NEWS

സുശാന്ത് കേസ് ചര്‍ച്ചകളില്‍ നിര്‍ണായകപങ്ക് ബിജെപിക്ക്‌

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പുതിയ വെളിപ്പടുത്തലുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ പുതിയ ഒരു പഠന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

സുശാന്തിന്റെ മരണം കൊലപാതകമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ ബിജെപിയാണെന്നാണ് മിഷിഗന്‍ യൂണിവേഴ്‌സിറ്റിയുടെ അനാട്ടമി ഓഫ് എ റൂമര്‍; സോഷ്യല്‍ മീഡിയ ആന്‍ഡ് ദ് സൂയിസൈഡ് ഓഫ് സുശാന്ത് സിങ് രജ്പുത് എന്ന പഠനം വ്യക്തമാക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ സുശാന്തിന്റെ മരണത്തിനായെന്ന് പഠനം വ്യക്തമാക്കുന്നു. സുശാന്തിന്റെ മരണം കൊലപാതകമല്ലെന്നും ജീവനൊടുക്കിയതാമെന്നും എയിംസ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ജൂണ്‍ 14നാണ് സുശാന്തിനെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. പിന്നീട് അതൊരുകൊലപാതകമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജൂണ്‍ 14 മുതല്‍ സെപ്റ്റംബര്‍ 12 വരെയുളള സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനമാക്കിയാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്. നടന്റെ വിഷാദരോഗത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും ബോളിവുഡില്‍ സുശാന്ത് നേരിട്ട വെല്ലുവിളികളെക്കുറിച്ചുമാണ് ആദ്യഘട്ടത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നത്.

ദിവസങ്ങള്‍ പിന്നിട്ടതോടെ ചര്‍ച്ചകള്‍ പലതരം ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്കു വഴിമാറി. കൊലപാതകമാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പ്രചരിപ്പിച്ചതിലും വിവാദങ്ങളുയര്‍ത്തിയതിലും കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളെക്കാള്‍ സജീവമായിരുന്നു ബിജെപി നേതാക്കളെന്നും പഠനം വിശദീകരിക്കുന്നു.

കോവിഡ് കാലത്ത് പല രാഷ്ട്രീയ നേതാക്കളും ജനശ്രദ്ധ നേടാനായി സുശാന്ത് കേസ് ഉപയോഗിച്ചെന്ന് പഠനത്തില്‍ പറയുന്നു. ലഹരിമരുന്നു കേസില്‍ സ്ത്രീകളെ മാത്രം ലക്ഷ്യമിട്ടുള്ള നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണത്തെക്കുറിച്ചും പഠനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Back to top button
error: