കടലില്‍ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ടും 11 മത്സ്യതൊഴിലാളികളെയും മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കടത്തിയ സംഭവത്തിൽ കോസ്റ്റല്‍ പോലീസ് കുളച്ചലിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. കടത്തിക്കൊണ്ടുപോയ ബോട്ട് കണ്ടെത്തുകയാണ് കോസ്റ്റൽ പോലീസിന്റെ പ്രാഥമിക ലക്ഷ്യം. ഇതിനായി കന്യാകുമാരി പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
സംഭവത്തില്‍ ബോട്ടുടമ കുഴുപ്പിള്ളി ചെറുവൈപ്പ് കണിയന്തറ ജയന്റെ പരാതിപ്രകാരം കുളച്ചല്‍ സ്വദേശിയായ അരുള്രാജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. വൈപ്പിന്‍ കാളമുക്കില്നിന്നും മത്സ്യബന്ധനത്തിന് പോയ ഉണ്ണി ആൻഡ് കമ്പനിയുടെ യു ആൻഡ് കോ മറൈന്‍ – 3 എന്ന ബോട്ടാണ് കടത്തിക്കൊണ്ടുപോയത്.
12 നു രാത്രിയില്‍ 11 ഓടെ കൊച്ചി തുറമുഖത്തിനു പടിഞ്ഞാറ് ഉൾക്കടലിൽ വച്ചാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. രാത്രി മത്സ്യബന്ധനം കഴിഞ്ഞ് നങ്കൂരമിട്ട ശേഷം തൊഴിലാളികള്‍ വിശ്രമിക്കുന്നതിനിടെ പത്തോളം വരുന്ന പ്രതികള്‍ ഔട്ട് ബോര്‍ഡ് വള്ളത്തില്‍ എത്തി ബോട്ടിനെ വളയുകയും അതിക്രമിച്ച് കയറി ബോട്ട് കുളച്ചലിലേക്ക് കടത്തിക്കൊണ്ട് പോയെന്നുമാണ് പരാതി.
ബോട്ടിലെ സ്രാങ്ക് സൂസനും പ്രതിയും തമ്മിലുള്ള സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ തർക്കമാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു. തൊഴിലാളികളില്‍ ആറു പേര് തമിഴ്നാട് കുളച്ചല്‍ സ്വദേശികളും ബാക്കി അഞ്ച് പേരില്‍ ഒരാള്‍ മലയാളിയും നാലു പേര് ഉത്തരേന്ത്യക്കാരുമാണ്. കുളച്ചലില്‍ ബോട്ട് എത്തിയതിന് പിന്നാലെ തട്ടിക്കൊണ്ടുപോയവർ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു.
ബോട്ടിലെ സ്രാങ്ക് സൂസന് ഉള്‍പ്പെടെ ആറു തൊഴിലാളികള്‍ കുളച്ചല്കുളച്ചലിലെ വീടുകളിലും മറ്റ് അഞ്ചുപേര്‍ കൊച്ചിയിലും സുരക്ഷിതരായി എത്തിയിട്ടുണ്ട്. കൊച്ചിയില്‍ എത്തിയ മത്സ്യത്തൊഴിലാളികളില്‍ നിന്നും അന്വേഷണത്തിന്റെ ഭാഗമായി കോസ്റ്റല്‍ പോലീസ് മൊഴിയെടുത്ത ശേഷമാണ് കന്യാകുമാരിക്ക് പോയത്.