സ്വപ്‌ന പണവുമായി കടന്നുകളയുമെന്ന് ശിവശങ്കറിന് ഭയമുണ്ടായിരുന്നു: ഇഡി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പുതിയ വെളിപ്പെടുത്തെലുമായി ഇഡി ഹൈക്കോടതിയില്‍. സ്വപ്‌ന സുരേഷ് തന്റെ പണവുമായി കടന്നു കളയുമെന്ന് ശിവശങ്കറിന് ഭയമുണ്ടായിരുന്നുവെന്നും ഇതിനാലാണ് ശിവശങ്കര്‍ ബാങ്ക് ഇടപാടില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഉള്‍പ്പെടുത്തിയതെന്നും ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു. സ്വപ്‌നയുടെ ലോക്കറില്‍ കണ്ടെത്തിയ പണം ശിവശങ്കറിന്റേത് തന്നെയാണെന്ന് ഇഡി പറഞ്ഞു. എന്നാല്‍ ദീര്‍ഘകാലമായി അന്വേഷണം നടക്കുകയാണെന്നും തന്റെ കക്ഷി ചെയ്ത കുറ്റകൃത്യം എന്താണെന്ന് പറഞ്ഞിട്ടില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വാദം പൂര്‍ത്തിയായതോടെ കേസിന്റെ വിധി പറയാന്‍ ജസ്റ്റിസ് അശോക് മേനോന്‍ മാറ്റി വെച്ചു.

ലോക്കറില്‍ കണ്ടെത്തിയ സ്വര്‍ണത്തെയും പണത്തെയും പറ്റി ഇഡിയുടെ വാദം അവ ശിവശങ്കറിന്റേത് തന്നെയാണെന്നാണ്. സ്വപ്നയെ പോലെ പ്രത്യേകിച്ച് ജീവിതമാര്‍ഗമൊന്നുമില്ലാതിരുന്നൊരാള്‍ക്ക് 64 ലക്ഷം രൂപയും 100 പവനും സമ്പാദിക്കാന്‍ സാധിക്കില്ലെന്നും ശിവശങ്കറിന്റെ പെരുമാറ്റത്തില്‍ നിന്നും പണവും സ്വര്‍ണവും ശിവശങ്കറിന്റേത് തന്നെയാണെന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു വാദിച്ചു. അന്വേഷണം നിര്‍ണായ ഘട്ടത്തിലാണെന്നും ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും ഇഡി വ്യക്തമാക്കി

അതേസമയം ഇഡി നല്‍കുന്നത് തെറ്റായ വിവരങ്ങളാണെന്ന് ശിവശങ്കറിന് വേണ്ടി ഹാജരായ സുപ്രിം കോടതി അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിച്ചു. ശിവശങ്കറിന് ലോക്കറിന് മേല്‍ ഒരു നിയന്ത്രണവുമുണ്ടായിരുന്നില്ലെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് പണം ലോക്കറില്‍ വെക്കാമെന്നും ഒരുമിച്ച് ലോക്കര്‍ തുറക്കാമെന്നും പറഞ്ഞതെന്ന് അഭിഭാഷകന്‍ വാദിച്ചു. മാസങ്ങളായി ശിവശങ്കര്‍ കസ്റ്റഡിയിലാണെന്നും ഒരു ഏജന്‍സിക്കും വസ്തുതകള്‍ കണ്ടെത്താനായില്ലെന്നും അദ്ദേഹംപറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *