NEWS

പിണറായി സർക്കാർ രാജിവച്ചൊഴിയണം, മന്ത്രി ജലീൽ കള്ളക്കടത്തുകാർക്കായി അധികാരം ദുരുപയോഗപ്പെടുത്തി: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കള്ളക്കടത്തുകാർക്കും രാജ്യദ്രോഹികൾക്കും വേണ്ടി മന്ത്രി ജലീൽ അധികാരവും പദവിയും ദുരുപയോഗപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഊഹാപോഹങ്ങളുടെയോ പത്രവാർത്തകളുടെയോ അടിസ്ഥാനത്തിലല്ല എൻഐഎ സംസ്ഥാനത്തെ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത്. കള്ളക്കടത്തുകാരുമായി ജലീലിനുള്ള ബന്ധത്തിനും ജലീൽ തൻ്റെ പദവി അവർക്കായി ദുരുപയോഗിച്ചതിനും വ്യക്തമായ തെളിവുകൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇഡിയുടെ മുന്നിൽ നിരപരാധിത്വം തെളിയിച്ചെന്ന വ്യാജവാർത്ത പരത്തുകയാണ് ജലീൽ. ഇ ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഐഎ ചോദ്യം ചെയ്യുന്നത്. വിദേശ സഹായം ലൈഫ് മിഷൻ പദ്ധതിക്ക് മാത്രമല്ല ലഭ്യമായത്. കോടികൾ മറ്റ് പല മാർഗ്ഗത്തിലുമെത്തി. ഈ പണം ഏതൊക്കെ വ്യക്തികൾക്കും സംഘടനകൾക്കും ലഭിച്ചെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിൻ്റെയെല്ലാം ഏജൻ്റായത് ജലീലാണ്. കമ്മീഷൻ മന്ത്രി പുത്രനിലേൽക്കുൾപ്പടെ എത്തി. ഖുറാൻ വന്നതുമായി ബന്ധപ്പെട്ട് ജലീൽ ഇതുവരെ പറഞ്ഞതെല്ലാം കളവാണെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞു. നയതന്ത്ര ചാനൽ വഴി കടത്തിയ വസ്തുക്കളിൽ ഈന്തപ്പഴവും വിശുദ്ധ ഗ്രന്ഥവുമാണത്രേ. ഖുറാൻ്റെ മറവിൽ സ്വർണ്ണക്കള്ളക്കടത്തായിരുന്നെന്ന ആരോപണത്തിൽ ബിജെപി ഉറച്ചു നിൽക്കുന്നു.
മന്ത്രിയെ കേസിൽ പ്രതി ചേർത്താലും അറസ്റ്റ് ചെയ്താലും രാജി വെക്കേണ്ടതില്ല എന്ന സിപിഎം നിലപാട് അപഹാസ്യമാണ്. മന്ത്രി പ്രതിയാകുമെന്നും അറസ്റ്റിലാകുമെന്നും സിപിഎമ്മിന് ബോധ്യമുള്ളതിനാലാണ് വിചിത്രമായ ഈ നിലപാട് സ്വീകരിക്കുന്നത്.

ജലീൽ രാജി വച്ചാൽ മറ്റ് പല മന്ത്രിമാർക്കും രാജിവെക്കേണ്ടി വരും. ജലീലിനെ രക്ഷിക്കാൻ കവചം തീർത്ത് പിടിച്ചു നിന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇനി അതിന് കഴിയില്ല. കള്ളക്കടത്തുകാരെയും രാജ്യദ്രോഹികളെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. എൻഐഎ ആവശ്യപ്പെട്ട തെളിവുകൾ നൽകാതിരിക്കാനാണ് സർക്കാരിൻ്റെ ശ്രമം. പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തത്തിൽ ഗസറ്റ് വിജ്ഞാപനം മാത്രമാണ് തീപ്പിടിച്ചതെന്ന വാദം വിചിത്രമാണ്. ഗസറ്റിനെ മാത്രം ബാധിക്കുന്ന പ്രത്യേകതരം തീ പിടിത്തമാണോ അതെന്ന് സുരേന്ദ്രൻ ചോദിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രയുടെ അടക്കമുള്ള ഫയലുകളാണ് കത്തിയത്. വിദേശയാത്രയിൽ വിവിഐപി പരിഗണന ലഭിച്ചത് ആർക്കെല്ലാമാണെന്ന് കണ്ടെത്തേണ്ടതുണ്ട്. അവിടെ നടന്ന ഇടപാടുകളും ദുരൂഹമാണ്. കുറ്റവാളികളെ സംരക്ഷിക്കാൻ എല്ലാ മാർഗ്ഗവും സർക്കാർ തേടുകയാണ്. അന്വേഷണം മന്ത്രിമാരിലേക്കും സിപിഎം നേതാക്കളിലേക്കു മെത്തിയപ്പോൾ ശരിയായ അന്വേഷണത്തെ അട്ടിമറിക്കാനാണ് സർക്കാരിൻ്റെ ശ്രമം.

കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമ്മിക അവകാശമില്ല. മുഖ്യമന്ത്രി രാജിവച്ചൊഴിയണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. സർക്കാർ രാജിവയൊഴിയുന്നതുവരെ പ്രക്ഷോഭം കൂടുതൽ ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: