തിരുവനന്തപുരം: മലയിന്‍കീഴില്‍ 16 വയസുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ ഏഴ് പേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഡി.വൈ.എഫ്.ഐ നേതാവുള്‍പ്പെടെയുള്ള പ്രതികളെ മൂന്ന് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ‘കഞ്ചാവ് ബോയ്‌സ്’ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചാണ് ജിനേഷും മറ്റ് ഏഴുപേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സൗഹൃദം സ്ഥാപിക്കുകയായിരുന്നു ആദ്യം. പിന്നീട് ആളില്ലാത്ത തക്കം നോക്കി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പീഡിപ്പിച്ചത്. എട്ട് അംഗ സംഘം രണ്ട് വര്‍ഷത്തോളം ഇത്തരത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പെണ്‍കുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ജിനേഷ് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
ജിനേഷ് എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍, ലഹരി വസ്തുക്കള്‍ ജിനേഷിന്റെ പക്കല്‍ നിന്നും പിടിച്ചെടുക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ ലഹരി കേസ് എടുക്കാന്‍ സാധിക്കില്ലെന്ന് പോലീസ് പറഞ്ഞു. ഡി.വൈ.എഫ്.ഐയുടെ ലഹരിവിരുദ്ധ പ്രചാരണ പരിപാടികളില്‍ ജിനേഷ് സജീവമായിരുന്നു എന്നതാണ് മറ്റൊരു കാര്യം.
വിവാഹിതരായ നിരവധി സ്ത്രീകള്‍ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളും ജിനേഷിന്റെ മൊബൈലിലുണ്ടെന്നാണ് വിവരം. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ അതിനും കേസെടുക്കാനാവില്ല. മാരകായുധങ്ങളുടെ ഫോട്ടോയും മൊബൈലിലുണ്ട്. ബര്‍ത്ത് ഡേ കേക്ക് ജിനേഷ് മാരകായുധം കൊണ്ട് മുറിക്കുന്ന ഫോട്ടോയും പുറത്തുവന്നു. വധശ്രമക്കേസിലെ പ്രതിയാണ് ഇയാളെന്നു പോലീസ് പറയുന്നു. അന്വേഷണസംഘം വിപുലീകരിച്ച് തുടരന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.