ഇറാൻ മിസൈൽ ആക്രമണത്തിൽ ഗൾഫിൽ നാല് മരണം, കനത്ത ജാഗ്രതയിൽ യുഎഇ, സ്വകാര്യ- സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, സ്കൂളുകൾ അടച്ചു, പരീക്ഷകൾ മാറ്റിവച്ചു

അബുദാബി/കുവൈത്ത് സിറ്റി: ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഗൾഫിൽ നാല് മരണം. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), കുവൈത്ത് എന്നീ രാജ്യങ്ങളിലായാണ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വ്യോമാക്രമണത്തിൽ യുഎഇയിൽ മൂന്നുപേർ മരിച്ചു. മരിച്ചവർ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണങ്ങളിൽ ഇതുവരെ 58 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാല് ജീവനക്കാർക്കും, സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ജനവാസ മേഖലകളിലും മിസൈൽ അവശിഷ്ടങ്ങൾ വീണ് നിരവധി പേർക്ക് പരുക്കേറ്റു.
കൂടാതെ കുവൈത്തിൽ ഒരാൾ കൊല്ലപ്പെടുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ കുവൈറ്റ് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യുസഫ് അൽ സബാ സന്ദർശിച്ചു. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഇറാൻ- അമേരിക്ക- ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ അതീവ ജാഗ്രതയിലാണ് യുഎഇ. ഇറാൻറെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിൽ കനത്തതോടെ യുഎഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യുഎഇ. മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൂർണമായി അവധി നൽകി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐസിഎസ്ഇ, ഐഎസ് സി പരീക്ഷകൾ ഉൾപ്പെടെ മാറ്റി വെച്ചു. ഈ ദിവസങ്ങളിൽ സ്വകാര്യ – സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാനും തീരുമാനിച്ചു. കൂടാതെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യുഎഇ ഭരണകൂടം അറിയിച്ചു.
ദുബായ് ഗ്ലോബൽ വില്ലേജടക്കം താത്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ഇറാൻറെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈൽ ആക്രമണങ്ങളും യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അതേസമയം ഇറാന്റെ ഭാഗത്തുനിന്ന് ഇനിയും ആക്രമണം ഉണ്ടായാൽ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അൽ ഹാഷിമി മുന്നറിയിപ്പ് നൽകി. ‘സിഎൻഎന്നി’ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി യുഎഇ കടുത്ത നിലപാട് വ്യക്തമാക്കിയത്.
അതേസമയം ഞായറാഴ്ച ഇറാൻ്റെ 137 ബാലിസ്റ്റിക് മിസൈലുകളിൽ 132 എണ്ണവും 209 ഡ്രോണുകളിൽ 195 എണ്ണവും തകർക്കാൻ സേനയ്ക്ക് സാധിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആകെ 541 ഡ്രോണുകളിൽ 311 എണ്ണവും 165 ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും വ്യോമസേന വിജയകരമായി തടഞ്ഞു. എന്നാൽ, 21 ഡ്രോണുകൾ ജനവാസ കേന്ദ്രങ്ങളിൽ പതിച്ചതായി മന്ത്രാലയം അറിയിച്ചു. ഇതിനിടെ, ഇസ്രായേലിലെ ബീറ്റ് ഷെമേഷ് നഗരത്തിലുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇവിടെ 27 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.






