കൊല്ലം: പത്തനാപുരത്തു സ്വകാര്യ ബാങ്കില്‍ അസി. മാനേജരായിരുന്ന യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകന്‍ അറസ്റ്റില്‍. ബാങ്കിന്റെ ഐടി സപ്പോര്‍ട്ടറായ അഞ്ചല്‍ അഗസ്ത്യക്കോട് കളീക്കല്‍ വി.മുകേഷ്(40) ആണ് അറസ്റ്റിലായത്. ഭാര്യയുമായി പിണക്കത്തിലായിരുന്ന മുകേഷ് യുവതിക്കു വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. ഇതിനു പുറമേ 40 പവന്‍ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയും ലാപ്‌ടോപ്പും പാസ്‌പോര്‍ട്ടും കൈക്കലാക്കിയശേഷം കൈയൊഴിഞ്ഞതോടെ യുവതി ജീവനൊടുക്കുകയായിരുന്നു.
അഞ്ചല്‍ സ്വദേശിനയായ യുവതിയെ പത്തനാപുരം ജനതാ ജങ്ഷനിലെ വാടക വീട്ടില്‍ ഒക്ടോബര്‍ 30 നാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ക്കു പോലും പരാതിയില്ലാതെ ആത്മഹത്യയെന്ന നിലയില്‍ എഴുതിത്തളളിയ കേസില്‍ പോലീസിനുണ്ടായ സംശയങ്ങളാണ് തുടരന്വേഷണത്തിനു കാരണമായത്.
യുവതിയുടെ ഡയറിയില്‍ രേഖപ്പെടുത്തിയ മരണമൊഴിയില്‍ മുകേഷ് പണവും സ്വര്‍ണവും കൈക്കലാക്കിയെന്നു സൂചിപ്പിച്ചിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണിലെ മെസജുകള്‍ പോലീസ് കണ്ടെത്തി. വിവാഹ വാഗ്ദാനം നല്‍കിയതും പിന്മാറിയതും ഉള്‍പ്പെടെയുള്ള മെസേജുകള്‍ പോലീസ് ശേഖരിച്ചു.
ശേഷം മുകേഷിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിയുടെ 30 പവന്‍ സ്വര്‍ണവും ലാപ്‌ടോപ്പും മുകേഷിന്റെ വീട്ടില്‍നിന്നു പോലീസ് കണ്ടെടുത്തു. ലക്ഷക്കണക്കിനു രൂപ അക്കൗണ്ട് വഴി മുഗേഷിനു കൈമാറ്റം ചെയ്തിട്ടുണ്ട്. ഇതിന്റെ കണക്കു ശേഖരിക്കുകയാണെന്നു പോലീസ് പറഞ്ഞു. പത്തനാപുരത്ത് യുവതിക്കു വാടക വീട് സംഘടിപ്പിച്ചു നല്‍കിയത് മുകേഷാണ്. ഇവിടെ ഇയാള്‍ നിത്യ സന്ദര്‍ശകനായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.