IndiaNEWS

ഗോ..ഗോവ..!

ല്ലാ കടപ്പുറങ്ങളും സൗന്ദര്യമുള്ളതാണ്.എന്നിട്ടും നാം ചില കടപ്പുറങ്ങൾ മാത്രം തേടിപ്പോകുന്നതെന്തിന് ? അതിന്റെ ഉത്തരമാണ് ഗോവ..!
തിരമാലകൾ പരുവപ്പെടുത്തിയെടുത്തിരിക്കുന്ന തീരങ്ങൾ മാത്രമല്ല തീരത്തെ മനുഷ്യരുടെയും അവരുടെ രുചിയാഴങ്ങളിലെ വിത്യസ്തതയുമെല്ലാം ഇതിനൊരു കാരണമായി വരും.പന്നിയും മീനും ഫെനിയും ഫുട്ബോളും ബീച്ചുകൾ കേന്ദ്രീകരിച്ച് രാവ് പുലരുവോളമുള്ള ആട്ടവും പാട്ടും എല്ലാം ഗോവക്കാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന കാര്യങ്ങളാണ്.കാഴ്ചകളും അനുഭവങ്ങളുമാണ് എന്നും ഗോവയുടെ ഹൈലൈറ്റ്. അതിൽ ബീച്ചുകളും രാത്രി ജീവിതവും പബ്ബുകളും ഒക്കെ ഉൾപ്പെടുമെങ്കിലും വേറെയും ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ഇവിടുത്തെ ഫ്ലീ മാർക്കറ്റുകൾ. വെറുതെ അടിച്ചു പൊളിച്ച് ഗോവ കാണാനിറങ്ങിയവർക്കും ഷോപ്പിങ്ങിലെ പുലികൾക്കും ഒക്കെ കറങ്ങിയടിച്ചു പൊളിക്കുവാൻ പറ്റിയ ഫ്ലീമാർക്കറ്റുകൾ. ചൂടു ചോക്ലേറ്റ് വാഫ്ൾസും വ്യത്യസ്ത ഡിസൈനിലുള്ള ആഭരണങ്ങളും കരകൗശല വസ്തുക്കളും ടാറ്റുവും പിന്നെ സംഗീതവും ഭക്ഷണവും ഒക്കെയായി അടിച്ചുപൊളിക്കുവാൻ വേണ്ടതെല്ലാം ഇവിടുത്തെ ഫ്ലീമാർക്കറ്റുകളിൽ കിട്ടും.അതാണ് ഗോവയുടെ കടലോരങ്ങളെ ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതും.
ഗോവയിൽ വിദേശികളുൾപ്പടെയുള്ള സഞ്ചാരികൾ തേടിയെത്തുന്ന ഏറ്റവും പ്രശസ്തമായ ഫ്ലീ മാർക്കറ്റുകളിൽ ഒന്നാമത്തേതാണ് അൻജുന മാർക്കറ്റ്. മനോഹരമായ പല സാധനങ്ങളും ഇവിടെ വാങ്ങുവാൻ സാധിക്കും എന്നിതിലുപരിയായി ഇവിടെ നടക്കുന്ന ലൈവ് ബാൻഡ് പെർഫോമൻസുകളാണ് ആളുകളെ ഇവിടേക്ക് കൂടുതൽ ആകർഷിക്കുന്നത്.റോക്ക് സംഗീതം മുതൽ ജാസ് സംഗീതം വരെ ഇവിടെ പെർഫോം ചെയ്യപ്പെടാറുണ്ട്.
അർപോറയിലെ സാറ്റർഡേ മാർക്കറ്റാണ് ഇവിടുത്തെ മറ്റൊന്ന്..വൈകിട്ട് ആറു മണിക്ക് തുടങ്ങി രാത്രി വൈകുവോളം വരെ രാവിനെ വെളുപ്പാക്കി ആഘോഷിക്കുന്ന ഒരു മാർക്കറ്റെന്ന് ഇതിനെ വിശേഷിപ്പിക്കാം.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്തമായ, രുചിയേറിയ ഭക്ഷണങ്ങൾ വിളമ്പുന്ന ഈ മാർക്കറ്റ് ഭക്ഷണത്തിൽ പരീക്ഷണങ്ങൾ നടത്തുവാനും സ്ഥിരം രുചികൾ മാറ്റി പിടിക്കുവാനും താല്പര്യമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഒന്നാണ്.പ്രാദേശികമായും അല്ലാതെയും ലഭിക്കുന്ന എല്ലാ സാധനങ്ങളും ഈ മാർക്കറ്റിൽ ലഭ്യമാണ്.ഏതു തരത്തിലുള്ള ആളായാലും അവർക്ക് ആസ്വദിക്കുവാൻ വേണ്ടതെല്ലാം ഇവിടെ കാണാം.മൂന്നൂ ഭാഗങ്ങളാണ് ഈ മാർക്കറ്റിനുള്ളത്. ഏറ്റവും താഴെ അതായത് ലോവർ ഫീഡിൽ നമ്മുടെ രാജ്യത്തെ പ്രാദേശിക ഉൽപന്നങ്ങളും നടുവിലെ ഇടത്ത് അതായത് സെൻട്രൽ ഫീഡിൽ ഫൂഡ് സ്റ്റാളുകളും ഏറ്റവും മുകളിൽ ബ്രാൻഡസ് സാധനങ്ങളുമാണ് ലഭിക്കുന്നത്.
ഗോവയിലെ മറ്റു ഫ്ലീ മാർക്കറ്റുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് മപുസയിലെ ഫ്രൈഡേ മാർക്കറ്റ്. ആഴ്ചയിലെ മറ്റെല്ലാ ദിവസങ്ങളിലും സാധാരണ ഒരു മാർക്കറ്റായി പ്രവർത്തിക്കുന്ന ഇത് വെള്ളിയാഴ്ച മാത്രം രൂപം മാറി ഒരു ഫ്ലീ മാർക്കറ്റാവും. അന്ന് ഒരു സൂപ്പർ ഗോവന്‍ പർച്ചേസിങ്ങിന് പറ്റിയ ഒരിടമായി മാറുന്നതിനാൽ കയ്യുംവീശി വന്നാൽ കൈ നിറയെ സാധനങ്ങളുമായി മടങ്ങുവാൻ കഴിയും.ഗോവയിലെ സാധാരണ ആളുകൾ വസ്ത്രങ്ങൾക്കായി വരുന്ന മാർക്കറ്റ് കൂടിയാണിത്.അതുകൊണ്ടു തന്നെ തനി ഗോവന്‍ വസ്ത്രങ്ങൾ വലിയ ചിലവില്ലാതെ ഇവിടെ നിന്നും വാങ്ങാം.
മറ്റു ഫ്ലീ മാർക്കറ്റുകളെപ്പോലെയല്ല അശ്വേം ബീച്ചിനു സമീപത്തുള്ള ബീച്ച്സൈഡ് ഡിസൈനേഴ്സ് വില്ലേജ്. ഇന്ത്യയിലെ ആദ്യത്തെ ലക്ഷ്വറി മാർക്കറ്റ് പ്ലേസായി അറിയപ്പെടുന്ന ഇതിന് ലേ സൂക്ക് എന്നും പേരുണ്ട്. സീസണിൽ മുഴുവൻ സമയത്തും തുറന്നിരിക്കുന്ന ഇവിടെ ലോക്കൽ ഉല്പന്നങ്ങൾ മുതൽ അന്താരാഷ്ട്ര ബ്രാൻഡഡ് ഉല്പന്നങ്ങള്‍ വരെ എത്തുന്നു. തെങ്ങിൻ ചുവടിനു സമീപത്ത് പ്രത്യേകമായി നിർമ്മിച്ച ടെന്റുകളും ഇരിപ്പടങ്ങളുമാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത.
കാഴ്ചകളിൽ ഉടക്കിക്കിടക്കുന്ന ബീച്ചുകൾ മാത്രമല്ല,രുചിയുടെ നാനാത്വത്തിൽ ഏകത്വം തേടിയുള്ള യാത്ര കൂടിയാണ് സഞ്ചാരികൾക്ക് ഗോവ.ഇവിടുത്തെ മനുഷ്യരുടെ രുചിയാഴങ്ങളിൽ പ്രധാനമായും കുടുങ്ങിക്കിടക്കുന്ന രണ്ടു പേരാണ്-മത്സ്യവും പന്നിയും.കശുമാങ്ങയിൽ നിന്നും പ്രത്യേകം വാറ്റിയെടുക്കുന്ന ഫെനിയാണ് അവരുടെ ദേശീയ പാനീയവും.ഗോവയുടെ ചരിത്രത്താളുകളിൽ മത്സ്യവും മാംസവും മദ്യവും അവരുടേതായ ഇടമൊരുക്കിയത് പോർച്ചുഗീസ് ഭരണത്തോടെയാണെങ്കിലും കടലിൽ നിന്നും മുകളിലോട്ട് പുളയ്ക്കുന്ന കഴുത്തില്ലാത്ത മീനുകളും ഭൂമിയിലേക്ക് കഴുത്തില്ലാത്ത തങ്ങളുടെ തല കുനിക്കുന്ന പന്നികളും കശുവണ്ടി കഴുത്താക്കി തൂങ്ങിക്കിടക്കുന്ന കശുമാങ്ങകളും തലയും വാലുമില്ലാതെ നീണ്ടു കിടക്കുന്ന കടൽത്തീരങ്ങളും ഇന്നവരുടെ നല്ല ജീവിതത്തിലേക്ക് തൊട്ടുണർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സംഗതികൾ തന്നെയാണ്.
 
കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കടലും ബീച്ചുകളുടെ സൗന്ദര്യവും ആഘോഷ തിമിർപ്പുകളുമൊക്കെയാണ് ഗോവയുടെ ഹൈലൈറ്റ് എങ്കിലും ചരിത്രപ്രാധാന്യമുള്ള അനവധി നിരവധി സ്ഥലങ്ങളും കെട്ടിടങ്ങളും  വെള്ളച്ചാട്ടങ്ങളുമൊക്കെ നിങ്ങൾക്കിവിടെ കാണുവാൻ കഴിയും.ഗോ..വാ..എന്നാൽ പോയിട്ട് വാ എന്നൊരർത്ഥം കൂടിയുണ്ട്!

Back to top button
error: