മുഖ്യമന്ത്രിയുടെ തള്ളലുകളെ തള്ളി താഴെയിട്ട് ദീപിക : ക്രൈസ്തവർ വെറും പോഴരല്ലെന്ന് ഓർമ്മപ്പെടുത്തി എഡിറ്റോറിയൽ : പിണറായിക്കെതിരെ പരിഹാസങ്ങളുടെ കൂരമ്പ്

കോട്ടയം : സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് ദീപിക ദിനപത്രം. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ തള്ളലുകളെ അപ്പാടെ തള്ളി താഴെയിട്ടാണ് ദീപിക മുഖപ്രസംഗത്തിലൂടെ ആഞ്ഞടിച്ചിരിക്കുന്നത്.
ക്രൈസ്തവർ വെറും പോഴരല്ലെന്ന ഓർമ്മപ്പെടുത്തലും മുഖപ്രസംഗത്തിൽ ഒളിഞ്ഞിരിപ്പുണ്ട്.
ജസ്റ്റിസ് ജെ ബി കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സർക്കാർ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ വാക്കുകളെ പരിഹാസത്തിന്റെ കൂരമ്പുകൾ ഏയ്താണ് കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപിക എതിരിടുന്നത്.
കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്ന മട്ടിലാണ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചതും ഇന്നലെ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചതുമെന്ന് ദീപിക മുഖപ്രസംഗം ആരോപിച്ചു.
സംസ്ഥാനത്തെ ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് 2023 മേയ് 17ന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്നും നടപ്പാക്കണമെന്നും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് രണ്ടര വർഷത്തിലേറെയായി. സർക്കാർ അനങ്ങിയില്ല.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പെട്ടെന്നു മുഖ്യമന്ത്രിയുടെ വിശദീകരണം; “റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞു. ബാക്കി ഉടനെ ശരിയാക്കും.” അതിദാരിദ്ര്യം തുടച്ചുനീക്കിയതിനേക്കാൾ ലാഘവത്തോടെ ഒരു ക്രിസ്ത്യാനിപോലും അറിയാതെ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞത്രേ. സർ, ഇനിയെങ്കിലും ആ റിപ്പോർട്ട് പുറത്തുവിടണം. ഈ സമുദായം എത്ര ശ്രമിച്ചിട്ടും കണ്ടെത്താനാകാത്ത ആനുകൂല്യങ്ങൾ തിരിച്ചറിഞ്ഞ് നന്ദി പ്രകടിപ്പിക്കാനാണെന്ന് മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നു.
2020 നവംബർ അഞ്ചിനാണ് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ ഒന്നാം പിണറായി സർക്കാർ നിയമിച്ചത്. 2023 മേയിൽ രണ്ടാം പിണറായി സർക്കാരിനു കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. അതിൽനിന്നു സർക്കാർ ക്രോഡീകരിച്ച ഉപശിപാർശകൾ ഉൾപ്പെടെയുള്ള 328 ശിപാർശകളിൽ 220 ശിപാർശകൾ പൂർണമായും നടപ്പാക്കിയെന്നാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. ബാക്കിയുള്ള ശിപാർശകൾ ഉടനടി പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇതുസംബന്ധിച്ച് ആശയക്കുഴപ്പം തീർക്കാൻ ഫെബ്രുവരി ആറിന് ബന്ധപ്പെട്ട സംഘടനാ ഭാരവാഹികളുടെ യോഗം ചേരുമെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിലും പറഞ്ഞു. പക്ഷേ, റിപ്പോർട്ടിലെ ഏതെങ്കിലും ശിപാർശകൾ നടപ്പാക്കിയതിന്റെ ലക്ഷണമോ ഫലമോ എത്ര ശ്രമിച്ചിട്ടും ആർക്കും കണ്ടുപിടിക്കാനാകുന്നില്ല. ഏതൊക്കെ ശിപാർശകൾ എപ്പോൾ, എവിടെ, എങ്ങനെ നടപ്പാക്കി എന്നറിയാനുള്ള അവകാശം ക്രൈസ്തവസമൂഹം കൈവെടിയില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
4.87 ലക്ഷം പരാതികളും വിവിധ ക്രൈസ്തവസഭകളും സംഘടനകളും സമർപ്പിച്ച റിപ്പോർട്ടുകളും അപഗ്രഥിച്ച് തയാറാക്കിയ റിപ്പോർട്ടും നിർദേശങ്ങളുമാണ് കമ്മീഷൻ സമർപ്പിച്ചത്. സർക്കാർ ഒരു നടപടിയും സ്വീകരിക്കാതെ വന്നതോടെ ക്രൈസ്തവർ പ്രതിഷേധിച്ചു. തുടർന്ന് 2023 ഡിസംബർ 27ന് ന്യൂനപക്ഷമന്ത്രി വി. അബ്ദുറഹിമാൻ റിപ്പോർട്ടിലെ നിർദേശങ്ങൾ ഉടൻ നടപ്പാക്കുമെന്നു പ്രഖ്യാപിച്ചു.
2024 മാർച്ചിൽ, ശിപാർശകൾ പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായും പൊതുഭരണവകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളായുമുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചു. ഫിഷറീസ്, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകൾക്ക് മുൻഗണന നൽകി, കുറഞ്ഞ സമയത്തിനുള്ളിൽ നടപ്പാക്കാൻ കഴിയുന്ന നിർദേശങ്ങൾ സമിതി ഒരു മാസത്തിനുള്ളിൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് നല്‍കുമെന്നും പറഞ്ഞുവെന്നും മുഖപ്രസംഗത്തിലുണ്ട്.
ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കി എന്ന അവകാശവാദത്തിലൂടെ കേരളത്തിലെ ക്രൈസ്തവരുടെ പരിഹാസവും എതിർപ്പും എൽഡിഎഫ് സർക്കാരു നേരെ തിരിയുമ്പോൾ വരാൻ പോകുന്ന തെരഞ്ഞെടുപ്പ് ഇടതുമുന്നണിക്ക് ഒട്ടും എളുപ്പമാകില്ല എന്ന സൂചനയാണ് ദീപിക മുഖപ്രസംഗം നൽകുന്നത്.






