കൊച്ചി: ലോകകപ്പ് വിജയാഘോഷത്തിനിടെ കൊച്ചിയില്‍ ഗതാഗത തടസമുണ്ടാക്കിയത് ചോദ്യം ചെയ്ത പോലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍.കലൂര്‍ സ്വദേശികളായ അരുണ്‍ ജോര്‍ജ്, ശരത്ത്, റിവിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഓടി രക്ഷപ്പെട്ട മറ്റു രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.ഇന്നലെ രാത്രി 11.30നാണ് സംഭവം. കളി വലിയ സ്‌ക്രീനില്‍ കണ്ടശേഷം ആളുകള്‍ പിരിഞ്ഞു പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.
അക്രമികള്‍ പോലീസുകാരെ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ രാവിലെ പുറത്തുവന്നിരുന്നു. ഇവര്‍ പോലീസുകാരെ മര്‍ദ്ദിക്കുന്നതും കാലില്‍ പിടിച്ചു വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതു വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.
അര്‍ജന്റീന -ഫ്രാന്‍സ് കലാശപ്പോരാട്ടത്തിനു പിന്നാലെ കലൂര്‍ സ്റ്റേഡിയം ജങ്്ഷനില്‍ ഗതാഗത തടസമുണ്ടാക്കിയതു ചോദ്യം ചെയ്ത എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ സി.പി.ഒമാരായ ലിപിന്‍രാജ്, വിപിന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസുകാരുടെ മുഖത്തും വയറ്റിലും മര്‍ദിച്ച യുവാക്കള്‍ പിന്നീട് റോഡിലൂടെ വലിച്ചിഴച്ചു. മറ്റ് ആളുകള്‍ ഇടപ്പെട്ടാണ് പോലീസുകാരെ അക്രമികളില്‍നിന്ന് രക്ഷിച്ചത്. വാഹനങ്ങള്‍ തടഞ്ഞ് ആഹ്ലാദപ്രകടനം നടത്തിയവരെ പിടിച്ചുമാറ്റാന്‍ ചെന്നപ്പോഴായിരുന്നു മര്‍ദനം.