LIFETRENDING

കരുതലോടെ മാസ്ക് അണിഞ്ഞ സിനിമാക്കാഴ്ചകൾ

രു ചലച്ചിത്ര ആസ്വാദകനെ സംബന്ധിച്ചിടത്തോളം ഡിസംബറിന്റെ ആദ്യവാരത്തിലെ പകലും രാത്രികളും സിനിമാ കാഴ്ചകളുടേതാണ്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുത്ത് ലോകത്തിന്റെ വിവിധ ഭാഷകളിൽ നിന്നുള്ള സിനിമകൾ കാണാനായി അവർ ഒരുമിച്ച് തിരുവനന്തപുരത്തേക്ക് ചേക്കേറും. പിന്നെയുള്ള ഏഴ് രാത്രിയും പകലും സിനിമയിലാണ് ജീവിക്കുക. പുതിയ സംസ്കാരവും പുതിയ കാഴ്ചകളും അവരെ മറ്റൊരു ലോകത്ത് എത്തിക്കും. കോവിഡ് പ്രതിസന്ധി ലോകം ആകെ അലയടിക്കുന്ന ഘട്ടത്തിലും അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് പുതിയ രൂപവും ഭാവവും നൽകി അവതരിപ്പിക്കുകയാണ് സംഘാടകര്‍.

കോവിഡ് പശ്ചാത്തലമായതിനാല്‍ തിരുവനന്തപുരത്ത് ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ നാലു മേഖലകളിലായിട്ടാണ് ഇത്തവണ മേള ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് ഈ തവണ മേള നടത്തുക.

തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും, എറണാകുളത്ത് 17 മുതൽ 21 വരെയും, പാലക്കാട് 23 മുതൽ 27 വരെയും, തലശ്ശേരിയിൽ മാർച്ച് 1 മുതൽ 5 വരെയുമായിരിക്കും മേള നടത്തുക. ഓരോ നഗരത്തിലും അഞ്ചു തിയേറ്ററുകളിൽ അഞ്ചു ദിവസം വീതം പ്രദർശനം ഉണ്ടാവും. 200 പേർക്ക് മാത്രമാണ് തീയേറ്ററിൽ പ്രവേശനം ഉണ്ടാവുക. രജിസ്ട്രേഷൻ അതത് മേഖലകളിൽ നടത്തണം. രജിസ്ട്രേഷന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

ഒന്നാം ഘട്ടമായി തിരുവനന്തപുരത്ത് മേള കഴിഞ്ഞ ദിവസം തുടങ്ങി. മേളയില്‍ വെച്ച് സംവിധായകൻ ഗൊദാര്‍ദിന് ആജീവനാന്ത പുരസ്കാരം സമർപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കരുതലോടെയാണ് ഇത്തവണ മേള കൈകാര്യം ചെയ്തിരിക്കുന്നത്. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് നിർദ്ദേശങ്ങളടങ്ങിയ ബുക്ക് ലെറ്റുകൾക്കും ഹാന്‍ഡ് ബുക്കിനുമൊപ്പം ഇത്തവണ മാസ്ക് കൂടി നൽകിയാണ് സംഘാടകർ മാതൃകയാവുന്നത്. എല്ലാ തീയേറ്ററിലും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേക സംഘത്തെയും സംഘാടകർ നിയമിച്ചിട്ടുണ്ട്.

Back to top button
error: