Lead NewsNEWS

കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തുവാന്‍ നേതാക്കള്‍ കൈക്കൂലി വാങ്ങിയെന്ന് പരാതി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ യു.ഡി.എഫിന് നേരിടേണ്ടി വന്നത് ചരിത്രത്തിലെ വലിയ പരാജയങ്ങളിലൊന്നാണ്. നേതാക്കളും അണികളും ആഞ്ഞ് പരിശ്രമിച്ചിട്ടും ജനങ്ങള്‍ തങ്ങളെ കൈവിട്ടതെന്തുകൊണ്ടാണെന്നുള്ള ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ഞെട്ടിക്കുന്ന വാര്‍ത്ത ഇടുക്കിയില്‍ നിന്നുമാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ നേതാക്കള്‍ സിപിഎമ്മില്‍ നിന്നും 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. പ്രാദേശിക കോണ്‍ഗ്രസ്സ് ആര്‍എസ്പിയും ഇത് സംബന്ധിച്ച് കെപിസിസിക്കു പരാതി നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ തന്നെ സ്ഥാനാര്‍ഥി നിര്‍ണയം അട്ടിമറിച്ചു എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ പ്രതിഷേധമായി പ്രവര്‍ത്തകര്‍ ജില്ലാ നേതാക്കന്മാരുടെ തന്നെ കോലം കത്തിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുള്ള കെപിസിസി സെക്രട്ടറി റോയ് കെ പൗലോസിന്റേയും ബ്ലോക്ക് പ്രസിഡന്റയും കോലമാണ് പ്രവര്‍ത്തകര്‍ കത്തിച്ചത്.

തൊടുപുഴ നഗരസഭയിലെ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ പോലും ഈ തവണ പച്ച തൊടാന്‍ ആയില്ലെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. വിമതരെ ഇറക്കി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയെന്ന ആരോപണവും ജില്ലയില്‍ നിലനില്‍ക്കുന്നുണ്ട്. അതേ സമയം മൂന്ന് മുതിര്‍ നേതാക്കള്‍ സിപിഎമ്മില്‍ നിന്നും പണം കൈപ്പറ്റി പാര്‍ട്ടിയെ തോല്‍പ്പിക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. കഴിഞ്ഞ രണ്ട് തവണയും വലിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ്സ് പിടിച്ചെടുത്ത് ഭരണം നടത്തിയിരുന്ന പഞ്ചായത്തുകളാണ് ഈ തവണ എല്‍.ഡി.എഫ് പിടിച്ചെടുത്തത്. കോണ്‍ഗ്രസ്സിന്റെ ശക്തി കേന്ദ്രങ്ങളില്‍പ്പോലും യുഡിഎഫ് പരാജയപ്പെട്ടതോടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നേതൃത്വം രാജിവെച്ച് പുറത്ത് പോവണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Back to top button
error: