LIFEReligion

മണര്‍കാട് കത്തീഡ്രൽ എട്ടുനോമ്പ് പെരുന്നാള്‍: 1501 അംഗ കമ്മറ്റി രൂപീകരിച്ചു

മണര്‍കാട് : ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പു പെരുന്നാളിനുള്ള ക്രമീകരണങ്ങള്‍ക്കായി കമ്മറ്റികള്‍ രൂപീകരിച്ചു. പരിശുദ്ധ ദൈവ മാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടു വരെയാണ് പെരുന്നാള്‍.

പള്ളിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ എട്ടുനോമ്പ് പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ക്കായി 1501 അംഗ കമ്മറ്റി രൂപീകരിച്ചു.

വികാരി ഇ.ടി. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ, കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കിഴക്കേടത്ത്, കുറിയാക്കോസ് ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പ കറുകയില്‍, ഫാ. കുറിയാക്കോസ് കാലായില്‍, ഫാ. മാത്യൂസ് മണവത്ത്, ഫാ. എം.ഐ. തോമസ് മറ്റത്തില്‍, ഫാ. ജോര്‍ജ്ജ് കുന്നേല്‍, കുര്യന്‍ കോര്‍ എപ്പിസ്‌കോപ്പ മാലിയില്‍, ഫാ. ഷെറി ഐസക് പൈലിത്താനം, ട്രസ്റ്റിമാരായ എം.പി. മാത്യു, ബിജു പി. കോര, ആശിഷ് കുര്യന്‍ ജേക്കബ്, സെക്രട്ടറി തോമസ് മാണി എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ കമ്മറ്റികള്‍ രൂപീകരിച്ചത്.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയും ഇടവക മെത്രാപ്പോലീത്താ തോമസ് മോർ തീമോത്തിയോസും സഭയിലെ മറ്റ്
മെത്രാപ്പോലീത്താമാരും സെപ്റ്റംബര്‍ 1 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ കുര്‍ബ്ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കും.

ഓഗസ്റ്റ് 31ന് സന്ധ്യാ പ്രാർത്ഥനയോടെ പെരുന്നാൾ ചടങ്ങുകള്‍ ആരംഭിക്കും. സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് നാലിന് കൊടിമരം ഉയര്‍ത്തും. സെപ്റ്റംബര്‍ 4ന് ആദ്ധ്യാത്മീക സംഘടനകളുടെ വാര്‍ഷിക സമ്മേളനത്തില്‍ മത മേലദ്ധ്യക്ഷന്മാരും മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എമാര്‍, സാംസ്‌കാരിക നേതാക്കന്മാരും പങ്കെടുക്കും. ചരിത്രപ്രസിദ്ധമായ റാസ സെപ്റ്റംബര്‍ ആറിനും വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിന് തുറന്നുകൊടുക്കുന്ന നടതുറക്കല്‍ ശുശ്രൂഷ സെപ്റ്റംബര്‍ ഏഴിനും നടക്കും. സെപ്റ്റംബര്‍ എട്ടാം തീയതി കുര്‍ബ്ബാന, റാസ, നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.

പെരുന്നാള്‍ ചടങ്ങുകളും ശുശ്രൂഷകളും വിശ്വാസികള്‍ക്ക് ഓണ്‍ലൈനായി കാണുന്നതിനുള്ള ക്രമീകരണങ്ങള ക്രമീകരിച്ചിട്ടുണ്ട്.
ഭക്തജനങ്ങള്‍ക്ക് പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍
തക്കവണ്ണം സംഭാവനകള്‍, നേര്‍ച്ചവഴിപാടുകള്‍ എന്നിവ നടത്താവുന്നതാണ്. ആയതിനായി ഫെഡറല്‍ ബാങ്ക്, മണര്‍കാട് ശാഖ, അക്കൗണ്ട് നമ്പര്‍ 17680200000248, IFSC: FDRL0001768 എന്ന അക്കൗണ്ടിലേക്ക് വിശ്വാസികള്‍ക്ക് സംഭാവനകള്‍ അയക്കാവുന്നതാണ്. വെബ്‌സൈറ്റ് www.manarcadstmaryschurch.org സന്ദര്‍ശിക്കുക.

Back to top button
error: