KeralaLead NewsNEWS

ആഘോഷം ആപത്താക്കരുത്, മാസ്‌ക് വെയ്ക്കാന്‍ മറക്കരുത്; ഒമിക്രോണ്‍ സാഹചര്യത്തില്‍ കരുതലോടെ ക്രിസ്തുമസ്, ന്യൂ ഇയര്‍

സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ ആഘോഷിക്കണമെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 10 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളായ യുകെ 12, ടാന്‍സാനിയ 3, ഖാന 1, അയര്‍ലാന്‍ഡ് 1, ലോ റിസ്‌ക് രാജ്യങ്ങളായ ദുബായ് 2, കോംഗോ 1, ട്യുണീഷ്യ 1, നൈജീരിയ 4, കെനിയ 1, അല്‍ബാനിയ 1 എന്നിവിടങ്ങളില്‍ നിന്നും എത്തിയതാണവര്‍. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എറണാകുളം 15, തിരുവനന്തപുരം 10, തൃശൂര്‍ 1, മലപ്പുറം 1, കോഴിക്കോട് 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ജില്ല തിരിച്ച് ഒമിക്രോണ്‍ കേസുകള്‍. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിക്ക് വിദേശത്ത് നിന്നും വരുന്നവര്‍ ഉള്‍പ്പെടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണം.

Signature-ad

വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് ഒമിക്രോണ്‍. അതിനാല്‍ തന്നെ ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കുക. പ്രായമായവര്‍, കുട്ടികള്‍, രോഗബാധിതര്‍ എന്നിവര്‍ ഏറെ ശ്രദ്ധിക്കണം. ഒമിക്രോണ്‍ പ്രതിരോധത്തില്‍ വളരെ പ്രധാനമാണ് മാസ്‌കുകളെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. അതിനാല്‍ തന്നെ പൊതുസ്ഥലങ്ങളിലോ പൊതു ചടങ്ങിലോ പങ്കെടുക്കുമ്പോള്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുക. ഒരു കാരണവശാലും മാസ്‌ക് മാറ്റി സംസാരിക്കയോ ഗ്രൂപ്പ് ഫോട്ടോയെടുക്കുകയോ ചെയ്യരുത്. ഭക്ഷണം കഴിക്കുമ്പോള്‍ അകലം പാലിച്ചിരുന്ന് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമായതിനാല്‍ മുറികളിലും ഹാളുകളിലും വായു സഞ്ചാരം ഉറപ്പാക്കണം. പൊതു സ്ഥലങ്ങളില്‍ ഒരാള്‍ക്ക് ഒമിക്രോണ്‍ വന്നാല്‍ വളരെപ്പെട്ടന്ന് മറ്റുള്ളവരിലേക്ക് വ്യാപിക്കും. ഇനിയും നമുക്ക് അടച്ച് പൂട്ടല്‍ സാധ്യമല്ല. ക്വാറന്റൈനിലുള്ളവരും സ്വയം നിരീക്ഷണത്തിലുള്ളവരും ആള്‍ക്കൂട്ടത്തിലോ പൊതു ചടങ്ങുകളിലോ പരിപാടികളിലോ പങ്കെടുക്കാന്‍ പാടില്ല. അവര്‍ നിരീക്ഷണ കാലയളവില്‍ വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങാതിരിക്കുന്നതായിരിക്കും നല്ലത്. ക്വാറന്റൈന്‍ കാലയളവില്‍ ആ വീട്ടില്‍ മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ഒത്തുകൂടലുകള്‍ ഒഴിവാക്കണം. വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ അടിയന്തരമായി വാക്‌സിന്‍ എടുക്കണമെന്നും മന്ത്രി പറഞ്ഞു.

Back to top button
error: