NEWS

നിയമസഭയിലെ കയ്യാങ്കളി കേസില്‍ സര്‍ക്കാരിനെ തളളി കോടതി

2015ലെ ബജറ്റ് അവതരണസമയത്ത് നിയമസഭയില്‍ നടന്ന കൈയാങ്കളിയും അക്രമവും അന്ന് വളരെ ചര്‍ച്ചയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രിമാര്‍ അടക്കം പ്രതികളായിരുന്നു. എന്നാല്‍ ഇപ്പോഴിതാ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തളളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. സര്‍ക്കാരിന്റെ വാദം അംഗീകരിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി.അടുത്ത മാസം 15-ന് പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം.

Signature-ad

പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസ് പിന്‍വലിക്കാനാകില്ലെന്നും കോടതി പറഞ്ഞു. കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങികൊടുക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ധനമന്ത്രി ആയിരിക്കെ ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ കെ.എം.മാണി ബജറ്റ് അവതരണത്തിനു ശ്രമിച്ചത് തടയാനാണ് ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനിടയില്‍ പ്രതിപക്ഷ എം.എല്‍.എ.മാര്‍ സ്പീക്കറുടെ ഡയസ്സില്‍ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ക്കുകയായിരുന്നു.

ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് കേസ് സിജെഎം കോടതി പരിഗണിച്ചത്. മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, എംഎല്‍എമാരായിരുന്ന കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരാണു കേസിലെ പ്രതികള്‍. സഭയ്ക്കുള്ളില്‍ അക്രമം നടത്തി 2 ലക്ഷത്തിലധികം രൂപയുടെ നഷ്ടം വരുത്തിയെന്നാണു ക്രൈംബ്രാഞ്ച് കേസ്.

വി.ശിവന്‍ കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ തടസ്സ ഹര്‍ജി നല്‍കിയിരുന്നു.

നിയമസഭയ്ക്കുള്ളില്‍ നടക്കുന്ന പരാതികളെക്കുറിച്ച് പരാതി നല്‍കേണ്ട ഉത്തരവാദിത്തപ്പെട്ടയാള്‍ സ്പീക്കറാണെന്നും എന്നാല്‍ അത്തരത്തിലുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ സര്‍ക്കാര്‍ കേസ് പിന്‍വലിച്ചതിന് പിന്നിലെ കാരണം സഭ അംഗങ്ങള്‍ക്കിടയിലുള്ള ഐക്യം നിലനിര്‍ത്തുന്നതിനു വേണ്ടിയാണെന്ന് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനും പറഞ്ഞു. പൊതു മുതല്‍ നശിപ്പിക്കുന്നത് തടയേണ്ട സര്‍ക്കാര്‍ തന്നെ സഭയ്ക്കുള്ളിലെ വലിയ കൈയ്യാങ്കളിയും, നാശനഷ്ടങ്ങളും കണ്ടില്ലെന്ന് വെക്കുന്നത് ജനങ്ങളെ കളിയാക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷ അഭിഭാഷകന്‍ പറഞ്ഞു.

സഭയിലെ കൈയ്യാങ്കളിയുടെ നാശ നഷ്ടങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ അതിങ്ങനെയാണ് 20000 രൂപ വിലയുള്ള സ്പീക്കറുടെ ഒരു കസേര, 2185 രൂപ വിലയുള്ള എമര്‍ജന്‍സി ലാംപ്, 1,45,920 വിലയുള്ള മൈക്ക് യൂണിറ്റ്, 22000 രൂപ വിലയുള്ള സ്റ്റാന്‍ഡ് ബൈ മൈക്ക് 1, 200 രൂപ വിലയുള്ള 2 ഡിജിറ്റല്‍ ക്ലോക്ക്, 28000 രൂപ വിലയുള്ള 2 മോണിറ്റര്‍, 1788 രൂപ വിലയുള്ള 3 ഹെഡ് ഫോണ്‍ എന്നിങ്ങനെയാണ് അന്നത്തെ സംഭവത്തില്‍ നശിപ്പിക്കപ്പെട്ടത്.

കെ.എം മാണിയുടെ ബഡ്ജറ്റ് അവതരണത്തിനിടെയാണ് പ്രതിപക്ഷം മുറവിളി ഉയര്‍ത്തി തുടങ്ങിയത്. നടുത്തളത്തിലിറങ്ങി സ്പീക്കര്‍ക്ക് നേരെ ആക്രോശിച്ച ശിവന്‍കുട്ടിയോട് തിരികെ തല്‍സ്ഥാനത്തേക്ക് പോവാന്‍ സ്പീക്കര്‍ പറഞ്ഞെങ്കിലും അനുസരിച്ചില്ല. തുടര്‍ന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ
വേദി തല്ലിത്തകര്‍ത്തത്.

സംഭവത്തിലെ ഹൈലറ്റായിരുന്നു ശിവദാസന്‍ നായരെ ജമീല പ്രകാശം കടിച്ച രംഗം. മുണ്ട് മടക്കി കുത്തി മാണിക്കരികിലേക്ക് കുതിച്ച ശിവന്‍കുട്ടിയും മുന്‍നിരയില്‍ നിന്ന് ബഹളം വെച്ച കെ.കെ ലതികയും, ബിജിമോളുമൊക്കെ സഭയുടെ അന്തസ്സിന് കളങ്കമുണ്ടാക്കിയതായി വിവാദമുയര്‍ന്നിരുന്നു

Back to top button
error: