രാഷ്ട്രീയത്തിലേക്ക് ഇല്ല, കേള്‍ക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍: വടിവേലു
തമിഴിലെ സൂപ്പര്‍ താരങ്ങളെ പോലെ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഹാസ്യ താരമാണ് വടിവേലു. തെന്നിന്ത്യയിലെ സൂപ്പര്‍ ഹിറ്റ് ഹാസ്യ താരങ്ങളുടെ ലിസ്റ്റിലെ ആദ്യ പേരും വടിവേലുവിന്റേതാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി നിരവധി ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഉടലെടുത്തിരുന്നു. വടിവേലു ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളായിരുന്നു നിലനിന്നത്. ഇപ്പോഴിതാ ആ അഭ്യൂഹങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വടിവേലു.
രാഷ്ട്രീയ പ്രവേശനത്തിനു പദ്ധതിയില്ലെന്നും കേള്‍ക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും താരം പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ വക്താവ് ഖുഷ്ബു പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേര്‍ന്നതോടെ അഭ്യൂഹം ശക്തമായിരുന്നു. കൂടുതല്‍ താരങ്ങളെ പാര്‍ട്ടിയിലെത്തിക്കാന്‍ ചര്‍ച്ച നടക്കുന്നതായി ബിജെപി വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.
ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നടന്‍ വിജയ്യുടെ പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.
ജനം ആവശ്യപ്പെടുമ്പോള്‍ വിജയ് പാര്‍ട്ടി രൂപീകരിക്കുമെന്നും ഫാന്‍സ് അസോസിയേഷനെ പാര്‍ട്ടിയാക്കി മാറ്റുമെന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി .
ഇതിനു പിന്നാലെയാണു വിശദീകരണവുമായി വടിവേലു രംഗത്തെത്തിയത്. തമിഴിലെ പ്രശസ്ത ഹാസ്യനടനായ വടിവേലു 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്കായി പ്രചാരണം നടത്തിയിരുന്നു.