അടിമാലി: വൈദ്യുതി ബോര്‍ഡിന്റെ ലക്ഷങ്ങളുടെ ലൈന്‍കമ്പി മോഷണം നടത്തിയ ഒരാള്‍ അറസ്റ്റില്‍. മുനിയറ മണലിങ്കല്‍ വിനീത് ദാമോദരനാ (34) ണ് അറസ്റ്റിലായത്. വൈദ്യുതി ബോര്‍ഡിന്റെ കമ്പിളികണ്ടം സെക്ഷന്‍ ഓഫീസില്‍നിന്നുമാണ് വൈദ്യുതി കമ്പികളുടെ പത്ത് റോളുകള്‍ മോഷ്ടിച്ചത്.
കേസില്‍ മൂന്നു പ്രതികളെക്കൂടി പിടികൂടാനുണ്ട്. ഈ മാസം ആറിനായിരുന്നു മോഷണം. കമ്പിളിക്കണ്ടം സെക്ഷന്‍ ഓഫീസിന്റെ പുറകില്‍ സൂക്ഷിച്ചിരുന്ന 1200 കിലോ തൂക്കം വരുന്ന അലുമിനിയം കമ്പികളാണ് മോഷണം പോയത്. ഇതിന് രണ്ടുലക്ഷം രൂപയോളം വില വരും.
11 കെ.വി. ലൈന്‍ വലിക്കാന്‍ ഓഫീസിന് പുറകില്‍ സൂക്ഷിച്ചിരുന്ന അലുമിനിയ റോളുകളാണ് മോഷണം പോയത്.
മോഷ്ടാക്കള്‍ റോഡില്‍നിന്നും ഉരുട്ടിവിട്ട അലുമിനിയ റോളുകളില്‍ ഒരെണ്ണം ലക്ഷ്യം തെറ്റി സമീപവാസിയുടെ പുരയിടത്തിലേക്ക് ഉരുണ്ടുപോയി. ഭൂ ഉടമ ഈ വിവരം െവെദ്യുതി ബോര്‍ഡ് ജീവനക്കാരെ അറിയിച്ചതിന് തുടര്‍ന്നാണ്സംഭവം പുറത്തറിഞ്ഞത്.
ജീവനക്കാരുടെ അന്വേഷണത്തില്‍ മുനിയറ കരിമല റോഡിലെ സ്വകാര്യ വ്യക്തിയുടെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്നും മോഷണമുതല്‍ കണ്ടെത്തി. സംഭവം വെള്ളത്തൂവല്‍ പോലീസിനെ അറിയിച്ചു. പോലീസ് എത്തുമ്പോള്‍ കമ്പി ചെറുകഷണങ്ങളാക്കി മുറിച്ചു കൊണ്ടിരുന്ന നാലു പേരടങ്ങിയ സംഘം ഈ വീട്ടില്‍ ഉണ്ടായിരുന്നു.
ഇവര്‍ ഓടി രക്ഷപ്പെട്ടു. ഈ വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഒരു ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ വാഹനത്തില്‍നിന്നും വിനീഷിന്റെ ഒരു എ.ടി.എം കാര്‍ഡ് പോലീസ് കണ്ടെടുത്തു. അങ്ങനെയാണ് ഇയാള്‍ പിടിയിലായത്.
മോഷണ സംഘം രാജാക്കാട് സ്വദേശിയായ വ്യാപാരിക്ക് കുറെ കമ്പികള്‍ വിറ്റതായും സൂചനയുണ്ട്. വെള്ളത്തൂവല്‍ സി.ഐ: ആര്‍. കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.