നടന്റെ ഈ പെരുമാറ്റം കാരണം ആ പരിപാടി തന്നെ വേണ്ടെന്നു വെക്കുകയായിരുന്നു’ എന്നാണ് മഹിമ പറയുന്നത്. പിന്നീട് ഇത്തരക്കാർ കാരണം തന്റെ പലഅവസരങ്ങളും നഷ്ടമായിട്ടുണ്ടെന്നും മഹിമ പറയുന്നു.
‘ഇപ്പോൾ അഡ്ജസ്റ്റ്മെന്റ് എന്ന വാക്കാണ് പ്രൊഡക്ഷനിൽ എല്ലാവരും ഉപയോഗിക്കുന്നത്. ആദ്യം എനിക്ക് അത് മനസ്സിലായില്ല. പിന്നീടാണ് എന്താണ് സംഭവം എന്ന് മനസിലാക്കിയത്. ഇപ്പോൾ ചിരിച്ചുകൊണ്ട് നോ പറയും പക്ഷേ സംഭവം അത്ര നിസ്സാരമല്ലെന്ന് വ്യക്തം…’ മഹിമ സങ്കീർണമായ അനുഭവങ്ങളിലൂടെ കടന്നു പോയി.
‘അനുഭവിക്കുന്നവർ മാത്രമാണ് അതിന്റെ തീവ്രത അറിയുന്നത്. പല പേരുകളും ഞാൻ വെളിപ്പെടുത്താത്തത് കുടുംബങ്ങളെ ഓർത്ത് മാത്രമാണ്. അവർക്ക് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടാണ് ഞാൻ ആരുടെയും പേര് പറയാത്തത്’ അഭിമുഖത്തിൽ മഹിമ പറയുന്നു.