തിരുവനന്തപുരം: വേമ്പനാട് കായല്‍ സംരക്ഷിക്കാനായി ജില്ലാ കലക്ടര്‍ ചെയര്‍മാനും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അംഗങ്ങളുമായി സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വേമ്പനാട് കായല്‍ സംരക്ഷണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മാത്രമേ സാധ്യമാകൂ. വേമ്പനാട് കായല്‍ അതോറിറ്റി രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കെ. ബാബുവിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി നിയമസഭയില്‍ അറിയിച്ചു.
കായല്‍ െകെയേറ്റങ്ങള് കണ്ടെത്തി ഒഴിപ്പിക്കാനും കായലിന്റെ അതിര്‍ത്തി തിട്ടപ്പെടുത്താനുമായി റവന്യൂ, സര്‍വേ, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ സംയുക്തമായി ഊര്‍ജിത നടപടി സ്വീകരിക്കുന്നുണ്ട്. കായലിന്റെ ജലസംഭരണ ശേഷി ചെളിയും എക്കലും അടിഞ്ഞതുമൂലം ഗണ്യമായി കുറഞ്ഞതായി ഡോ. എം.എസ്. സ്വാമിനാഥന് ഫൗണ്ടേഷന്റെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ നീക്കം ചെയ്യുന്നതിന് പ്രാഥമിക പ്രവൃത്തി എന്ന നിലയില്‍ 10 കി.മീറ്റര്‍ ചുറ്റളവുള്ള ആര് – ബ്ലോക്ക് പാടശേഖരത്തില്‍ എക്കലും ചെളിയും ഉപയോഗിച്ച് പുറംബണ്ട് നിര്‍മിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സര്‍ക്കാരും പാടശേഖര സമിതിയും ചേര്‍ന്നുള്ള പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഇത് നടപ്പാക്കാനുള്ള നിര്‍ദേശം പരിശോധിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.