KeralaNEWS

ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ അഥവാ കുറുപ്പിന്റെ കണക്കു പുസ്തകം

 

1984 ജനുവരി 22 ഞായറാഴ്ച്ച  പുലർച്ചെ 3 മണിയ്ക്ക് മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന ഗ്രാമത്തിൽ റോഡിനോട് ചേർന്ന് വീടുള്ള സുരേഷ് കുമാർ കതകിലെ ശക്തമായ മുട്ട് കേട്ടാണ് ഉണർന്നത്. വഴിയേ പോയ ഒരു കാറിന്റെ ഡ്രൈവറായിരുന്നു അത്.ചേട്ടാ അടുത്തുള്ള വയലിൽ ഒരു കാർ തീ കത്തുന്നു.അതിന്റെ ഡ്രൈവിംഗ് സീറ്റിൽ ആളുണ്ട് പരിഭ്രമം കലർന്ന ശബ്ദത്തോടെ അയാൾ പറഞ്ഞു. സുരേഷ്കുമാർ ഉടനെ അയൽവാസിയായ രാധാകൃഷ്ണനാശാരിയെ വിളിച്ചുണർത്തി ആ കാറിൽ സംഭവസ്ഥലത്തേക്ക് കുതിച്ചു. അവിടുത്തെ കാഴ്ച്ച കണ്ട് അവർ വിറങ്ങലിച്ചു നിന്നു.കറുത്ത അംബാസിഡർ കാറിൽ തീ പടർന്നിരിക്കുന്നു. ഉള്ളിൽ സ്റ്റിയറിങ്ങിനു പുറകിലായി കരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു മനുഷ്യ ശരീരം. വലതു വശത്തെ ഡോർ തുറന്നു കിടക്കുകയായിരുന്നു.തീ പടർന്നെങ്കിലും കാറിന്റെ നമ്പർ പക്ഷെ വ്യക്തമായി കാണാമായിരുന്നു KLQ 7831.ഇതിനിടയ്ക്ക് ബഹളം കേട്ട് കൂടുതൽ ആളുകൾ അവിടെ എത്തിച്ചേർന്നിരുന്നു.നാട്ടുകാർ തീ അണയ്ക്കാനുള്ള പരിശ്രമത്തിനിടയിൽ സുരേഷ് കുമാർ അടുത്ത വീട്ടിലെ ഓട്ടോറിക്ഷയിൽ കയറി മാവേലിക്കര സ്റ്റേഷനിലേക്ക് പുറപ്പെട്ടു.അവിടെയെത്തി ഹെഡ് കോൺസ്റ്റബിളിനെ കാര്യങ്ങൾ ഒരു വിധം ധരിപ്പിച്ചു.കേരളത്തെ നടുക്കിയ ഒരു കേസ് അവിടെ  തുടങ്ങുകയായിരുന്നു.ഇന്നും  പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ കഥ.
പുലർച്ചെ 5 മണിയോടു കൂടി തന്നെ പോലീസ് സൂപ്രണ്ട് രാമചന്ദ്ര നോടൊപ്പം ഡിവൈഎസ്പി ഹരിദാസും മറ്റുള്ളവരും  സംഭവസ്ഥലത്ത് എത്തി. KLQ 7831 എന്ന നമ്പറിൽ ഉള്ള കറുത്ത അംബാസിഡർ കാർ വയലിലേക്ക് ചരിഞ്ഞിറങ്ങിയ രീതിയിലായിരുന്നു. പാടത്തിന്റെ കിഴക്കുവശത്തു നിന്നായി ഒരു ജോഡി ചെരുപ്പം ഒരു റബർ ഗ്ലൗസും ഇതിനകം അവർ കണ്ടെത്തിയിരുന്നു.കാറിന്റെ ഉള്ളിൽ നിന്നും ഒരു പെട്രോൾ കന്നാസും കൂടി അവർക്ക് ലഭിച്ചു.പാടത്തിന്റെ സമീപത്തുകൂടി നെൽചെടികൾ ചവിട്ടിമെതിച്ചു ഓടിയതിന്റെ കാൽപ്പാടുകൾ വ്യക്തമായി കാണാമായിരുന്നു.നാട്ടുകാരിൽ ചിലർ കാറിന്റെ നമ്പർ കണ്ടിട്ട് അത് ചെറിയനാട്ടുകാരനായ, രണ്ടാഴ്ച്ച മുൻപ് മാത്രം അബൂദാബിയിൽ നിന്നും വന്ന സുകു എന്ന് അറിയപെടുന്ന സുകുമാരക്കുറിപ്പിന്റേതാകാം എന്ന് സംശയം പ്രകടിപ്പിച്ചു.തുടർന്ന് കുറുപ്പിന്റെ വീട്ടിലേക്ക് വിവരം പോയി.
   ഇൻക്വസ്റ്റ് നടത്തനായി മൃതദേഹം വയൽ വരമ്പിൽ തന്നെ മറ കെട്ടിയ ഷെഡ്ഡിലേക്ക് ഇതിനകം മാറ്റിയിരുന്നു. ഡിവൈഎസ്പി ഹരിദാസ് ഇൻക്വസ്റ്റിന് നേതൃത്വം നൽകി. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.പോലീസ് സർജൻ ഡോക്ടർ ഉമാദത്തന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പോസ്റ്റുമോർട്ടം നടത്തിയത്.തുടർന്ന്  ഡിവൈഎസ്പിയോട് തന്റെ ചില സംശയങ്ങൾ അദ്ദേഹം പ്രകടിപ്പിച്ചു.അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു രണ്ടാഴ്ച്ച മുൻപ് മാത്രം ഗൾഫിൽ നിന്നും വന്ന വ്യക്തിയുടെ ദേഹത്ത് മോതിരമോ , റിസ്റ്റ് വാച്ചോ, ബ്രേസ് ലെറ്റോ തുടങ്ങി ഒന്നുംതന്നെ ഉണ്ടായിരുന്നില്ല എന്നത്.അടുത്തത് മൃതദേഹത്തിന്റെ
 ചില ഭാഗങ്ങളിൽ പെട്രോൾ പോലുള്ള എന്തോ വീണ് കത്തിയതിന്റെ ലക്ഷണം.അത് മരിച്ചതിനു ശേഷമുള്ള പൊള്ളൽ ആണെന്ന് ഡോക്ടർ വ്യക്തമായി.തന്നെയുമല്ല, നെഞ്ച് തുറന്ന് ശ്വാസകോശവും മറ്റും പരിശോധിച്ച ഡോക്ടർക്ക് കരിയുടെ ഒരംശം പോലും ഉള്ളിൽ കാണാൻ സാധിച്ചുമില്ല.അതേസമയം കഴുത്തിന്റെ പേശിയിൽ നിറവ്യത്യാസം ഉണ്ടായിരുന്നുതാനും.വയർ തുറന്ന് പരിശോധിച്ച ഡോക്ടർക്ക് വയറിൽ കുറച്ചു മദ്യത്തിന്റെയും തവിട്ടു നിറത്തിലുള്ള എന്തോ ഒരു ദ്രാവകത്തിന്റെയും അവശിഷ്ടവും ലഭിച്ചിരുന്നു.പല്ലിന്റെയും എല്ലിന്റെയും പരിശോധനയിൽ നിന്നും മരിച്ച ആളിന് 30-35 വയസ്സ് പ്രായമുണ്ടാകാം എന്നും 180 സെമി ഉയരവും ഉള്ള ആൾ മരിച്ചതിനു ശേഷമാണ് അഗ്നിക്ക് ഇരയായതെന്നും ഡോക്ടർ ഉമാദത്തൻ അർത്ഥശങ്കക്കിടയില്ലാതെ അവരോട് വിവരിച്ചു.
തുടർന്ന് ആമാശയവും , കരളും ഉൾപ്പെടെ ശരീരഭാഗങ്ങളുടെ സാമ്പിൾ രാസപരിശോധനയ്ക്കും ഹൃദയത്തിൽ നിന്നും കുറച്ച് രക്തം ഗ്രൂപ്പ് കണ്ടു പിടിക്കുന്നതിനും കരിയാതിരുന്ന  രോമങ്ങളിൽ ചിലത് ഫോറൻസിക്ക് പരിശോധനയ്ക്കുമായി ശേഖരിക്കപെട്ടു.ഇതിനുശേഷം കുറുപ്പിന്റെ ഭാര്യ സരസമ്മയും മക്കളും വിദേശത്തായതിനാൽ നാട്ടിലുണ്ടായിരുന്ന ബന്ധുക്കൾ ജഢം ഏറ്റുവാങ്ങി ചെങ്ങന്നൂരിനടുത്ത് പുലിയൂരിൽ കുറുപ്പിന്റെ വസതിയിൽ കൊണ്ടുപോയി സംസ്ക്കരിച്ചു.
പോസ്റ്റുമോർട്ടം കഴിഞ്ഞ് എസ്പി രാമചന്ദ്രനും ഡിവൈഎസ്പി ഹരിദാസും പോലീസ് സർജനോടൊപ്പം മാവേലിക്കര സ്റ്റേഷനിലേക്ക് തിരിച്ചു. അവിടെ അവരെ കാത്ത് കുറുപ്പിന്റെ ഭാര്യാ സഹോദരി തങ്കമണിയുടെ ഭർത്താവ് ഭാസ്ക്കരപ്പിള്ള  നിൽപ്പുണ്ടായിരുന്നു.മരിച്ചത് കുറുപ്പെന്നും ഗൾഫിലെ ശത്രുക്കളാരോ വകവരുത്തിയതാകും എന്ന് പിള്ള പോലീസിനു മൊഴി കൊടുത്തിരുന്നു.അതിന്റെ വിശദാംശങ്ങൾ അറിയുന്നതിനാണ് പോലീസ് അയാളെ സ്റ്റേഷനിലേക്ക്  വിളിപ്പിച്ചത്.
ഫുൾസ്ലീവ് ഷർട്ടും മുണ്ടും ധരിച്ച് പോലീസിനു മുന്നിൽ തൊഴുകൈയ്യോടെ നിന്ന പിള്ളയെ ശ്രദ്ധിച്ച ഡിവൈഎസ്പിയ്ക്ക് അയാളുടെ കൺപീലികൾ കരിഞ്ഞിട്ടുണ്ടോ എന്നൊരു സംശയം തോന്നി.തന്നെയുമല്ല മാവേലിക്കര പോലൊരു ഗ്രാമപ്രദേശത്ത് മുണ്ടിനോടൊപ്പം ഫുൾ സ്ലീവ് ഷർട്ടും ധരിച്ചു നിന്ന പിള്ളയോട് ഷർട്ടിന്റെ കൈ മടക്കിവയ്ക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.ആദ്യം വൈമുഖ്യം കാണിച്ച പിള്ള പോലീസിന്റെ മട്ടുമാറിയപ്പോൾ ഫുൾസ്ലീവ് തെറുത്തു മുകളിലേക്ക് കയറ്റി. അതു കണ്ട് എല്ലാവരും അമ്പരന്നു. പിള്ളയുടെ കൈ പൊള്ളിയിരിക്കുന്നു . ഡിവൈഎസ്പിയുടെ കൂടെ ഉണ്ടായിരുന്ന ഡോ. ഉമാദത്തൻ പിള്ളയുടെ ശരീരം പരിശോധിച്ചു. വലതു കൈക്കും ,കൺപീലിയ്ക്കും , കാൽമുട്ടിനും പൊള്ളൽ ഏറ്റിരിയ്ക്കുന്നു!  വിശദ പരിശോധ നയിൽ അത് തീ ജ്വാല കൊണ്ടുള്ള പൊള്ളൽ ആണെന്നും അത് 24 മണിക്കൂർ പോലും പഴക്കമില്ലെന്നും വ്യക്തമായി.കൂടുതൽ ചോദ്യം ചെയ്യലിൽ കുറുപ്പിനെ കൊന്നത് താനാണെന്നും ഗൾഫിൽ വിസയ്ക്ക് 50,000 രൂപ വാങ്ങുകയും തുടർന്ന് വിസ നൽകാതിരുന്നതുമാണ് കൊലയ്ക്ക് കാരണമെന്നും ഭാസ്ക്കരപിള്ള മൊഴി നൽകി.
 പക്ഷെ ഇതിന്റെ ഇടയ്ക്ക് മറ്റൊരു സംഭവം നടന്നിരുന്നു.
രാവിലെ സംഭവസ്ഥലത്ത് എത്തുന്നതിന് മുൻപേ ഡിവൈഎസ്പി ഹരിദാസ് തന്റെ സ്പെഷ്യൽ സക്വാഡിലെ വിദഗ്ധരായ രണ്ടുപേരെ മഫ്ടിയിൽ കുറുപ്പിന്റെ വീടും പരിസരവും നിരീക്ഷിക്കാൻ ഇതിനകം നിയോഗിച്ചിരുന്നു.അവർ റിപ്പോർട്ട് ചെയ്തത് കുറുപ്പിന്റെ വീട്ടിൽ ആരുടെയും മുഖത്ത് ഒരു വിഷാദ ഭാവവും ഉണ്ടായിരുന്നില്ല, മരണവീട്ടിൽ  കോഴിയെപ്പോലും കറി വച്ചിരുന്നു എന്നുമാണ്.മാത്രമല്ല കുറുപ്പിന് രണ്ട് കാർ ഉണ്ടെന്നും കാറിൽ എപ്പോഴും സന്തത സഹചാരിയായി ഡ്രൈവർ പൊന്നപ്പൻ എന്നൊരാളും ഉണ്ടാകും എന്നൊരു വിവരം കിട്ടിയിട്ടുണ്ട്  എന്നും അവർ അറിയിച്ചു.
 തുടർന്ന് പോലീസ് ടീം സുകുമാരക്കുറുപ്പിന്റെ  വീട്ടിൽ എത്തി. മരണ വീട്ടിൽ എല്ലാവരുടെയും സംസാരം കുറുപ്പിന്റെ നിഴലുപോലെ നടന്ന ഡ്രൈവർ പൊന്നപ്പനെ കുറിച്ചായിരുന്നു. പൊന്നപ്പൻ കുറിപ്പിനെ കൊന്നു എന്ന രീതിയിലായിരുന്നു നാട്ടുകാരുടെ ആ  സംസാരം. ഇതിനിടയിലാണ്  പൊന്നപ്പൻ അവിടേയ്ക്ക് കാറോടിച്ച് വരുന്നത് .ചോദ്യം ചെയ്യലിൽ കാർ വാടകയ്ക്കു വിളിച്ച ആളുകളുമായി ആലുവയിൽ പോയതാണെന്നും മാവേലിക്കരയിൽ എത്തിയപ്പോഴാണ് വിവരം ലഭിച്ചതെന്നുമാണ്
പൊന്നപ്പൻ പോലീസിനോട് പറഞ്ഞത്.
പൊന്നപ്പനേയും കൂട്ടി പോലീസുകാർ സ്റ്റേഷനിലേക്ക് പോയി.തുടർന്ന്  കൂടുതൽ ചോദ്യം ചെയ്യലിൽ
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്നും ചെറിയനാട്ടേക്കുള്ള യാത്രാമധ്യേ കരുവാറ്റയിൽ വച്ച് വഴിയാത്രക്കാരനായ ഒരു യുവാവിനെ വാഹനം ഇടിച്ചുവെന്നും റോഡിൽ തെറിച്ചുവീണ യുവാവ് തൽക്ഷണം മരിച്ചതിനാൽ ഭയന്നു പോയ തങ്ങൾ ബോഡി കാറിൽ കയറ്റി മാവേലിക്കരയിൽ എത്തിച്ച് പാടത്തേക്ക് വാഹനം ഇറക്കി സ്റ്റിയറിങ്ങിന് പുറകിൽ ഇരുത്തി തീവച്ചുവെന്നും തുടർന്ന്  സുകുമാരക്കുറുപ്പിനെ ആലുവയിൽ ഒരു ലോഡ്ജിൽ ഇറക്കിയെന്നും പൊന്നപ്പൻ പോലീസിനോട് പറഞ്ഞു.
 തുടർന്നുള്ള അന്വേഷണത്തിൽ  ആലുവയിലെ അലങ്കാർ ലോഡ്ജിലേക്കാണ് ഇവർ പോയതെന്ന് മനസ്സിലാക്കിയ പോലീസ് ഉടൻ ആലുവ പോലീസിന് വിവരം കൈമാറി.പക്ഷെ പോലീസ് ലോഡ്ജിൽ എത്തുന്നതിനു മുമ്പ്  കുറുപ്പ് അവിടെ നിന്നും രക്ഷ പെട്ടിരുന്നു.ലോഡ്ജിലെ റജിസ്റ്ററിൽ
“വേണുഗോപാൽ അലപ്പുഴ ” എന്നൊരു വിലാസം ഉണ്ടായിരുന്നു.അത് കുറുപ്പിന്റേതു തന്നെയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.അതോടെ
കുറുപ്പ് ജീവിച്ചിരിക്കുന്നു എന്ന് അറിഞ്ഞ പോലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കി.അപ്പോഴും കൊല്ലപ്പെട്ട യുവാവ് ആര് എന്ന ചോദ്യം മാത്രം ബാക്കി നിന്നു.
30-35 വയസ്സുള്ള, 180 സെമീ ഉയരമുള്ള യുവാക്കൾ ആരെങ്കിലും കാണാതായിട്ടുണ്ടോ എന്ന് അന്വേഷിച്ച് പോലീസ് “മാൻ മിസ്സിങ്ങ് “പരാതികൾ തിരയാൻ തുടങ്ങി. തുടർച്ചയായി ചോദ്യം ചെയ്തെങ്കിലും കുറുപ്പിനോളം ഉയരമുള്ള ആൾ എന്നു മാത്രമേ ഭാസ്ക്കരപിള്ളയ്ക്കും അറിവു ഉണ്ടായിരുന്നുള്ളൂ .
ഇതിനിടയിൽ ഹരിപ്പാട് സ്റ്റേഷനിൽ നിന്നും ഒരു അറിയിപ്പ് അന്വേഷണ ഉദ്യോഗസ്ഥനു കിട്ടിയിരുന്നു.ജനുവരി 21 ന് വീട്ടിൽ എത്തേണ്ടിയിരുന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശിയും ഫിലിം റപ്രസന്റേറ്റീവുമായ ചാക്കോ എന്ന യുവാവിനെ കാണാനില്ല എന്നതായിരുന്നു അത്. അദ്ദേഹത്തിന്റെ ജേഷ്ഠൻ തോമസ് ആണ് പരാതിക്കാരൻ.പോലീസ് ചാക്കോയുടെ ഭാര്യ ശാന്തമ്മയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ആലപ്പുഴ കരുവാറ്റ ഹരി തിയറ്ററിൽ ഫിലിം പെട്ടിയുമായി പോയ ചാക്കോ ജനുവരി 21 ന് തന്നെ രാത്രി തിരിച്ച് എത്തേണ്ടതായിരുന്നു പക്ഷെ എത്തിയിട്ടില്ല എന്ന് അവർ പോലീസിനോട് പറഞ്ഞു.
തുടർന്ന്  കുഴിച്ചിട്ട ബോഡി പുറത്തെടുത്ത് പോലീസ് വിശദമായ പരിശോധനയ്ക്കുള്ള നീക്കങ്ങൾ ആരംഭിച്ചു.തലയോട് സൂപ്പർ ഇംബോസിഷനു വിധേയമാക്കി ചാക്കോയുടെ വീട്ടിൽ നിന്നും ലഭിച്ച പാസ്പോർട്ട് സൈസ് ഫോട്ടോ ഉപയോഗിച്ചായിരുന്നു ടെസ്റ്റ് .ടെസ്റ്റിൽ മരിച്ചത് ചാക്കോ ആണെന്ന് ഉറപ്പിച്ചു. കൂടുതൽ തെളിവിനായി കരിഞ്ഞു നശിക്കാതെ അവശേഷിച്ച കാൽപാദത്തിന്റെ അസ്ഥികൾ ശാസ്ത്രീയമായ രീതിയിൽ പോലീസ്‌ സർജൻ പുന:സൃഷ്ടിച്ചു. അത് ചാക്കോയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ ചെരുപ്പിൽ പൂർണമായും യോജിക്കുക മാത്രമല്ല, വിരലിന്റെ പാടുകൾ പോലും കിറുകൃത്യവുമായിരുന്നു (ഇന്ത്യയിൽ ആദ്യത്തെ കേസായിരുന്നു പാദം പുന:സൃഷ്ടിച്ചുള്ളത് ) തുടർന്ന് കുറുപ്പിന്റെ വീട്ടിലും ഭാസ്ക്കരപിള്ളയുടെ വീട്ടിലും നടത്തിയ വിശദ പരിശോധനയിൽ കരിഞ്ഞ തുണിയും മറ്റു തെളിവുകളും പോലീസിന് ലഭിച്ചു.
സാധാരണ പോലെ തന്നെ സുകുമാരക്കുറുപ്പ് വിദേശത്തു നിന്നും വന്നപ്പോൾ എയർപോർട്ടിൽ സ്വീകരിക്കാൻ പോയത് ഭാസ്ക്കരപിള്ളയും ഡ്രൈവർ പൊന്നപ്പനും കൂടിയായിരുന്നു .1984 ജനുവരി 6 വെള്ളിയാഴ്ച്ചയായിരുന്നു അത്.  കുറുപ്പ് തിരുവനന്തപുരം എയർപോർട്ടിൽ എത്തി. കൂടെ കുറുപ്പിന്റെ കൂടെ ജോലി ചെയ്തിരുന്ന ചാവക്കാട് സ്വദേശി ഷാഹു എന്നൊരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു .ഇത്തവണ കുറുപ്പ് വന്നത് ഒരു പദ്ധതിയോടു കൂടിയായിരുന്നു കുറുപ്പിന്റെ പേരിൽ അബുദാബിയിൽ അൻപത് ലക്ഷം രൂപയ്ക്ക് അടുത്ത് മൂല്യം വരുന്ന ഒരു ഇൻഷുറൻസ് ഉണ്ട്. അത് എങ്ങിനെയെങ്കിലും തട്ടിയെടുക്കണം.അത് അപകട മരണമെങ്കിൽ തുക ഇനിയും കൂടും. കിട്ടുന്നതിൽ ഒരു വിഹിതം വാഗ്ദാനം നൽകി ഡ്രൈവർ പൊന്നപ്പനെയും ഭാര്യാ സഹോദരീ ഭർത്താവ് ഭാസ്ക്കരപിള്ളയെയും കൂടെ കൂട്ടി. ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നും ശവം മോഷ്ടിക്കാം എന്നായിരുന്നു ആദ്യ പദ്ധതി. ഫോർമാലിനിൽ സൂക്ഷിച്ച ശരീരം പോസ്റ്റുമോർട്ടം ചെയ്യുന്ന ഡോക്ടർ തിരിച്ചറിയും എന്ന ഭീതിയിൽ ആ പദ്ധതി പിന്നീട് ഉപേക്ഷിച്ചു.പിന്നീടുള്ള ഒരു പദ്ധതി ആലപ്പുഴ വലിയ ചുടുകാട്ടിൽ അടുത്ത കാലത്ത് സംസ്ക്കരിച്ച ശവം തോണ്ടി എടുക്കലായിരുന്നു. വാച്ച് മാൻ പദ്ധതിയ്ക്ക് കൂട്ടുനിൽക്കാത്തതിനാൽ അതും നടപ്പിലായില്ല.തുടർന്ന് സുകുമാരക്കുറുപ്പിന്റെ വണ്ണയും പൊക്കവും ഉള്ള ആളെ തട്ടികൊണ്ടു പോയി കൊലപ്പെടുത്താം എന്നതായി ആ പദ്ധതി. ഈ പദ്ധതി എല്ലാവർക്കും സ്വീകാര്യമായി. ഇതിനായി ആലപ്പുഴ , ഹരിപ്പാട് മേഖലകളിൽ അർദ്ധരാത്രിയോടെ സംഘം റോന്തുചുറ്റാൻ ആരംഭിച്ചു. ഒരു പാട് ശ്രമിച്ചെങ്കിലും അങ്ങിനെ ഒരാളെ കണ്ടെത്താൻ സംഘത്തിന് കഴിഞ്ഞില്ല. തുടർന്ന് ഷാഹു ഓടിച്ചിരുന്ന വണ്ടിയിലായിരുന്ന കുറുപ്പ് പന്മന ഭാഗത്തെ കൽപകവാടി റിസോർട്ടിലേക്ക് പോയി. പൊന്നപ്പനും ,ഭാസ്ക്കരപ്പിള്ളയും അവസാന ശ്രമം എന്ന നിലയിൽ ഒന്നു കൂടി ചുറ്റി കറങ്ങി . അപ്പോഴാണ് കരുവാറ്റ ഹരി തിയറ്ററിന് സമീപം വച്ച് ആറടി യോളം ഉയരം തോന്നിയ്ക്കുന്ന ഒരു യുവാവ് ആ കാറിന് ലിഫ്റ്റ് ചോദിച്ചത്. കൊല്ലാൻ ഇരയെ കാത്തു നിന്നവരോടാണ് താൻ സഹായം ചോദിയ്ക്കുന്നതെന്ന് അയാൾക്ക് അറിയില്ലായിരുന്നു.6 മാസം ഗർഭിണിയായ ഭാര്യയോട് എത്ര വൈകിയാലും താൻ എത്തുമെന്ന് പറഞ്ഞാണ് ആ യുവാവ് അന്ന് വീട്ടിൽ നിന്നുമിറങ്ങിയത് . മുൻ സീറ്റിൽ ഇരുന്ന യുവാവ് വളരെ സൗമ്യനായി കാണപെട്ടു . കുറച്ചു മദ്യം കഴിക്കാൻ ഭാസ്ക്കരപിള്ള ക്ഷണിച്ചെങ്കിലും യുവാവ് സ്നേഹപൂർവ്വം നിരസിച്ചു . തുടർന്ന് കാറോടിച്ചിരുന്ന പൊന്നപ്പൻ തോട്ടപ്പള്ളി പാലത്തിനു സമീപത്തു നിന്നും പന്മന ഭാഗത്തേക്ക് വാഹനം തിരിച്ചു. എന്തോ പറയാൻ തുടങ്ങിയ യുവാവിനെ കഴുത്തിൽ ചുറ്റി പിടിച്ച് ഈതർ കലക്കിയ മദ്യം ബലം പ്രയോഗിച്ച് വായിലേക്ക് ഒഴിച്ചു കൊടുത്തു. തുടർന്ന് കഴുത്തിൽ തോർത്ത് മുറുക്കി കഴുത്ത് ഒടിച്ചു കൊലപ്പെടുത്തി. ചാക്കോയുടെ ജഡവുമായി പിന്നീട് ഇവർ  സുകുമാരക്കുറുപ്പിന്റെ അടുത്തെത്തി.തുടർന്ന് നാൽവർ സംഘം ചാക്കോയുടെ ജീവനറ്റ ശരീരവും കൊണ്ട് ഭാസ്ക്കരപിള്ളയുടെ വീടായ സ്മിതാഭവനിലെത്തി.ശേഷം  കുളിമുറിയിൽ കിടത്തി ശരീരത്തിലെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി കുറുപ്പിന്റെ ഷർട്ടും മുണ്ടും ധരിപ്പിച്ചു തുടർന്ന് തലയും മുഖവും പെട്രോൾ ഒഴിച്ച് കത്തിച്ചു വികൃതമാക്കിയ ശരീരം തുടർന്ന് കാറിന്റെ ഡിക്കിയിൽ കയറ്റി കുന്നം വയലിൽ എത്തിച്ചു വയലിലേക്ക് ഇറക്കി ചാക്കോയെ ഡ്രൈവിംഗ് സീറ്റിലിരുത്തി കാറിനകത്തും പുറത്തും പെട്രോൾ ഒഴിച്ച് കത്തിച്ചു.
കേസിൽ ചാവക്കാട് സ്വദേശി ഷാഹുവിനെയും പോലീസ്  അറസ്റ്റ് ചെയ്തു. തിരുവനന്തപുരം എയർപോർട്ടിലെ  എംബാർക്കേഷൻ കാർഡിൽ നിന്നും ഷാഹുവിന്റെ വിലാസം എടുത്തായിരുന്നു അത്.ഇത് പൂരിപ്പിച്ചിരുന്നതും കുറുപ്പായിരുന്നു . ചാവക്കാട് ഉൾപ്രദേശത്ത് താമസിച്ചിരുന്ന ഷാഹു താൻ ഒരിക്കലും പിടിയ്ക്കപെടുമെന്ന് കരുതിയാരുന്നില്ല. പത്രം വായിക്കുന്ന വ്യക്തി അല്ലാത്തതിനാൽ കേസിന്റെ വിവരങ്ങൾ ഷാഹു അറിഞ്ഞിരുന്നുമില്ല.
ഭാസ്ക്കരപിളയ്ക്കും , ഡ്രൈവർ പൊന്നപ്പനും ജീവപര്യന്തം തടവും ഷാഹു  മാപ്പു സാക്ഷിയുമായ കേസിൽ പക്ഷെ
സുകുമാരക്കുറുപ്പ് മാത്രം അന്നും ഇന്നും ഇരുട്ടത്ത് തുടരുന്നു.
വിദേശത്ത് മാന്യമായ ശബളവും ഉയർന്ന ജോലിയും ഉണ്ടായിരുന്ന കുറുപ്പിന്റെ  അത്യാഗ്രഹം ഒന്നു മാത്രമാണ് സ്വന്തം ജീവിതം ഒരു ഒളിവു ജീവിതമാക്കിയതും ഒരു ബന്ധമോ പരിചയമോ ഇല്ലാത്ത ചാക്കോയുടെ ജീവിതവസാനത്തിനും കാരണമായതും.
[jm-live-blog title=”” description=””]
അവലംബം:
ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ
By: ഡോ: ഉമാദത്തൻ

Back to top button
error: