വാക്‌സിന്‍ എടുക്കണോ.? വേണ്ടയോ.? തീരുമാനം നിങ്ങളുടേതാണ്

കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്‌സിന്‍ ലോകത്ത് പലയിടങ്ങളിലും ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയെന്ന പ്രതീക്ഷയുണര്‍ത്തുന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ഈ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ പലതരത്തിലുള്ള ആശങ്കകള്‍ ഉയരുക സ്വാഭാവികമാണ്. എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണോ.? വാക്‌സിന്‍ സ്വീകരിച്ചാല്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമോ.? തുടങ്ങിയ നിരവധി സംശങ്ങള്‍ മനസിലൂടെ കടന്ന് പോവാം. എന്നാല്‍ ഇതിനെല്ലാം വ്യക്തമായ ഉത്തരമിപ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിരിക്കുകയാണ്.

കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഓരോ വ്യക്തിയുടേയും സ്വാതന്ത്ര്യമാണെന്നും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനും നിരസിക്കാനുമുള്ള പൂര്‍ണ അധികാരം വ്യക്തികളില്‍ അധിഷ്ടിതമാണെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്. എന്നിരുന്നാലും രോഗത്തിനെതിരെയുള്ള സ്വയം പ്രതിരോധം എന്ന നിലയ്ക്കും, കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരിലേക്ക് നമ്മള്‍ രോഗവാഹകരാവാതിരിക്കാനും വാക്‌സിന്‍ സ്വീകരിക്കുന്നതാണ് നല്ലതെന്ന നിര്‍ദേശം കൂടി ആരോഗ്യമന്ത്രാലയം മുന്നോട്ട് വെക്കുന്നുണ്ട്.

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാക്‌സിനുകള്‍ മറ്റ് രാജ്യങ്ങളിലേത് പോലെ ഫലപ്രദമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് മുക്തരായവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്നും കോവിഡിനെതിരെയുള്ള പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഇത് സഹായകരമാണെന്നും വ്യക്തമാക്കി. വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിയുന്നതോടെ സ്വീകര്‍ത്താവിന്റെ ശരീരത്തില്‍ ആന്റിബോഡികള്‍ വികസിച്ചു തുടങ്ങും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാക്‌സിന്‍ അന്തിമഘട്ടത്തിലാണെന്നും സര്‍ക്കാര്‍ വാക്‌സിന്‍ ഉടന്‍ പുറത്തിറക്കുമെന്നും വ്യക്തമാക്കി. കോവിഡ് സ്വീകരിക്കുന്ന ആളുകളുടെ മുന്‍ഗണന പ്രകാരമുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സ്വീകര്‍ത്താവിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. വാക്‌സിന്‍ സ്വീകരിക്കാന്‍ അനുവദിച്ച സമയം, സ്ഥലം, തീയതി മുതലായ കാര്യങ്ങള്‍ മൊബൈലിലേക്ക് മെസേജായിട്ടായിരിക്കും വരിക. വാക്‌സിന്‍ സ്വീകരിച്ചു എന്നുള്ള സര്‍ട്ടിഫിക്കറ്റും മൊബൈലിലേക്കായിരിക്കും വരിക.

Leave a Reply

Your email address will not be published. Required fields are marked *