അന്തർജില്ല മോഷ്ടാവിനെ കട്ടപ്പനയിൽ പിടികൂടി
പ്രത്യേകം ആയുധങ്ങൾ നിർമ്മിച്ച് തിരിച്ചറിയാത്ത മുഖംമൂടിയും കൈയുറകളും ധരിച്ച് ആയുധങ്ങൾ പ്രത്യേകം ബാഗിലാക്കി രാത്രിയിൽ ബൈക്കിലെത്തിയാണ് പ്രതി കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്. അടുത്ത കാലത്തു തന്നെ കോട്ടയം ഇടുക്കി ജില്ലകളിലായി ഇരുപതോളം വീടുകളിൽ മോഷണങ്ങൾ നടത്തി. ഒടുവിൽ തിരുവനന്തപുരം, പാറശാല പൂവരക് വിള വീട്ടിൽ സജു (36) പൊലീസ് വലയിൽ കുടുങ്ങി
നിരവധി കുറ്റകൃത്യങ്ങളിൽ പെട്ട അന്തർജില്ല മോഷ്ടാവിനെ ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമിയുടെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈ.എസ്.പി, വി.എ നിഷാദ് മോൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടി.
അടുത്തകാലയളവിൽ നടന്ന ഇരുപതോളം ഭവനഭേദന കേസുകളിലെ പ്രതിയായ തിരുവനന്തപുരം, പാറശാല പൂവരക് വിള വീട്ടിൽ വേലപ്പൻനായരുടെ മകൻ സജു (36) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
സമീപകാലത്ത് ഇടുക്കി ജില്ലയിലെ കട്ടപ്പന പോലീസ് സ്റ്റേഷൻ പരിധിയിൽ 13 കേസുകളും പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടും മുരിക്കാശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നും കോട്ടയം ജില്ലയിലെ പൊൻകുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കേസും ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. മാലപൊട്ടിക്കൽ കേസിൽ 2020 നവംബർ മാസത്തിൽ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്ത പ്രതി 2021 ജനുവരിയിൽ ജയിൽ മോചിതനായ ശേഷം ഇടുക്കി ജില്ലയിലെ വെള്ളിലാംകണ്ടം ഭാഗത്ത് വാടകയ്ക്ക് താമസിച്ച് മോഷണം നടത്തി വരവേയാണ് പിടിയിലായത്.
ഭവനഭേദനത്തിനായി പ്രത്യേകം ആയുധങ്ങൾ നിർമ്മിച്ച് തിരിച്ചറിയാത്ത വിധം മുഖംമൂടിയും കൈയുറകളും ധരിച്ച് ആയുധങ്ങൾ പ്രത്യേകം ബാഗിലാക്കി രാത്രികാലങ്ങളിൽ ബൈക്കിലെത്തിയാണ് പ്രതി കൃത്യങ്ങൾ നടത്തിയിരുന്നത്.
പ്രധാന റോഡുകളോടുചേർന്ന ഒറ്റപ്പെട്ട വീടുകളാണ് പ്രതി മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. പ്രതി മറ്റേതെങ്കിലും സ്ഥലങ്ങളിൽ സമാന കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.
2013 ൽ തിരുവനന്തപുരം പൂവാറിൽ നിന്ന് വിഗ്രഹംമോഷ്ടിച്ച കേസിലും ടെക്നോപാർക്കിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും പന്തളത്തുനിന്ന് കാർ മോഷ്ടിച്ച കേസിലും പ്രതി നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.