നേട്ടങ്ങളുടെ പട്ടികയും ടൂർണമെന്റുകളുടെ എണ്ണവും കാണികളുടെ പങ്കാളിത്തവും തലമുറകളെ ആവേശം കൊള്ളിച്ച കളിക്കാരുടെ ജനപ്രീതിയുമൊക്കെ കണക്കിലെടുക്കുമ്പോൾ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കളി വോളിബോളാണെന്ന കാര്യത്തിൽ സംശയമില്ല.പക്ഷെ നമ്മുടെ ചെറുപ്പക്കാർക്ക് മൊബൈൽ ഗെയിമുകളുടെയും ക്രിക്കറ്റിന്റെയുമൊക്കെ ലഹരിഭ്രാന്തിൽ ഇടയിൽ എവിടെയോ കാലിടറിപ്പോയി.അതോ ഗവൺമെന്റിനോ! കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലും കപ്പ പറിച്ച കാലായിലും വരെ ഒരുകാലത്ത് വോളിബോൾ ടൂർണമെന്റുകൾ അരങ്ങേറിയിരുന്നു.കെട്ടിപ്പൊക്കിയ മുളഗാലറികളിലും കയ്യാലപ്പുറത്തും വരെ തിങ്ങിനിറഞ്ഞിരുന്ന കാണികൾ.ഗ്രാമങ്ങളുടെ വൈകുന്നേരങ്ങളെ ആവേശത്തിലേക്ക് ഉയർത്തി ചാടിച്ചിരുന്ന കളിക്കാരുടെ സ്മാഷുകൾ.ഓരോ നാടിന്റെയും ആവേശമായ അവരവരുടെ സ്വന്തം ക്ലബ്ബുകൾക്കൊപ്പം കേരള പോലീസ്, കെഎസ്ആർടിസി, കെഎസ്ഇബി, ടൈറ്റാനിയം, ഏജീസ്, പോർട്ട് ട്രസ്റ്റ്, പ്രിമിയർ ടയേർസ് .. തുടങ്ങി എത്രയെത്ര വമ്പൻ ടീമുകൾ.ഇങ്ങനെ കേരളത്തിൽ ഏറ്റവും കൂടുതൽ വോളിബോൾ കളിക്കാരെ സംഭാവന ചെയ്ത ഒരു ഗ്രാമമാണ് കോട്ടയം ജില്ലയിലെ മണിമലയ്ക്കടുത്തുള്ള കറിക്കാട്ടൂർ.
വോളിബോളിൽ ഇതുവരെ 25 പേർക്കാണ് അർജുന അവാർഡ് ലഭിച്ചിട്ടുള്ളത്.അതിൽ എട്ടു പേർ മലയാളികളാണ്. കെ.സി. ഏലമ്മ (1975), ജിമ്മി ജോർജ് (1976), കുട്ടികൃഷ്ണൻ (1978-79) സാലി ജോസഫ് (1984), സിറിൽ സി.വള്ളൂർ (1986), ഉദയകുമാർ (1991), കപിൽ ദേവ് (2009), ടോം ജോസഫ് (2013). അതേപോലെ 23 മലയാളികളാണ് ഇതുവരെ വോളിബോളിൽ ഇന്ത്യയെ നയിച്ചത്.കേരളത്തിലെ മറ്റൊരു കായിക ഇനത്തിനും അവകാശപ്പെടാൻ കഴിയാത്ത നേട്ടം.മൂന്ന് പേർ ജൂനിയർ ലോകകപ്പിൽ ഇന്ത്യയുടെ നായകരായിരുന്നു.1958 മുതൽ ഇങ്ങോട്ടു നടന്ന ഏഷ്യൻ ഗെയിംസിൽ കേരളത്തിൽ നിന്നുമുള്ള 43 പേരാണ് ഇന്ത്യൻ വോളിബോൾ ടീമിനെ പ്രതിനിധീകരിച്ചത്.1982 ഡൽഹി ഏഷ്യൻ ഗെയിംസിൽ 10 മലയാളികൾ ഉണ്ടായിരുന്നു.ആറ് പുരുഷന്മാരും നാല് വനിതകളും.കേരള വോളിബോളിന് അഭിമാനിക്കുവാൻ ഇനിയും പല നേട്ടങ്ങൾ ഉണ്ട്… അർജുന അവാർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വോളിബോൾ താരം ഒരു മലയാളിയാണ്. ഇന്ത്യയുടെ ആദ്യത്തെ അറിയപ്പെടുന്ന പ്രൊഫഷണൽ വോളിബോൾ താരവും യൂറോപ്യൻ ലീഗിൽ കളിച്ച ആദ്യ ഇന്ത്യൻ വോളിബോൾ താരവും ഒരു മലയാളിയാണ്. ഇറ്റലിക്കാർ പുതിയ ഒരു ഇൻഡോർ സ്റ്റേഡിയം നിർമിച്ച് അതിന് പേര് കൊടുത്ത് ആദരിച്ചതും ഒരു മലയാളി വോളിബോൾ താരത്തിനെയായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏഷ്യയിലെ ഏറ്റവും മികച്ച പുരുഷ കായികതാരമായി ആദരിക്കപ്പെട്ടതും ഒരു മലയാളി വോളിബോൾ താരത്തെയായിരുന്നു-ജിമ്മിജോർജ്ജ് !!
മല്ലപ്പള്ളി വർക്കി, ജിമ്മി ജോർജ്ജ്, ബേബിച്ചൻ, സോണി, ജോൺസൺ, ഫിലിപ്പ്, ഉദയകുമാർ,സിറിൽ സി വള്ളൂർ,ദാനിക്കുട്ടി, ഇക്ബാൽ,ആനക്കല്ലൻ, കപിൽ ദേവ്, ടോം ജോസഫ്.. വോളിബോളിൽ മലയാളി പെരുമ ഉയർത്തിയ താരങ്ങളുടെ അക്കങ്ങളുടെ പെരുക്കങ്ങൾ ഇവിടെ തീരുന്നില്ല.അതിന്റെ അവസാനത്തെ ആളെന്നു പറയാൻ ഇന്ന് പത്തനംതിട്ട സ്വദേശി ഷോൺ ടി ജോൺ മാത്രം.ഇന്ത്യൻ ടീമിലെ ഇന്നത്തെ ഏക മലയാളി.
പത്തനംതിട്ടയുടെ പരുക്കൻ മണ്ണിൽ പിച്ചവച്ച്, സെന്റ് ജോർജ് കോളേജ് അരുവിത്തറയുടെ മൈതാനത്ത് ബാലപാഠം അഭ്യസിച്ച്, കേരളത്തിനു വേണ്ടി ജൂനിയർ മത്സരം കളിച്ചുകൊണ്ടാണ് ഷോൺ ഇന്ന് ഇന്ത്യൻ വോളിബോൾ ടീമിന്റ നീലക്കുപ്പായത്തിലെത്തി നിൽക്കുന്നത്. പത്തനംതിട്ട വയലത്തല സ്വദേശിയാണ് ഷോൺ ടി ജോൺ.
തിരുവനന്തപുരം ഉണ്ടന്‍കോട് ഇടവകയിലെ യുവാക്കളെ എല്ലാം കോർത്തിണക്കി കോര്‍ട്ടുണ്ടാക്കി അവർക്കായി പരിശീലകനെയും നിയോഗിച്ച ബല്‍ജിയം സ്വദേശിയായ പുരോഹിതന്‍ ബോണ്‍ബാപ്റ്റിസ്റ്റ് നാട്ടുകാര്‍ക്ക് വോളിബോളിലൂടെ വാഗ്ദാനം ചെയ്തത് ആരോഗ്യകരമായ ശരീരവും സംഘടനാ ബോധവും അതിലുപരി പുതിയൊരു കായിക ഇനവുമായിരുന്നു.അത് പിന്നീട് കേരളക്കരയാകെ പടർന്നു.ഇതുവഴി നിരവധി താരങ്ങൾ ഉയർന്നുവരികയും സംസ്ഥാനത്തിനും രാജ്യത്തിനും അവർ അഭിമാനമായി മാറുകയും ചെയ്തു.അവർക്ക് മെച്ചപ്പെട്ട ജോലി ലഭിക്കുന്നതിനും ഇത് കാരണമായി. എങ്കിലും1975-95 കാലഘട്ടമായിരുന്നു കേരളത്തിലെ വോളിബോളിന്റെ സുവർണ്ണകാലഘട്ടം.ആ പെരുമയാണ് ഇന്ന് കേരളത്തിൽ നിന്നും പതിയെ പടിയിറങ്ങിയിരിക്കുന്നത്.