മോഹിച്ചുകിട്ടിയ കിരീടം താഴെവെക്കാതെ ‘മിശിഹ’; മെസ്സിയുടെ ഉറക്കം പോലും കപ്പും കെട്ടിപ്പിടിച്ച്
ബ്യൂണസ് ഐറിസ്: അര്‍ജന്റീനയ്ക്കായി 17 വര്‍ഷം നീണ്ട പടയോട്ടം ഒടുവില്‍ ലയണല്‍ മെസ്സി ഖത്തറിലെ കിരീടനേട്ടത്തോടെ പൂര്‍ത്തിയാക്കിയിരിക്കുന്നു. അത്രയ്ക്ക് ആഗ്രഹിച്ച് നേടിയ ആ ലോകകപ്പ് ട്രോഫി മെസ്സി തന്റെ കൈയില്‍ നിന്നും നിലത്ത് വെച്ചിട്ടില്ല. ഇപ്പോഴിതാ ട്രോഫിയും അരികില്‍ പിടിച്ച് ഉറങ്ങുന്ന തന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മെസ്സി.
ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഇതിനകം 8.7 ദശലക്ഷം പേരാണ് ചിത്രം ലൈക്ക് ചെയ്തത്.’ഗുഡ് മോണിങ്’ എന്ന അടിക്കുറിപ്പോടെയാണ് മെസ്സി തന്റെ കിടക്കയിലെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ഞായറാഴ്ച രാത്രി ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ ഫ്രാന്‍സിനെ കീഴടക്കി അര്‍ജന്റീന നേടിയത് ലോകകപ്പ് മാത്രമല്ല. പല ഭൂഖണ്ഡങ്ങളിലായി പരന്നുകിടക്കുന്ന പരശ്ശതം ആരാധകരുടെ ഹൃദയാഭിലാഷങ്ങള്‍ കൂടിയായിരുന്നു.
അതേസമയം, ലോകകിരീടവുമായി മെസ്സിയും സംഘവും ചൊവ്വാഴ്ച നാട്ടില്‍ തിരിച്ചെത്തി. ലോകകപ്പുമായി മടങ്ങിയെത്തിയ ടീമിന് വന്‍ വരവേല്‍പ്പാണ് രാജ്യം ഒരുക്കിയത്. ദോഹയില്‍ നിന്ന് റോമിലെത്തിയ ശേഷമാണ് ടീം ബ്യൂണസ് ഐറിസിലേക്ക് പോയത്. ലക്ഷങ്ങളാണ് ബ്യൂണസ് ഐറിസിലെ സ്വീകരണ ചടങ്ങ് കാണാനെത്തിയത്.