തമിഴ്‌നാട്ടിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള ഷെൺബയുടെ ജീവിതയാത്രയുമായി ‘മെയ്ഡ് ഇൻ കൊറിയ’; മാർച്ച് 12-ന് തിയേറ്ററുകളിൽ

റൈസ് ഈസ്റ്റ് എന്റർടൈൻമെന്റ് നിർമ്മിച്ച് രാ. കാർത്തിക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രിയങ്ക മോഹനും ദക്ഷിണ കൊറിയൻ താരം പാർക്ക് ഹേ-ജിനും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതുചിത്രമാണ് ‘മെയ്ഡ് ഇൻ കൊറിയ’. തികച്ചും വ്യത്യസ്തമായ പ്രമേയത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ ചിത്രം ഈ മാസം 12 ന് തീയ്യേറ്ററുകളിലെത്തും.
റൈസ് ഈസ്റ്റ് എന്റർടൈൻമെന്റ് നിർമ്മിച്ച് രാ. കാർത്തിക് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം, ഷെൺബ എന്ന പെൺകുട്ടിക്ക് കൊറിയൻ സംസ്കാരത്തോടുള്ള കൗതുകവും അത് അവളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുമാണ് ദൃശ്യവൽക്കരിക്കുന്നത്.
കുട്ടിക്കാലത്തെ കഥകളിലോ, ക്ലാസ്റൂമിലെ സ്വപ്നങ്ങളിലോ, ദൂരദേശങ്ങളെക്കുറിച്ചുള്ള കൗതുകങ്ങളിലോ നിന്നാവാം പലപ്പോഴും വലിയ സ്വപ്നങ്ങൾ പിറവിയെടുക്കുന്നത്. തമിഴ്‌നാട്ടിലെ ഒരു ചെറിയ പട്ടണത്തിൽ വളർന്ന ഷെൺബയുടെ കാര്യവും മറിച്ചല്ലായിരുന്നു. തന്റെ സാധാരണ ജീവിതത്തിനിടയിലും അവൾ ഒരു വലിയ സ്വപ്നം നെഞ്ചിലേറ്റി: എന്നെങ്കിലും ഒരിക്കൽ ദക്ഷിണ കൊറിയയിൽ എത്തണം. തമിഴ്‌നാട്ടിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള ഷെൺബയുടെ മറക്കാനാവാത്ത ജീവിതയാത്രയാണ്’മെയ്ഡ് ഇൻ കൊറിയ’യുടെ ഉള്ളടക്കം. അപ്രതീക്ഷിതമായി സോളിൽ എത്തുന്ന ഷെൺബയ്ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും, അവളുടെ ആത്മവിശ്വാസവും, പുതിയ സൗഹൃദങ്ങളുമെല്ലാം കോർത്തിണക്കിയ ഈ ചിത്രം മികച്ച ഒരു ദൃശ്യാനുഭവം പ്രേക്ഷകർക്ക് പകരും.
“കൊറിയൻ-തമിഴ് സംസ്കാരങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും സമാനതകളും എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആ കൗതുകമാണ് വ്യക്തിപരമായ സ്പർശമുള്ള ഈ കഥ പറയാൻ എനിക്ക് പ്രചോദനമായത്. ഭാഷകൾക്കതീതമായി സംസ്കാരങ്ങളെ ഒന്നിപ്പിക്കുന്ന ഇത്തരം കഥകൾക്ക് പിന്തുണ നൽകുന്ന നെറ്റ്ഫ്ലിക്സിനോട് ഞാൻ നന്ദി പറയുന്നു.” എന്ന് ചിത്രത്തെക്കുറിച്ച് സംവിധായകൻ രാ. കാർത്തിക് പറയുന്നു.
നെറ്റ്ഫ്ലിക്സ് ഇന്ത്യ കണ്ടന്റ് വൈസ് പ്രസിഡന്റ് മോണിക്ക ഷെർഗിൽ ഇങ്ങനെ പങ്കുവച്ചു. “പ്രാദേശികമായ വേരുകളുള്ളതും എന്നാൽ ആഗോളതലത്തിൽ സംവദിക്കാൻ കഴിയുന്നതുമായ കഥകൾ നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്ന് കൊറിയൻ സ്വപ്നങ്ങൾ കാണുന്ന ഷെൺബയുടെ കഥ അത്തരത്തിലുള്ള ഒന്നാണ്. പ്രിയങ്ക മോഹനും ‘സ്ക്വിഡ് ഗെയിം’ താരം പാർക്ക് ഹേ-ജിനും ഒന്നിക്കുന്ന ചിത്രം ഇന്ത്യയും കൊറിയയും തമ്മിലുള്ള ബന്ധത്തിൻ്റെ ഒരു കണ്ണിയായി മാറും.”
ഷെൺബ എന്ന കഥാപാത്രമായി പ്രിയങ്ക മോഹൻ എത്തുമ്പോൾ, പാർക്ക് ഹേ-ജിൻ, നോ ഹോ-ജിൻ എന്നീ കൊറിയൻ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
“ആദ്യ കേൾവിയിൽ തന്നെ ഷെൺബയുടെ കഥയുമായി എനിക്ക് വലിയ അടുപ്പം തോന്നി. അവളുടെ കൊറിയൻ സ്വപ്നങ്ങൾ അത്ഭുതവും ആകാംക്ഷയും നിറഞ്ഞതാണ്. നെറ്റ്ഫ്ലിക്സിലൂടെ ഈ കഥ ലോകത്തിന് മുന്നിൽ എത്തുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്.” എന്ന് ചിത്രത്തെ കുറിച്ച് പ്രിയങ്ക മോഹൻ പറഞ്ഞു.
പ്രിയങ്ക മോഹനെ കൂടാതെ ദക്ഷിണ കൊറിയൻ താരങ്ങളായ പാർക്ക് ഹേ-ജിൻ, നോ ഹോ-ജിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മാർച്ച് 12 മുതൽ തന്നെ ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തും.






