സംസ്ഥാനത്ത് സർക്കാർ ശമ്പളം കിട്ടുന്ന അയ്യായിരം അധ്യാപകർ കോവിഡ് വാക്‌സിൻ എടുക്കാൻ വിസമ്മതിക്കുന്നത് സർക്കാരും മാധ്യമങ്ങളും ഇത്ര വലിയ പ്രശ്‌നമായി എടുക്കേണ്ടതുണ്ടോ? രണ്ടു ഡോസ് വാക്‌സിൻ എടുത്ത ശേഷം സ്‌കൂളിൽ വന്നാൽ മതിയെന്ന് നിർദേശിച്ചാൽ തീരാവുന്ന പ്രശ്‌നമേയുള്ളു.
അയ്യായിരം പേരിൽ ഒറ്റയാൾ ഇല്ലാതെ എല്ലാവരും അന്നോ പിറ്റേന്നോ വാക്‌സിൻ എടുത്ത് ക്ലാസിൽ വരും.
പക്ഷേ, ഒരു കാര്യമുണ്ട്. സ്‌കൂളിൽ വരാത്ത ദിവസങ്ങളിൽ ശമ്പളം കിട്ടില്ലെന്ന് ഈ ശാസ്‌ത്ര വിരോധികളെ അറിയിക്കണം. കോവിഡ് ഭീഷണിയിൽ സ്‌കൂളുകൾ അടഞ്ഞുകിടന്നതുകൊണ്ട് 2020 മാർച്ച് മുതൽ പണിയെടുക്കാതെ ശമ്പളം വാങ്ങി അവർ ശീലിച്ചുപോയതാണ്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഓൺലൈൻ ക്ലാസ് എടുത്ത വളരെ കുറച്ചുപേരെ മറന്നുകൊണ്ടല്ല ഇതു പറയുന്നത്.
വിദ്യാഭ്യാസ വകുപ്പ് പറയുന്നത് വാക്‌സിൻ എടുക്കാത്തവർക്ക് മറ്റുരോഗങ്ങൾ വല്ലതുമുണ്ടോ എന്ന് പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നാണ്. വല്ല ആവശ്യവുമുണ്ടോ? വാക്‌സിൻ എടുക്കാൻ പാടില്ലാത്തവിധം ഗരുതരരോഗമില്ലെന്ന് തെളിഞ്ഞാൽ അടുത്ത നടപടിയെന്താണ്?
നിർബന്ധിച്ച് ആരെയും വാക്‌സിൻ എടുപ്പിക്കാൻ പാടില്ല എന്ന വ്യവസ്‌ഥ അധ്യാപകരാണെങ്കിൽ പോലും ഈ അയ്യായിരം പേർ മനസ്സിലാക്കി വെച്ചിട്ടുണ്ട്. സർക്കാർ കുറച്ചുകൂടി ബുദ്ധി കാണിക്കണം. വാകിസിൻ എടുക്കാൻ ആരെയും നിർബന്ധിക്കേണ്ട. വാക്‌സിൻ എടുക്കാത്തവർക്ക് സ്‌കൂളിലേക്കുള്ള പ്രവേശനം വിലക്കിയാൽ മതി. അതിന് സർക്കാരിന് അധികാരമുണ്ട്. ദുരന്തനിവാരണ നിയമം പ്രയോഗിച്ചാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതുപോലും തൽക്കാലം തടയാൻ കഴിയും.
വാക്‌സിൻ എടുക്കുന്നത് ബുദ്ധിമോശമാണെന്ന് കരുതുന്ന ആശാന്മാരെ തിരുത്താൻ പോകരുത്. അവർ അവരുടെ വഴിക്ക് പോകട്ടെ. കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അവരെ സ്‌കൂളിന്റെ വളപ്പിലേക്ക് പോലും അടുപ്പിക്കരുത്.
ഈ അധ്യാപഹയർ വാക്‌സിൻ എടുക്കാത്തത് കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്നത് ഒരു കാര്യം. മറ്റൊന്ന്, ഇവർ എന്തു സന്ദേശമാണ് നമ്മുടെ കുട്ടികൾക്ക് നൽകുക? ഈ അയ്യായിരം ഗുരുക്കന്മാരിൽ ശാസ്‌ത്രം പഠിപ്പിക്കുന്ന എത്ര പേർ ഉണ്ടെന്നും അവർ ആരൊക്കെയാണെന്നും വിദ്യാർഥികളും രക്ഷിതാക്കളും അറിയുന്നത് നന്നായിരിക്കും.