ലഖ്‌നൗ:: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ യു.പി. പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. കനൗജ് സ്വദേശിയായ ദേവേന്ദര്‍ യാദവ്(35) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ഫറൂഖാബാദിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കൊല്ലപ്പെട്ട ദേവേന്ദര്‍ യാദവ് കൊലപാതകം, കവര്‍ച്ച അടക്കം 21 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 2016-ല്‍ റിട്ട. എസ്.ഡി.എം. രാമാവ്താര്‍ ഗുപ്തയെ കൊള്ളയടിച്ചശേഷം കൊലപ്പെടുത്തിയ സംഭവത്തിലും ഇയാള്‍ പ്രതിയാണ്. യു.പി. പോലീസ് 25,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ഇയാള്‍ ഏറെനാളായി ഫറൂഖാബാദിലായിരുന്നു താമസം.
രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് സംഘം ഞായറാഴ്ച രാവിലെ ഫറൂഖാബാദിലും പരിസരത്തും പരിശോധന ആരംഭിച്ചത്. ഇതിനിടെ ബൈക്കിലെത്തിയ ദേവേന്ദര്‍ യാദവിനെ പരിശോധനയ്ക്കായി പോലീസ് കൈകാണിച്ചെങ്കിലും ഇയാള്‍ വാഹനം നിര്‍ത്തിയില്ല. കൂടാതെ, ബൈക്കിലിരുന്ന് പോലീസുകാര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയും ചെയ്തു. ഇതോടെയാണ് പോലീസ് സംഘം തിരികെ വെടിവെച്ചതെന്നും കാലില്‍ വെടിയേറ്റ് വീണ പ്രതി, പിന്നീട് ആശുപത്രിയിലാണ് മരിച്ചതെന്നും ഫറൂഖാബാദ് പോലീസ് അറിയിച്ചു.