LIFENEWS

മുഖ്യമന്ത്രിയ്ക്ക് ഭാഗ്യലക്ഷ്മിയുടെ കത്ത് ,കേസുകളിൽ സ്ത്രീ സൗഹൃദപരമായ നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കണമെന്ന് ആവശ്യം

കേസുകളിൽ സ്ത്രീ സൗഹൃദപരമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയ്ക്ക് ഭാഗ്യലക്ഷ്മിയുടെ കത്ത് .

കത്തിന്റെ പൂർണരൂപം ഇങ്ങനെ –

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്
യൂട്യൂബിൽ ആദരണീയയായ സുഗതകുമാരിയെയും എന്നെയും അടക്കമുള്ള
സ്ത്രീകൾക്ക് നേരെ അസഭ്യവർഷം നടത്തിയ വിജയ് പി. നായരെ ഞങ്ങൾക്ക് സ്വന്തം നിലയിൽ
കൈകാര്യം ചെയ്യേണ്ടി വന്ന നിർഭാഗ്യകരമായ സന്ദർഭം താങ്കൾക്ക് അറിവുള്ളതാണല്ലോ. പ്രസ്തുത
വ്യക്തിക്കെതിരെ ശ്രീലക്ഷ്മി അറയ്ക്കലും മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത്
പ്രസ്തുത സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പാണ്, PSC അംഗം പാർവ്വതീദേവി സംസ്ഥാന ഡിജിപിക്ക്
ഇതേ വിഷയത്തിൽ പരാതി നല്കിയത് പ്രസ്തുത സംഭവത്തിന് 2 ദിവസം മുമ്പും. അതിനും ഒരാഴ്ച
മൂമ്പ് തൃശ്ശൂരിൽ ചിലർ ഇതേ വിഷയം സൈബർ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പോലീസ്
ആവശ്യപ്പെട്ടതനുസരിച്ച് പ്രസ്തുത വീഡിയോയുടെ ലിങ്കും കൈമാറിയിരുന്നു. ഇക്കാര്യത്തിൽ എന്തു
നടപടി എടുത്തു എന്നറിയാൻ അവർ വിളിച്ചപ്പോൾ, മാനസിക രോഗത്തിന്റെ ലക്ഷണമുള്ള ആളാണെന്ന്
തോന്നുന്നു’ എന്നതായിരുന്നു പോലീസിന്റെ മറുപടി.
സർ, സ്ത്രീകൾക്ക് നേരെയുള്ള സൈബർ അതിക്രമങ്ങളെ എത്ര നിസ്സാരമായിട്ടാണ് പോലീസ്
ഡിപ്പാർട്ട്മെന്റ് കാണുന്നത് എന്നതിനുള്ള തെളിവല്ലേ, ഈ മറുപടി?
ഈ വീഡിയോയുടെ കാര്യത്തിൽ മാത്രമല്ല നിരന്തരം സ്ത്രീകൾക്ക് നേരെ ഇത്തരം അസഭ്യങ്ങൾ
സോഷ്യൽ മീഡിയയിലൂടെ പലരും നടത്തുന്നുണ്ട്. പോലീസിൽ പരാതിപ്പെടുമ്പോൾ സൈബർ
നിയമത്തിൽ ഇതിനൊരു വകുപ്പില്ല എന്ന ഉത്തരമാണ് കിട്ടുന്നത്. ഞങ്ങൾ എന്ത് ചെയ്യണം സർ.
ശാന്തിവിള ദിനേശനെ പോലെ, വിജയ് പി. നായരെ പോലെ പലരും ഇങ്ങനെ ചെയ്യുന്നത് മൂലം
പലരുടെയും കുടുംബ ജീവിതം തകരുന്നു, പലർക്കും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു..
ഞങ്ങൾ അതിവൈകാരികമായി ഇത്തരം വിഷയങ്ങളെ കാണാൻ ശ്രമിക്കുകയാണെന്നാണോ?
നിയമത്തിന് ഒന്നും ചെയ്യാനില്ലെന്ന് പറയുന്നത് കേട്ട് മടങ്ങി പോകണമായിരുന്നു, എന്നാണോ?
സൈബർ അധിക്ഷേപവുമായി ബന്ധപ്പെട്ട് സ്ത്രീകൾ നൽകിയ പരാതികളിൽ എത്രയെണ്ണം
നടപടിയായിട്ടുണ്ട് എന്ന് സർ അന്വേഷിക്കണം, എന്താണ് ഇക്കാര്യത്തിൽ മെല്ലെപ്പോക്കിന് കാരണമൊന്ന്
അങ്ങ് തിരക്കണം. നിരവധി ജന്റർ പരിശീലന പരിപാടികളും ചർച്ചകളും ലക്ഷങ്ങൾ ചെലവഴിച്ച്
പോലീസ് ഡിപ്പാർട്ട്മെന്റ് നടത്തിയിട്ടും പോലീസുകാർക്ക് ഇതുവരെ കാര്യം തിരിഞ്ഞില്ലെങ്കിൽ അത്
ആഴത്തിലുള്ള മറ്റെന്തോ പ്രശ്നമാണെന്ന് തിരിച്ചറിയണം സർ.
നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് ഇത്തരം നീചമായ വീഡിയോ ചെയ്ത വിജയ് പി. നായരെ
ചോദ്യം ചെയ്യാൻ ഞങ്ങൾക്ക് ഇറങ്ങേണ്ടി വന്നു. അയാൾക്കെതിരെ പോലീസിനെക്കൊണ്ട് കേസ്
എടുപ്പിക്കാൻ സാധിച്ചു . അന്നേ ദിവസം വൈകിട്ട് തന്നെ പോലീസ് ഉണർന്ന് കാര്യക്ഷമമാകാൻ തുടങ്ങി.
ഇങ്ങനെയല്ലല്ലോ സർ വേണ്ടത്? പോലീസ് ആക്ട് ഭേദഗതി സത്വരമായി നടപ്പിലാക്കുകയും ഇത്തരം
കേസുകളിൽ സ്ത്രീ സൗഹൃദപരമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുകയും ചെയ്യേണ്ട സമയം
അതിക്രമിച്ചില്ലേ? ഇക്കാര്യത്തിൽ ശരിയായ നിയമനിർമ്മാണം ഉണ്ടാക്കാൻ പാർലമെന്റ് തീരുമാനിക്കണം
എന്നറിയാം, പക്ഷേ അതുവരെയും നമ്മുടെ നാട്ടിലെ സ്ത്രീകൾ സൈബറിടങ്ങളിൽ ഇങ്ങനെ
അപമാനിതരും അവഹേളിതരുമായി തല കുനിച്ച് നില്ക്കണോ? ആയതിനാൽ ഈ വിഷയത്തിൽ
സംസ്ഥാന സർക്കാരിന് സാധ്യമായ എല്ലാ പോംവഴികളും ആലോചിക്കണമെന്ന് അപേക്ഷിക്കുകയാണ്.

സൈബർ നിരീക്ഷണ ഡിപ്പാർട്മെന്റ് ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല. ഇല്ലെങ്കിൽ ഉണ്ടാക്കണം,
ഇത്തരത്തിലുള്ള ആക്രമണങ്ങൾക്കെതിരെ സ്വമേധയാ പോലീസിന് നടപടി എടുക്കാനുള്ള നിയമം ഈ
സർക്കാരിന്റെ ഭരണത്തിൽ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
ഒപ്പം പോലീസ് ആക്ട് ഭേദഗതി പോലുള്ള നടപടികൾ വേഗത്തിലാക്കാനുള്ള ജാഗ്രതയുമുണ്ടാവണം സർ.
നിയമം മാത്രം ഉണ്ടായിട്ടും കാര്യമില്ല, ഇതെങ്ങനെ ഉപയോഗിക്കണമെന്നും ഈ വിഷയത്തിൽ
സെൻസിറ്റീവായി എങ്ങനെ പെരുമാറണമെന്നും നീതി ലഭിക്കാത്തവർ തെരുവിലിറങ്ങി നിയമം
കയ്യിലെടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ എന്തു ചെയ്യണമെന്നും വേട്ടക്കാരുടെ പക്ഷത്തല്ല ഇരയുടെ
പക്ഷത്താണ് നിയമ പാലകർ നില്ക്കേണ്ടതെന്നും പോലീസിന് നിർദേശവും കൊടുക്കണം, സർ.
സ്ത്രീക്കും പുരുഷനും തുല്യ അവകാശം ഉണ്ടാവണമെന്നും സ്ത്രീകൾക്കെതിരെ നടക്കുന്ന
ഒരു അതിക്രമവും ഈ സർക്കാർ നോക്കിനിൽക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലുമാണ്
ഞങ്ങൾക്കുള്ള ഏക വിശ്വാസം, അതിനു നേതൃത്വം നല്കുന്ന അങ്ങയോടാണ് ഇത് പറയുന്നതെന്ന്
എനിക്ക് ഉത്തമ ബോധ്യമുണ്ട്.
ഈ നാട്ടിലെ സൈബർ ആക്രമണത്തിനെതിരെ ശക്തമായ നിയമം കൊണ്ടുവരാൻ നിയമ സഭയിൽ ഈ
വിഷയം ഉന്നയിക്കണമെന്നും, അതിലൂടെ ഇവിടെ സമാധാനത്തോടെയും അഭിമാനത്തോടെയും
ജീവിക്കാൻ അഗഹിക്കുന്ന മാതാപിതാക്കളെയും പെണ്മക്കളെയും സഹോദരന്മാരെയും
സഹായിക്കണമെന്നും അപേക്ഷിക്കുന്നു.
താങ്കളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്.

05-10-2020
തിരുവനന്തപുരം
പ്രതീക്ഷയോടെ
ഭാഗ്യലക്ഷ്മി.

Back to top button
error: